രാഹുലിന്റെ നിലപാട് മാതൃകയാക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: തനിക്കെതിരേ സി.പി.എം നടത്തിയ വ്യക്തിഹത്യയ്ക്കും ആക്ഷേപത്തിനും മറുപടി പറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് മാതൃകാപരമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സി.പി.എമ്മിനെതിരേ ഒന്നും പറയില്ലെന്ന രാഹുലിന്റെ വാക്ക് ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്നും കേസരിയില്‍ നടന്ന പരിപാടിയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബി.ജെ.പിക്കെതിരായി തന്നെയാണ് രാഹുല്‍ മത്സരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലാണ് സി.പി.എം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും സി.പി.എമ്മിനെതിരേ ഒന്നും പറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് മാതൃകാപരമാണ്. കോണ്‍ഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും സംസ്‌കാരമാണ് ഇതു തെളിയിക്കുന്നത്.
സി.പി.എമ്മിന്റെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയ സംവാദങ്ങള്‍ക്കു മറുപടി നല്‍കും. ആര്‍ക്കെതിരേയും വ്യക്തിപരമായ ആക്ഷേപത്തിന് കോണ്‍ഗ്രസ് തയാറാകില്ല. രാഹുലിനെതിരേ ബി.ജെ.പി ഉപയോഗിച്ച അതേ വാചകം കടമെടുത്ത് സി.പി.എം നടത്തിയ പരാമര്‍ശത്തിനു പോലും രാഹുല്‍ മറുപടി നല്‍കാത്തത് ഇതിന്റെ ഉദാഹരണമാണ്.
അഞ്ചു വര്‍ഷം മുന്‍പ് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെതിരേ ഉന്നയിച്ച തെറ്റായ പരാമര്‍ശമാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ മനസില്‍ ഇരിക്കുന്നത്. പ്രേമചന്ദ്രന്റെ ജനകീയതയെ ഇടതുപക്ഷം ഭയക്കുന്നു. പ്രേമചന്ദ്രനെതിരേ ഇടതുപക്ഷം നടത്തുന്ന പരാമര്‍ശം തന്നെയാണ് പ്രേമചന്ദ്രനു കൂടുതല്‍ തുണയാകുന്നത്. ആലത്തൂരില്‍ രമ്യാ ഹരിദാസിനെതിരേ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ അധിക്ഷേപവും ജനങ്ങള്‍ വിലയിരുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."