വിദ്വേഷരാഷ്ട്രീയത്തിനെതിരേ വോട്ട്‌ചെയ്യാന്‍ 150 ശാസ്ത്രജ്ഞരുടെ അഭ്യര്‍ത്ഥന
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദ്വേഷരാഷ്ട്രീയത്തിനെതിരേ വോട്ട്‌ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് 150 ശാസ്ത്രജ്ഞരുടെ സംയുക്ത പ്രസ്താവന. ആള്‍ക്കൂട്ടകൊലപാതകത്തിന് പ്രേരണയാവുന്നതും ജനങ്ങളെ ആക്രമിക്കുന്നതുമായ രാഷ്ട്രീയത്തെ നിരസിക്കണമെന്നും അസമത്വത്തിനും വിവേചനത്തിനും ഭീഷണിപ്പെടുത്തലിനും എതിരേ വോട്ട്‌ചെയ്യണമെന്നും ശാസ്ത്രജ്ഞര്‍ ആഹ്വാനംചെയ്തു.
ഇന്ത്യന്‍ കള്‍ച്ചറല്‍ഫോറം എന്ന വെബ്‌സൈറ്റിലൂടെയാണ് ശാസ്ത്രജ്ഞര്‍ പ്രസ്താവന പുറപ്പെടുവിച്ചത്. നേരത്തെ രാജ്യത്തെ നൂറിലേറെ ചലച്ചിത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും വിദ്വേഷരാഷ്ട്രീയത്തിനെതിരേ വോട്ട്‌ചെയ്യാന്‍ ഇതേ വെബ്‌സൈറ്റ് മുഖേന രാജ്യത്തെ പൗരന്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട പ്രസ്താവനയുടെ സംക്ഷിപ്തരൂപം:
വളരെ നിര്‍ണായകമായൊരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ വരുന്നത്. രാഷ്ട്രത്തിന്റെ ഭരണഘടന നമുക്ക് തുല്യാവകാശവും വിശ്വാസ സ്വാതന്ത്ര്യവും അനുവദിച്ചുതരുന്നുണ്ട്. അതിനാല്‍ ഭാഷാ, സംസ്‌കാര, സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും യാതൊരുവിവേചനവും കൂടാതെ നമുക്ക് അനുഭവിക്കാന്‍ അവകാശമുണ്ട്.
ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വെറുപ്പിന്റെ രാഷ്ട്രീയപ്രചാരകരെ നമുക്ക് അകറ്റിനിര്‍ത്തേണ്ടതുണ്ട്. മതം, ജാതി, ലിംഗം, ഭാഷ തുടങ്ങിയവയുടെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നവരെയും മാറ്റിനിര്‍ത്തണം. സ്ത്രീകള്‍, ദലിത് വിഭാഗങ്ങള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി സമൂഹത്തിലെ ചില വിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന രാഷട്രീയത്തെ യാതൊരുകാരണവശാലും പ്രോത്സാഹിപ്പിച്ചുകൂടാ- പ്രസ്താവന ആവശ്യപ്പെട്ടു.
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനെയിലെ ഐസര്‍ എന്നീ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള ഗവേഷകരും അധ്യാപകരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
രാജ്യത്തെ ശാസ്ത്രകാരന്‍മാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരം അസംതൃപ്തികളെ ക്രിയാത്മകമായി പ്രകടിപ്പിക്കുകയാണ് ഈ പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നതെന്നും പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷനിലെ അധ്യാപകന്‍ പ്രൊഫ. സത്യജിത് രഥ് പറഞ്ഞു.
എ. മണി, മധന്‍ റാവു, സുമീത് അഘര്‍വാള്‍, മധുലിക ശ്രീവാസ്തവ, സുനിലന്‍ ബാനര്‍ജി, അഭിജിത് മജൂംദാര്‍, മനീഷാ ഗുപ്ത, സ്വപന്‍ ചക്രവര്‍ത്തി, തപന്‍ സഹ, ആകാഷ് ഗൗതം, മെഴ്‌സി ജെ. രാമന്‍, വി.എസ് സുന്ദര്‍, മൃണാള്‍ കെ. ഘോഷ്, മുണ്ടൂര്‍ വി.എന്‍ മൂര്‍ത്തി, എസ്.ജി ധാനി, നിഷാ ബിശ്വാസ്, അന്നാ ജോര്‍ജ്ജ്, പല്ലവി വിഭൂതി, ഡി.പി കസ്‌ബേകര്‍, ആഷാ ഗോപിനാഥ്, അതിന്ദ്ര എന്‍. പാല്‍, പ്രിയാ ഹാസന്‍, പ്രണയ് ഗോയല്‍, പ്രസാദ് സുബ്രഹ്മണ്യം, രശ്മി ലക്ഷ്മി, രഘുനാഥ് ചെലക്കോട്ട്, ജയന്ത് മൂര്‍ത്തി, എം.സി അരുണന്‍, രാംകുമാര്‍ സാംബശിവന്‍, രമ്യ ടി.എന്‍.സി, മനോജ് പൂര്‍വങ്കറ, രോഹിണി കറാന്തികര്‍, സമന്‍ ഹബീബ്, ഇമ്രോസ് ഖാന്‍, ഗൗതം മേനോന്‍, ഖാസി റജീബുല്‍ ഇസ്‌ലാം, ജെ.ജി കൃഷ്ണയ്യ, ജോബി ജോസഫ് തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."