നീറ്റ്: ഗള്‍ഫില്‍ പരീക്ഷാകേന്ദ്രം വേണമെന്നാവശ്യപ്പെട്ട് ഹരജി
ന്യൂഡല്‍ഹി: കൊവിഡ് കാരണം പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെത്താന്‍ കഴിയാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാകേന്ദ്രം ഒരുക്കുകയോ 26ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ നീട്ടിവയ്ക്കുകയോ വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ഖത്തറിലെ പ്രവാസിയായ അബ്ദുല്‍ അസീസാണ് അഭിഭാഷകരായ പല്ലവി പ്രതാപ്, ഹാരിസ് ബീരാന് എന്നിവര്‍ മുഖേന ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. 4,000 വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയെഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരീക്ഷക്കായി വിദ്യാര്‍ഥികള്‍ തയാറെടുത്തിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കാരണം അന്താരാഷ്ട്ര സര്‍വിസുകള്‍ നിര്‍ത്തിവച്ചതിനാല്‍ നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഹരജിയില്‍ പറയുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികള്‍ക്കായി വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും രോഗികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കും ആദ്യപരിഗണന നല്കുന്നതിനാല് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ടിക്കറ്റ് ലഭ്യമായിട്ടില്ല. ടിക്കറ്റ് ലഭിച്ച് നാട്ടിലെത്തിയാല്‍ തന്നെ 21 ദിവസം വരെ ക്വാറന്റൈനില്‍ കഴിയേണ്ടതിനാല്‍ പരീക്ഷയെഴുതാനാകില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ട് എംബസിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയാറെടുത്ത വിദ്യാര്‍ഥികള്‍ നിസഹായാവസ്ഥയിലാണുള്ളതെന്നും ഹരജി പറയുന്നു. നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കാനും ഹരജി ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."