ബ്രക്സിറ്റ്: ജൂണ്‍ 30 വരെ വൈകിപ്പിക്കണമെന്ന് ഇ.യുവിനോട് യു.കെ
ലണ്ടന്‍: ബ്രക്സിറ്റിലെ പിന്‍വാങ്ങല്‍ ജൂണ്‍ 30 വരെ നീട്ടണമെന്ന് യു.കെ പ്രധാനമന്ത്രി തെരേസാ മേ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടു. കരാറില്ലാതെ ഇ.യുവില്‍ നിന്ന് ഏപ്രില്‍ 12ന് യു.കെ പിന്‍വാങ്ങേണ്ടതുണ്ട്.
പ്രധാനമന്ത്രി അവതരിപ്പിക്കുന്ന ബ്രക്സിറ്റ് കരാറിനെ പാര്‍ലമെന്റ് അംഗങ്ങള്‍ പിന്തുണക്കുകയാണെങ്കില്‍ മെയ് 23ന് പിന്‍വാങ്ങണമെന്നാണ് ഇ.യു പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ തിയതിയില്‍ മാറ്റംവരുത്തണമെന്ന് തെരേസാ മേ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്കിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. കരാറില്ലാതെ പിന്‍വാങ്ങലില്‍ എത്തുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തയാറാവേണ്ടതുണ്ടെന്നും അതിനാല്‍ തിയതി നീട്ടണമെന്നും കത്തില്‍ തെരേസാ മേ ആവശ്യപ്പെട്ടു.
എന്നാല്‍ തിയതി നീട്ടുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഇ.യു അംഗങ്ങളാണ്. ഏപ്രില്‍ പത്തിന് നടക്കുന്ന ഇ.യു ഉച്ചകോടിയില്‍ തിയതി വൈകിപ്പിക്കല്‍ ചര്‍ച്ച ചെയ്യും. കരാറിനെ യു.കെ പാര്‍ലമെന്റ് അംഗീകരിക്കുകയാണെങ്കില്‍ 12 മാസം നീട്ടിക്കൊടുക്കാനുള്ള പദ്ധതി ഡൊണാള്‍ഡ് ടസ്ക് മുന്നോട്ടുവയ്ക്കുമെന്ന് ഇ.യു വൃത്തങ്ങള്‍ അറിയിച്ചു.
ബ്രക്സിറ്റ് തിയതി വൈകിപ്പിക്കുന്നതിനെ അനുകൂലിച്ച് യു.കെ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയിരുന്നു. പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുതിയ ബ്രക്സിറ്റ് തിയതിക്കായുള്ള ബില്‍ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."