സോഷ്യല്‍മീഡിയ കൈകോര്‍ത്തു; അബ്ദുല്‍ ഹര്‍ഷാദിനെ തേടി ബന്ധുക്കളെത്തി
അമ്പലത്തറ: നാല് മാസമായി കാഞ്ഞങ്ങാട് മൂന്നാംമൈല്‍ സ്‌നേഹാലയം അന്തേവാസിയായിരുന്ന ഇരിക്കൂര്‍ സ്വദേശി അഹമ്മദ് ഹര്‍ഷാദിനെത്തേടി ഭാര്യയും അമ്മാവനും ഭാര്യാസഹോദരി ഭര്‍ത്താവുമെത്തി. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് രക്ഷയായത്. നന്നേ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ട ഹര്‍ഷാദ് പ്രീഡിഗ്രി കഴിഞ്ഞ് ഹോട്ടല്‍ മാനേജ്‌മെന്റിന് പഠിച്ചു. സഊദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇടയ്ക്ക് ബൈക്ക് അപകടത്തില്‍പ്പെട്ട് ഇടതുകൈ സ്വാധീനം കുറഞ്ഞു. ഒരുപാട് കാലം മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെനിന്ന് വത്സന്‍ എന്നയാളാണ് സ്‌നേഹാലയത്തിലെത്തിച്ചത്.
എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് ബാവാ നഗര്‍ ശാഖയുടെ നേതൃത്വത്തില്‍ സ്‌നേഹാലയത്തില്‍ ഭക്ഷണം കൊടുക്കാന്‍ പോയ പ്രവര്‍ത്തകരോട് തന്നെ ആരെങ്കിലും സംരക്ഷിക്കാന്‍ തയ്യാറുണ്ടെങ്കില്‍ വരാന്‍ തയ്യാറാണെന്ന് ഹര്‍ഷാദ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബാവ നഗര്‍ ശാഖ പ്രവര്‍ത്തകര്‍ വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നിമിഷനേരംകൊണ്ട് ബന്ധുക്കളും നാട്ടുകാരും ബന്ധപ്പെടുകയും ഇന്നലെ രാവിലെ വന്ന് സ്വദേശമായ ഇരിക്കൂറിലേക്ക് കൊണ്ട് കൊണ്ടുപോവുകയും ചെയ്തു.
ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട്, വഴിയോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഒറ്റപ്പെട്ട് ജീവിക്കുന്നവരെ കണ്ടെത്തി സനാഥരാക്കി അവരെ പൂര്‍ണസൗഖ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യമാണ് സ്‌നേഹാലയത്തിലൂടെ ലക്ഷ്യമിടുന്നത്. നാളിതുവരെ രണ്ടായിരത്തോളംകുട്ടികള്‍ക്ക് സ്‌നേഹാലയത്തില്‍ അഭയം നല്‍കാന്‍ സാധിച്ചതായി ഇപ്പോള്‍ സ്‌നേഹാലയത്തിന്റെ ചുമതലവഹിക്കുന്ന ബ്രദര്‍ ഈശോദാസ് പറയുന്നു. എസ്.കെ.എസ്.എസ്.എഫ് ബാവാ നഗര്‍ ശാഖ പ്രസിഡന്റ് ശരീഫ് മാസ്റ്റര്‍, പ്രവര്‍ത്തകരായ റാഷിദ് തിഡില്‍, ഹുസൈനാര്‍, ശഫീഖ് തൊട്ടി, കരീം അബ്ദു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."