നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികള്‍ പിടിയില്‍
തൊടുപുഴ: പ്രളയത്തില്‍ നശിച്ച ഇരുചക്ര വാഹനങ്ങള്‍ കുറഞ്ഞ വിലക്ക് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. കോടിക്കുളം പാറത്തട്ട പ്ലാശ്ശേരിയില്‍ കണ്ണന്‍ പുഷ്‌കരന്‍ (30), സഹായി കോടിക്കുളം വെള്ളംചിറ, കാഞ്ഞിരത്തിങ്കല്‍ ബിജു ജോസ് (44) എന്നിവരെയാണ് കാളിയാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
വ്യാജ രസീത് നല്‍കി പണം തട്ടിയതിന് കണ്ണനെതിരേ മറ്റൊരു കേസുമെടുത്തു. കാളിയാര്‍ പൊലിസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ സജിന്‍ ലൂയിസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.
പ്രളയത്തില്‍ വെള്ളം കയറിയ ഇരുചക്ര വാഹനങ്ങള്‍ 55,000 രൂപ നിരക്കില്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നുമായി പണം ശേഖരിക്കുകയും വിശ്വാസം ജനിപ്പിക്കുന്നതിനായി പത്തോളം വാഹനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. പിന്നീട് കൂടുതല്‍ ആളുകളില്‍ നിന്നായി 30 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. ഇതിനായി ആവശ്യക്കാരെ കണ്ടുപിടിച്ച് പണം ശേഖരിക്കലായിരുന്നു ബിജുവിന്റെ ചുമതല.
കണ്ണന്‍ പുഷ്‌കരന്‍ ഹിന്ദുജ ലെയ്‌ലന്റ് ഫിനാന്‍സ് കമ്പനിയുടെ കളക്ഷന്‍ എക്‌സിക്യുട്ടീവ് ആയി ജോലി നോക്കിയ അവസരത്തില്‍ കമ്പനിയിലേക്ക് സി.സി തവണ അടക്കുന്ന ആളുകളില്‍ നിന്ന് വ്യാജ രസീത് നല്‍കി പണം സ്വീകരിച്ച് എട്ട് ലക്ഷത്തോളം രൂപ നേരത്തെ തട്ടിയെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ, വാഴക്കുളം, പോത്താനിക്കാട്, കോതമംഗലം, കാളിയാര്‍, കരിമണ്ണൂര്‍, തൊടുപുഴ, വണ്ണപ്പുറം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. സംഭവത്തില്‍ കരിമണ്ണൂര്‍ പൊലിസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ പിടിയിലായതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായെത്തുന്നത്.
സ്വര്‍ണ്ണക്കട വ്യാപാരിയെ കബളിപ്പിച്ചും കണ്ണന്‍ പണം കൈക്കലാക്കിയതായി പരാതിയുണ്ട്. സി.ഐ സജിന്‍ ലൂയിസ്, എസ്.ഐ ഷാജി പി.എസ്, ഉദ്യോഗസ്ഥരായ വിജേഷ്, ജയന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണന്‍ പുഷ്‌കരന്റെ കൂടുതല്‍ തട്ടിപ്പിനെകുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."