കെവിന് വധം: മുഖ്യപ്രതിയുടെ ശബ്ദസാമ്പിള്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം
ഏറ്റുമാനൂര്‍: കെവിന് വധക്കേസിലെ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ചാക്കോ(26)യുടെ ശബ്ദസാമ്പിള്‍ എടുക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിക്കുന്നത് ഏറ്റുമാനൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ 11ലേക്ക് മാറ്റി. പ്രതി പൊലിസുകാരുമായി ഫോണില്‍ സംസാരിച്ചത് കേസിലെ പ്രധാന തെളിവായിട്ടാണ് അന്വേഷണസംഘം പരിഗണിക്കുന്നത്. ഇതിന്റെ ശാസ്ത്രീയമായ ആധികാരികത തെളിയിക്കുന്നതിനാണ് സാനു ചാക്കോയുടെ ശബ്ദസാമ്പിള്‍ ശേഖരിക്കുന്നതിന് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലെ മുന്‍ എ.എസ്.ഐ ബിജു, കെവിന്റെ ബന്ധു അനീഷ് എന്നിവരുമായി സാനു ചാക്കോ ഫോണിലൂടെ സംസാരിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സാനുവിന്റെ സഹോദരിയും കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുമായ നീനുവിനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് 11ന് ഹാജരാക്കാന്‍ തിരുവനന്തപുരത്തെ ഡോ.ബൃന്ദയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഭാഗത്തിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണിത്. നീനുവിന്റെ പിതാവും അഞ്ചാംപ്രതിയുമായ ചാക്കോ ജോണ്‍ (59) ഉള്‍പ്പെടെ കേസിലെ 14 പ്രതികളും റിമാന്‍ഡിലാണ്. ചാക്കോ ജോണ്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."