ഇ-പോസ് മെഷിനില്‍ വിരല്‍ പതിയുന്നില്ല റേഷന്‍ മുടങ്ങി
ചെറുപുഴ: റേഷന്‍ കടകളില്‍ സ്ഥാപിച്ച ഇ-പോസ് മെഷിനില്‍ വിരല്‍ പതിയാത്തതു കാരണം റേഷന്‍ കിട്ടാതെ ഉപഭോക്താക്കള്‍ അങ്കലാപ്പില്‍. പുതിയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമാണു സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷിനുകള്‍ സ്ഥാപിച്ചത്. പ്രായം ചെന്നവരുടെയും കൂലിവേല ചെയ്ത് കൈക്ക് തഴമ്പ് വന്നവരുടെയും വിരല്‍ പാടുകളാണു മെഷിനില്‍ പതിയാത്തത്. വിരല്‍ പതിഞ്ഞില്ലെങ്കില്‍ റേഷന്‍ ഉത്പന്നങ്ങള്‍ ലഭിക്കുകയുമില്ല. ഇതുമായി ബന്ധപ്പെട്ട് മിക്ക ദിവസങ്ങളിലും മലയോര മേഖലയിലെ റേഷന്‍ കടകളില്‍ വാക്കേറ്റം പതിവാണ്. ഇതുകാരണം റേഷന്‍ ലഭിക്കാത്തവരും ധാരാളമുണ്ട്. എന്നാല്‍ ഇവയൊക്കെ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. പെരുവിരല്‍ വച്ചാല്‍ മെഷിന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ 30 സെക്കന്റിനകം മറ്റു രണ്ടു വിരലുകള്‍ മാറ്റിമാറ്റി വച്ചാല്‍ ഇവരുടെ ഫോണിലേക്ക് ഒ.ടി.പി നമ്പര്‍ എസ്.എം.എസായി ലഭിക്കും. ഇതു രേഖപ്പെടുത്തിയാല്‍ മെഷിന്‍ പ്രവര്‍ത്തിക്കുന്നതോടെ ഗുണഭോക്താവിനു റേഷന്‍ ലഭിക്കും. അതുപോലെ ഫോണ്‍ ഇല്ലാത്ത ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ മെഷിനില്‍ നല്‍കിയാലും ഫോണ്‍ നമ്പര്‍ ചോദിക്കും. ആ സമയം അടുത്തുള്ളവരുടെയോ റേഷന്‍ വാങ്ങാന്‍ വരുന്നവരുടെയോ ഫോണ്‍നമ്പര്‍ നല്‍കിയാല്‍ ആ ഫോണിലും ഒ.ടി.പി നമ്പര്‍ ലഭിക്കും. അതു രേഖപ്പെടുത്തിയാലും മെഷിന്‍ തുറന്നുകിട്ടും. വിരല്‍ വച്ചാല്‍ മെഷിന്‍ പ്രവര്‍ത്തിക്കാത്ത റേഷന്‍ കടകളില്‍ റേഷന്‍ കടകളുടെ പാസ്‌വേഡ് നല്‍കിയാല്‍ തുറക്കാമത്രേ. ഈ സംഭവങ്ങളൊന്നും വ്യക്തമായി മനസിലാവാത്തതിനാലാണു പ്രശ്‌നമുണ്ടാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."