HOME
DETAILS
MAL
ചൈനീസ് കണ്ടെയ്‌നറുകള്‍ക്ക് വിലക്കില്ല; 100 ശതമാനം പരിശോധന മാത്രമെന്ന് അധികൃതര്‍
backup
July 05 2020 | 02:07 AM
കൊച്ചി: ചൈനയില്‍ നിന്ന് കൊച്ചി തുറമുഖം വഴി രാജ്യത്തെത്തുന്ന കണ്ടെയ്‌നറുകള്‍ക്കും ഉത്പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കൊച്ചി തുറമുഖം അധികൃതര്‍. കൊച്ചി തുറമുഖത്ത് എത്തുന്ന കണ്ടെയ്‌നറുകളില്‍ റാന്‍ഡം ചെക്കിങ് ആണ് നടത്താറ് പതിവ്.
ഇങ്ങനെ തെരഞ്ഞെടുത്തവ മാത്രം പരിശോധിക്കുന്നതിനുപകരം കണ്ടെയ്‌നറുകള്‍ പൂര്‍ണമായും പരിശോധിച്ചുമാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര നിര്‍ദേശം ലഭിച്ചിരുന്നു. ഇതു പാലിക്കുന്നതിനാല്‍ സാധാരണയിലേറെ സമയം എടുത്തു മാത്രമേ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുള്ളൂ. ഇതുകാരണമാണ് കണ്ടെയ്‌നറുകള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നും അധികൃതര്‍ അറിയിച്ചു.
ചൈനയില്‍ നിന്നുള്ള 300 കണ്ടെയ്‌നറുകളിലായി 2500 ടണ്‍ ഉത്പന്നങ്ങള്‍ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനുള്ള വിശദീകരണമാണ് തുറമുഖം അധികൃതര്‍ നല്‍കിയത്.
ചൈനീസ് ഉത്പന്നങ്ങളുമായി വരുന്ന കപ്പലുകളിലെ കണ്ടെയ്‌നറുകള്‍ ഇറക്കാനനുവദിക്കരുതെന്ന തരത്തില്‍ യാതൊരു നിര്‍ദേശവും തുറമുഖ മന്ത്രാലയത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ പരിപൂര്‍ണ പരിശോധന നടത്തണമെന്ന നിര്‍ദേശം ലഭിച്ചിരുന്നു. അപ്രകാരം പരിശോധന നടത്തുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക താമസം മാത്രമാണ് ഇപ്പോള്‍ നേരിടുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. പൂര്‍ണ പരിശോധന നടത്തണമെന്നതുപോലും വാക്കാല്‍ ലഭിച്ച നിര്‍ദേശമാണ്.
കംപ്യൂട്ടറുകള്‍, ടിവി, ഫ്രിഡ്ജ്, ഫര്‍ണിച്ചര്‍, ടൈല്‍സ്, പ്ലൈവുഡ്, വാഹനങ്ങളുടെയും മറ്റും സ്‌പെയര്‍പാര്‍ട്ടുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങളാണ് ചൈനയില്‍ നിന്നുള്ള കണ്ടെയ്‌നറുകളിലുള്ളത്. ഇവ തടയുന്നത് നേരത്തെതന്നെ ഇറക്കുമതി കരാറുണ്ടാക്കിയിരുന്ന വ്യവസായികളെ പ്രതികൂലമായി ബാധിക്കുമെന്നും കൊച്ചിയില്‍ നിന്ന് ചൈനയിലേക്കുള്ള കയര്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെ ബാധിക്കുമെന്നും തുറമുഖം അധികൃതര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."