യു.എസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയെ ട്രംപ് പുറത്താക്കി
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ ഇന്ത്യന്‍-അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയെ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ പുറത്താക്കി. ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റത്തിന്റെ ഭാഗമായിട്ടാണ് മാറ്റം. ഡെപ്യൂട്ടി അഡ്മിറല്‍ സില്‍വിയ ട്രെന്റ് ആദംസിനെ പകരം ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഈ പദവിയിലെത്തുന്ന രാജ്യത്തെ ആദ്യത്തെ നഴ്‌സാണ് സില്‍വിയ.
യു.എസ് പൊതുജനാരോഗ്യ സര്‍വിസ് കമ്മിഷന്റെ തലവനും കൂടിയായിരുന്നു വിവേക് മൂര്‍ത്തി. നേരത്തെ തന്നെ അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. സര്‍ജന്‍ ജനറല്‍ പദവിയില്‍ നിന്ന് നീക്കിയെങ്കിലും അദ്ദേഹം പൊതുജനാരോഗ്യ സര്‍വിസ് കമ്മിഷന്‍ അംഗമായി തുടരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 2014 ഡിസംബറിലാണ് സര്‍ജന്‍ ജനറലായി വിവേക് നിയമിതനായത്. തോക്ക് ലോബിക്കെതിരേ കര്‍ശന നിലപാടെടുത്ത വ്യക്തിയായിരുന്നു വിവേക്.
ആരോഗ്യ-മാനവിക വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പുറത്താക്കലില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തിയുടെ മാതാപിതാക്കള്‍ 40 വര്‍ഷം മുന്‍പ് കര്‍ണാടകത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. അമേരിക്കയുടെ 19ാമത് സര്‍ജന്‍ ജനറലും ഈ പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയുമായിരുന്നു അദ്ദേഹം.
നിലവില്‍ ബോസ്റ്റണിലെ ബ്രിഗ്ഹാം ആശുപത്രിയിലെ ഫിസിഷ്യനാണ് വിവേക്. അമേരിക്കയെ സേവിക്കാന്‍ ലഭിച്ച അവസരം ഒരു ജന്‍മം മുഴുവനുമുള്ള ആദരവായി കാണുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."