HOME
DETAILS
MAL
സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്നു കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ പരിശോധന
backup
July 07 2020 | 02:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട്, കാസര്‍കോട്, കൊല്ലം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് പരിശോധനകള്‍ കൂട്ടുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലും മറ്റു ജില്ലകളിലേക്കാള്‍ പരിശോധന ഇരട്ടിയാക്കും. മത്സ്യവ്യാപാരികള്‍, ലോട്ടറിക്കച്ചവടക്കാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, പൊലിസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ പൂര്‍ണമായും പരിശോധിക്കും. പനി, കുളിര്, ചുമ, ശ്വാസംമുട്ടല്‍, തളര്‍ച്ച, പേശികള്‍ക്കും ശരീരത്തിനും വേദന, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ക്കും സാമൂഹ്യസമ്പര്‍ക്കം കൂടുതലുള്ള വിഭാഗങ്ങള്‍ക്കും പരിശോധന നടത്തും.
രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ പശ്ചാത്തലം എടുക്കും. രോഗികള്‍ ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും പരിശോധിച്ച് വേണ്ട കരുതല്‍ നടപടികളെടുക്കും. നിലവില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളുടെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സമ്പര്‍ക്കവ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കണ്ടെയ്‌മെന്റ് സോണുകളിലെല്ലാം ട്രിപ്പിള്‍ ലോക്ക്ഡൗണണ്‍ നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തലസ്ഥാനത്ത് വെള്ളിയാഴ്ച തന്നെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സമൂഹവ്യാപന ഭീഷണിയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നു തീരുമാനിച്ചു. എന്നാല്‍ ഞായറാഴ്ച ചില പ്രദേശങ്ങളില്‍ നിന്നെടുത്ത സ്രവപരിശോധനാ റിപ്പോര്‍ട്ട് പൊസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കൈവിട്ടു പോകുമെന്ന് കരുതി യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ മുഖ്യമന്ത്രിയുടെ വസതിയില്‍ കൂടിയ ഉന്നതതല യോഗം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും ഇതേ നിലപാട് സ്വീകരിക്കേണ്ടിവരുമെന്നതിനാലാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."