പരപ്പനങ്ങാടി റെയില്‍വെ അടിപ്പാത: അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു
പരപ്പനങ്ങാടി: രണ്ടുകോടി രൂപ ചെലവില്‍ പണിപൂര്‍ത്തിയായ റെയില്‍വേ അടിപ്പാതയുടെ അപ്രോച്ച്‌റോഡ് നിര്‍മാണം പുരോഗമിക്കുന്നു. അവുക്കാദര്‍കുട്ടിനഹ മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ രണ്ടു വര്‍ഷം മുമ്പു റെയ്ല്‍വേ കൊട്ടിയടച്ച ലെവല്‍ക്രോസിനു അടിയിലൂടെയാണു പാത നിര്‍മിക്കുന്നത്.
റെയില്‍വെഗേറ്റ് അടച്ചതോടെ രണ്ടു വില്ലേജുകളിലായി പരന്നു കിടക്കുന്ന സ്‌കൂളുകള്‍, കോടതികള്‍, പൊലിസ് സ്‌റ്റേഷന്‍, ബാങ്കുകള്‍, സര്‍ക്കാര്‍കാര്യാലയങ്ങള്‍, ബസ് സ്റ്റാന്റ് , എന്നിവിടങ്ങളിലേക്കെത്തിച്ചേരാന്‍ റെയില്‍ മുറിച്ചുകടക്കേണ്ട അവസ്ഥയായിരുന്നു. പനയത്തില്‍ പള്ളി ഖബര്‍സ്ഥാനിലേക്കു മയ്യിത്തുകള്‍ കൊണ്ടുപോകാനും ഏറെ ക്ലേശിക്കേണ്ടിവന്നിരുന്നു.
ഇതു തരണം ചെയ്യാനാണു പി.കെ.അബ്ദുറബ്ബ് എംഎല്‍എ പദ്ധതി ആവിഷ്‌കരിച്ചത്. ഒരുകോടി രൂപ സംസ്ഥാന സര്‍ക്കാരും ഒരുകോടിരൂപ ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പിയുടെ ശ്രമഫലമായി കേന്ദ്ര സര്‍ക്കാരും അനുവദിച്ചു.
റെയില്‍വെ ട്രാക്ക് തുരന്നു കോണ്‍ക്രീറ്റ് ചതുരപ്പെട്ടികള്‍ സ്ഥാപിച്ചെങ്കിലും പിന്നീട് നിര്‍മാണ പ്രവൃത്തിക്കു വേഗതകുറയുകയായിരുന്നു. ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടല്‍ മൂലമാണു വേഗത കൈവന്നത്. പടിഞ്ഞാറു ഭാഗത്തെ പ്രവൃത്തി പൂര്‍ത്തിയായ ശേഷമേ കിഴക്കു ഭാഗത്തെ കോണ്‍ക്രീറ്റ് ആരംഭിക്കുകയുള്ളൂ. അടിപ്പാതയിലേക്കു വെള്ളമൊഴുകി എത്താതിരിക്കാന്‍ മേല്‍ക്കൂരയുമുണ്ട്. ചെറുകിട വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് ഇതിലൂടെ പ്രവേശനം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പരപ്പനങ്ങാടിയിയുടെ വികസന രംഗത്തെ നാഴികക്കല്ലായിമാറും അണ്ടര്‍ ബ്രിഡ്ജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."