ഫറോക്ക് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും
ഫറോക്ക്: വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നു മുടങ്ങിക്കിടന്നിരുന്ന ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
ജപ്പാന്‍ കുടിവെള്ള പദ്ധതയില്‍നിന്നു താല്‍കാലിക പ്ലാസ്റ്റിക് സംഭരണിയില്‍ വെള്ളം ശേഖരിച്ചാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് ചേരുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി സെന്റര്‍ തുടങ്ങുന്നതിന് തിയതി നിശ്ചയിക്കും.
രോഗികള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ ആശുപത്രിയില്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്.ഏഴുമാസം മുന്‍പ് ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ജൂണ്‍ ഒന്നിന് ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി തീരുമാനിച്ചിരുന്നു.
എന്നാല്‍ ജലലഭ്യത ഉറപ്പാക്കത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങുന്നത് നീണ്ടുപോവുകയായിരുന്നു. സംസ്ഥാനത്തെ 44 ജില്ല, താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഫറോക്ക് താലൂക്ക് ആശുപത്രിയിലും സര്‍ക്കാര്‍ സെന്റര്‍ അനുവദിച്ചത്.
ഏഴു മാസം മുന്‍പ് തന്നെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയാലിസിസ് യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. നേരത്തെ ഒ.പിയായി പ്രവര്‍ത്തിച്ച കെട്ടിടമാണ് കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ സെന്ററിനായി നവീകരിച്ചിരിക്കുന്നത്. ആറു യന്ത്രങ്ങളാണ് താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവ ഒരു ഷിഫ്റ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 20,000 ലിറ്റര്‍ വെള്ളം വേണം.
ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്നു താലൂക്ക് ആശുപത്രിയിലേക്ക് കണക്ഷന്‍ നേരത്തെ തന്നെ ശരിപ്പെടുത്തിയിരുന്നു. എന്നാല്‍ വിതരണ ശൃംഖലയിലെ തകരാര്‍ കാരണം വെള്ളമെത്തുന്നത് വൈകുകയായിരുന്നു. ഇതിനോടകം തന്നെ താല്‍ക്കാലിക ജലസംഭരണികളില്‍ വെള്ളം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ നഗരസഭ എട്ടു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഭൂഗര്‍ഭ സംഭരണിയുടെ പ്രവൃത്തി നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."