വികസന വിഷയങ്ങള്‍ ചിത്രത്തിലില്ല; വയനാട് പറയുന്നത് ദേശീയ രാഷ്ട്രീയം
കല്‍പ്പറ്റ: വയനാടിന്റെ മുക്കിലും മൂലയിലും ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ദേശീയ രാഷ്ട്രീയം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയതോടെയാണ് സ്വപ്നങ്ങള്‍ മറന്ന് വയനാട് ദേശീയ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നത്.
ഇതോടെ വയനാടിന്റെ ചിരകാല സ്വപ്നങ്ങളായ റെയില്‍വേ, ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍, മെഡിക്കല്‍ കോളജ്, കാര്‍ഷിക പാക്കേജ്, രാത്രിയാത്രാ നിരോധനം, ചുരം ബദല്‍ പാതകള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ തീരെ കേള്‍ക്കാതായി. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ മണ്ഡലത്തിലെ പ്രതിനിധിയുടെ പോരായ്മകളും വീഴ്ചകളും നേരത്തെ ചര്‍ച്ചയായിരുന്നെങ്കിലും സ്ഥാനാര്‍ഥി ദേശീയ നേതാവായതോടെ അതും കേള്‍ക്കാതായി. പകരം ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി മണ്ഡലത്തിലെത്തുന്നതും പ്രവചനങ്ങളും ചര്‍ച്ചകളുമാണ് മക്കാനികളില്‍ വരെ നടക്കുന്നത്.
വികസന, അവികസന ചര്‍ച്ചകള്‍ പേരിലൊതുക്കിയ ഇടതുമുന്നണി ഇപ്പോള്‍ രാഹുലിന്റെ വരവ്' ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയ പോറലുകളാണ് പ്രധാന വിഷയമാക്കുന്നത്. മണ്ഡലകാര്യം ഒഴിവാക്കി അമേത്തിയെയും സ്മൃതി ഇറാനിയെയും മോദിയെയുമൊക്കെക്കുറിച്ചാണ് ബി.ജെ.പി പറയുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒന്നാംഘട്ടത്തില്‍ മുന്‍ എം.പിയുടെ വീഴ്ചകളും വികസന വിഷയങ്ങളും ഉള്‍പെടുത്തിയിരുന്നെങ്കിലും രാഹുലിന്റെ വരവോടെ രണ്ടാം ഘട്ടമായപ്പോള്‍ പ്രചാരണ വിഷയങ്ങളും മാറ്റി. പ്രചാരണത്തിനെത്തിയ ഇടതുമുന്നണി നേതാക്കളും ദേശീയ രാഷ്ട്രീയം മാത്രമാണ് സംസാരിച്ചത്. ദിനേന ദേശീയതലത്തിലും സംസ്ഥാനതലത്തിലും വയനാട് ലോക്‌സഭാ മണ്ഡലം പരാമര്‍ശിക്കപ്പെടുന്നത് കൗതുകത്തോടെ കാണുന്ന വോട്ടര്‍മാരും ജില്ലയിലുണ്ട്.
ദേശീയ രാഷ്ട്രീയം തന്നെ പറയുന്ന യു.ഡി.എഫ് യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മണ്ഡലത്തിനുണ്ടാകുന്ന നേട്ടങ്ങളാണ് പ്രചാരണ രംഗത്ത് നിരത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."