ഉദ്ഘാടനം കഴിഞ്ഞിട്ട് നാലുമാസം: ആഢ്യന്‍പാറ ഹൈഡല്‍ ടൂറിസം പദ്ധതി പൊതുജനങ്ങള്‍ക്ക് ഇപ്പോഴും അന്യം
നിലമ്പൂര്‍: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കെ.എസ്.ഇ.ബി യുടെ കേരള ഹൈഡല്‍ ടൂറിസം സെന്ററിനു കീഴില്‍ നടപ്പിലാക്കുന്ന ആഢ്യന്‍പാറ ഹൈഡല്‍ ടൂറിസം പദ്ധതി (ക്രീം കാസ്‌കേഡ്) ഉദ്ഘാടനം കഴിഞ്ഞു നാലുമാസം പിന്നിട്ടിട്ടും സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തില്ല. ദിവസേന ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികളാണു വൈദ്യുതി വകുപ്പിന്റെ പുതിയ ടൂറിസം പദ്ധതി കാണാനാവാതെ നിരാശരായി മടങ്ങുന്നത്.
മാര്‍ച്ച് മൂന്നിനാണ് വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്. വിനോദ സഞ്ചാരികള്‍ക്കുപ്രവേശനാനുമതി ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. ടിക്കറ്റ് കൗണ്ടറിന്റെയും വാച്ച് ടവറിന്റെയും നിര്‍മാണം ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല.
ആഢ്യന്‍ പാറയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വൈദ്യുതി ഉത്പാദന ഘട്ടങ്ങള്‍ നേരില്‍ കാണുന്നതിനവസരം ഒരുക്കുന്നതാണ് പദ്ധതി. 14 പേര്‍ക്ക് ഇരിക്കാവുന്നതരത്തില്‍ ഡിസൈന്‍ ചെയ്ത ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിലൂടെ സഞ്ചരിച്ചാണ് പദ്ധതി പ്രദേശം ചുറ്റിക്കാണാനാവുക. വിനോദ സഞ്ചാരികള്‍ക്കുള്ള വാഹനങ്ങളും വൈദ്യുതി വകുപ്പ് ഇതുവരെയും എത്തിച്ചിട്ടില്ല. വാഹനങ്ങള്‍ എത്താത്തതാണ് പദ്ധതി ആരംഭിക്കാന്‍ കഴിയാതിരിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വാദം. എന്നാല്‍ ഈ വാഹനങ്ങള്‍ എന്ന് എത്തുമെന്നതിന് അധികൃതര്‍ക്ക് വ്യക്തമായ മറുപടിയുമില്ല.ഇതിനായി റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പവര്‍ഹൗസ് പരിസരത്ത് നിന്ന് മായിന്‍പള്ളിയിലേക്കും സര്‍ജ് സ്ഥിതി ചെയ്യുന്നിടത്തേക്കും രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറുമീറ്റര്‍ വീതിയില്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനുള്ള റോഡൊരുക്കിയിട്ടുണ്ട്. മൂന്നു കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. നിലവില്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം മാത്രമാണ് പ്രദേശത്ത് സഞ്ചാരികള്‍ക്കു കാണാനുള്ളത്. ആഢ്യന്‍പാറ മിനി ജലവൈദ്യുതി പദ്ധതിയുടെ പവര്‍ഹൗസിലേക്ക് വെള്ളം തടഞ്ഞു നിര്‍ത്തി എത്തിക്കുന്ന കാഞ്ഞിരപ്പുഴയുടെ മുകള്‍ ഭാഗത്ത് മായിന്‍പള്ളിയിലേക്ക് പ്രത്യേകം ഡിസൈന്‍ ചെയ്ത വാഹനത്തിലാണ് സഞ്ചാരികളെ എത്തിക്കുക. പദ്ധതി പ്രാവര്‍ത്തികമായാല്‍ പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം സഞ്ചാരികള്‍ക്ക് നേരില്‍ കാണാന്‍ സാധിക്കും. തടയണ കെട്ടി വെള്ളം തുരങ്കത്തിലേക്ക് കടക്കുന്ന സ്ഥലം കാണിച്ചശേഷം സമീപത്തുള്ള വാച്ച് ടവറിലും സഞ്ചാരികളെ പ്രവേശിപ്പിക്കും. 15.5 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ചിട്ടുള്ള ടവറില്‍ കയറി പദ്ധതി മൊത്തത്തില്‍ വീക്ഷിക്കാന്‍ സാധിക്കും. പദ്ധതിയിലെ തടയണയും റിസര്‍വോയറും വാഹനത്തില്‍ എത്തി നേരില്‍ കാണാം. തുടര്‍ന്ന് ടണലും പെന്‍സ്റ്റോക്ക് പൈപ്പും വൈദ്യുതി ഉത്പാദന പ്രക്രിയയും നേരില്‍ കാണാവുന്ന തരത്തില്‍ ഗ്ലാസ് മറയുള്ള പ്ലാറ്റ്‌ഫോമിലും സഞ്ചാരികളെ പ്രവേശിപ്പിക്കും. തുടര്‍ന്ന് തുരങ്കം അവസാനിച്ച് പെന്‍സ്‌റ്റോക്ക് പൈപ്പ് തുടങ്ങുന്ന ഭൂഗര്‍ഭ ജലസംഭരണിക്ക് സമീപമെത്തിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു വൈദ്യുതി പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്‍പില്‍ തുറന്നുകൊടുക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതിയിട്ടത്. പദ്ധതി സംബന്ധിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സഞ്ചാരികള്‍ക്ക് നേരില്‍ കാണാം. വൈദ്യുതി ഉല്‍പ്പാദനത്തോടൊപ്പം ടൂറിസത്തിലൂടെയും ബോര്‍ഡിന് ആഢ്യന്‍പാറയില്‍ നിന്നു വരുമാനമുണ്ടാക്കാന്‍ പുതിയ പദ്ധതിക്കു സാധിക്കും. നാഷണല്‍ ഗെയിംസ് വില്ലേജില്‍ ഉപയോഗിച്ച 120000 ടൈല്‍ പുനരുപയോഗം ചെയ്താണ് ചെറുവാഹനത്തിന് യാത്രക്കുള്ള റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഉദ്ഘാടനം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങാത്തതു മൂലം വിനോദ സഞ്ചാരികളില്‍ ഫീസിനത്തില്‍ ലഭിക്കേണ്ട ലക്ഷങ്ങളും വൈദ്യുതി വകുപ്പിന് നഷ്ടമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."