അടുത്തുചെന്നാല്‍ മതി, 'ടി - ബോട്ട് ' പറയും ശരീരോഷ്മാവ്
കൊച്ചി: കൊവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു സഹായ ഹസ്തവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. സമ്പര്‍ക്ക ഭീതിയില്ലാതെ ഒരാളുടെ ശരീരോഷ്മാവ് അളക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യാനുള്ള ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
'ടി - ബോട്ട് ' എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ഉപകരണത്തിന്റെ മുന്നില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറിന് 10 സെന്റീമീറ്റര്‍ അടുത്ത് നെറ്റി കാണിച്ചാല്‍ ശരീരോഷ്മാവ് ഡിസ്പ്ലേയില്‍ കാണാനാവും.
38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ് ശരീരോഷ്മാവെങ്കില്‍ ഉപകരണം നിര്‍ത്താതെ ബീപ് ശബ്ദം പുറപ്പെടുവിക്കും. അതുപോലെ, ഉപകരണത്തിന് 15 സെന്റീമീറ്റര്‍ താഴെ കൈ കാണിച്ചാല്‍ സാനിറ്റൈസ് ചെയ്യാനുള്ള അണുനാശിനി കൈയില്‍ ലഭിക്കും.
കൊച്ചി പാലാരിവട്ടത്തുള്ള എന്‍.ഡി.റ്റി ട്രെയിനിങ് ആന്‍ഡ് ഇന്സ്പെക്ഷന് സെന്ററിലെ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് മനീഷ് ഗോപി, ഇലക്ട്രിക് എന്‍ജിനീയര്‍ നീതുചന്ദ്രന്‍ എന്നിവരും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്.
ജനങ്ങള്‍ കൂടുതല്‍ വന്നുപോകുന്ന ഓഫിസുകള്‍, ബാങ്കുകള്‍, വിമാനത്താവളം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍ എന്നിവിടങ്ങളില്‍ ഉപകരണം സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."