ഹൃദയാഘാതം: ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാക്കനാട്: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും യു.ഡി.എഫ് കണ്‍വീനറുമായ ബെന്നി ബെഹനാന്‍ ആശുപത്രിയില്‍. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ളവ നടത്തി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൃത്യസമയത്തുതന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതും ഉടന്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞതും ഫലപ്രദമായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രചാരണ പരിപാടികള്‍ കഴിഞ്ഞ് രാത്രി 12 ഓടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. ഇന്നലെ വെളുപ്പിന് മൂന്നോടെ കൈയ്ക്ക് വേദനയാണ് ആദ്യം ആരംഭിച്ചത്. തുടര്‍ന്ന് ഇത് നെഞ്ചിലേക്ക് വ്യാപിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു.
ഹൃദ്രോഗ വിദഗ്ദരായ ഡോ.ബാലകൃഷ്ണന്‍, ഡോ.ബ്ലെസ്സന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ ഹൃദയധമനികളിലെ രക്തയോട്ടം പൂര്‍വ സ്ഥിതിയിലാക്കി.
അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന ബെഹനാന് 48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫിന്റെ പര്യടന പരിപാടികള്‍ മുഴുവന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബെന്നി ബെഹനാന് വിശ്രമം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് ബെന്നിയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."