കാസര്‍കോടിനോടുള്ള റെയില്‍വേ അവഗണന ഇരട്ടത്താപ്പ്
കാസര്‍കോട്: തമിഴ്നാട്ടിലേക്കു നിരവധി തീവണ്ടികള്‍ അനുവദിച്ചുകൊണ്ടിരിക്കുമ്പോള് കാസര്‍കോടിനോടുള്ള റെയില്‍വേയുടെ അവഗണന ഇരട്ടത്താപ്പാണെന്ന് കാസര്‍കോട് റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷന് ആരോപിച്ചു. വര്‍ഷങ്ങളായുള്ള മലബാറിലെ യാത്രക്കാരുടെ ആവശ്യം കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല.
എറണാകുളത്തുനിന്ന് കണ്ണൂരിലേക്കുള്ള ഇന്റര്‍സിറ്റിയും ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടിവ് എക്സ്പ്രസും കാസര്‍കോട്ടേക്കു നീട്ടണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്. എന്നാല്‍ പുനലൂരില്‍നിന്നു പാലക്കാട്ടേക്കുള്ള പാലരുവി എക്സ്പ്രസ് തിരുനെല്വേലിയിലേക്കു കഴിഞ്ഞ ദിവസം നീട്ടിയപ്പോള്‍ മലബാറിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ഭാരവാഹികളായ ആര്. പ്രശാന്ത് കുമാറും ഡോ. അബ്ദുല്‍ ഹമീദും പറഞ്ഞു.
കോയമ്പത്തൂരില്‍ 10മണിക്കൂര്‍ വെറുതെ കിടക്കുന്ന ബ്ലൂമൗണ്ട് എക്സ്പ്രസ്, കോവൈ എക്സ്പ്രസ്, ചേരന് എക്സ്പ്രസ് എന്നിവ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ വരെ നീട്ടാന്‍ സാധിക്കും. പക്ഷെ അത് നടപ്പിലാവുന്നില്ല. പരശുരാം എക്സ്പ്രസും ഏറനാട് എക്സ്പ്രസും നാഗര്‍കോവിലേക്ക് നീട്ടിയിരുന്നു.
വര്‍ഷങ്ങളായി ആവശ്യപ്പെട്ട പാലക്കാട് ഡിവിഷന് പാസാക്കിയ മംഗളുരു-തിരുവനന്തപുരം ഡെയ്ലി, മംഗളുരു-രാമേശ്വരം, മംഗളുരു-ഹൈദരാബാദ്, മംഗളുരു-ബംഗളൂരു എന്നിവ യാഥാര്‍ഥ്യമാക്കണമെന്നും റെയില്‍വേ ഉപദേശക സമിതിയംഗമായ ആര്. പ്രശാന്ത് കുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."