മേലെചൊവ്വയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നടപടി വേണം; കുരുക്കില്‍പെട്ട് നഗരകവാടം
കണ്ണൂര്‍: നഗരകവാടമായ മേലെചൊവ്വയുടെ ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാവുന്നു. ഇതുവരെയുള്ള പ്രവൃത്തികള്‍ കൊണ്ടൊന്നും കുരുക്ക് ഒഴിഞ്ഞിട്ടില്ല. ജങ്്ഷന് മോടികൂട്ടി മുഖം മിനുക്കിയതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.
നിരവധി പേര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന കിണര്‍ മൂടിയാണ് സ്ഥലസൗകര്യം വര്‍ധിപ്പിച്ചത്. എന്നാല്‍ കുടിവെള്ളം കിട്ടാനില്ല, കുരുക്കെഴിയുന്നുമില്ല എന്ന സ്ഥിതിയാണുള്ളത്. രാവിലെയും വൈകുന്നേരവും ഗതാഗതപ്രശ്നം രൂക്ഷമാണ്. ഏറെസമയം പിന്നിട്ടാണ് വാഹനങ്ങള്‍ ഇതുവഴി കടന്നുപോവുന്നത്. റോഡ് വീതികൂട്ടി പരിഷ്കരിക്കാനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. നാലു ദിശകളിലായാണ് ഇവിടെയുള്ള ഗതാഗതം.
മട്ടന്നൂര്‍ റോഡില്‍ കവലക്ക് സമീപം ബസുകള്‍ നിര്‍ത്തിയിടുന്നതും ഇവിടത്തെ ഗതാഗതപ്രശ്നം രുക്ഷമാക്കുന്നു. മുന്നോട്ട് മാറിയാണ് സ്റ്റോപ്പ് ക്രമീകരിച്ചെങ്കിലും പിന്നീട് പഴയപടിയായി. ബസുകള്‍ കൂടുതല്‍ സമയം ഇവിടെ നിര്‍ത്തിയിടുന്നതായും പരാതി ഉണ്ട്.
തലശ്ശേരി ഭാഗത്തേക്കുള്ള സ്റ്റോപ്പും കവലക്ക് സമീപത്തായുണ്ട്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ ഇവിടെയെത്തുന്നുണ്ടെങ്കിലും യാതൊരു സൗകര്യവും ഇവിടെയില്ല. ബസ് കാത്തിരിക്കാന്‍ കടകളുടെ വരാന്തകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. ഏച്ചൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് കവല ചുറ്റാതെ തലശ്ശേരി റോഡില്‍ പ്രവേശിക്കാന്‍ റോഡ് നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും നടപടിയായില്ല.
ഇതുവഴിയുള്ള വിമാനത്താവളത്തിലേക്കുള്ള നാലുവരിപാതയുടെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. മേലെചൊവ്വയുലെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."