ദേശീയ സബ്ജൂനിയര് ഫുട്ബോള്‍: കേരളം സെമിയില്‍
കോഴിക്കോട്: ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ കേരളം സെമിയിലേക്ക് മുന്നേറി. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മിസോറമിനെ സമനിലയില്‍ തളച്ചാണ് കേരളം സെമി ബര്‍ത്തുറപ്പാക്കിയത്. സെമിയില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളി.
തുടക്കം മുതല്‍ കേരളം ആക്രമിച്ച് കളിച്ചു. 14ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നു ഹേമന്ദ് നീട്ടിയടിച്ച പന്ത് വലയില്‍ കയറി. 20ാം മിനുട്ടില്‍ ലാല്‍ ബൈയാക്കി ലിയാനയുടെ ഗോളില്‍ മിസോറം സമനില പിടിച്ചു. സമനില ഗോള്‍ പിറന്നതോടെ മിസോറം ആക്രമണം ശക്തമാക്കി. എന്നാല്‍ അപകടകരമായ പല നീക്കങ്ങളും കേരള ഗോളി സിദ്ധാര്‍ഥ് കൈപിടിയിലൊതുക്കി. മിസോറമിന് ലഭിച്ച പെനാല്‍റ്റി കിക്കും കേരള ഗോളി തടുത്തിട്ടു. 45ാം മിനുട്ടില്‍ മിസോറമിന്റെ ലാല്‍ നൂണ് സംഗ രണ്ടാം ഗോള്‍ നേടി.
രണ്ടാംപകുതിയില്‍ കേരളം ശക്തമായ തിരിച്ചുവരവ് നടത്തി. 51ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ അബിന്‍ അനൂപിലൂടെ കേരളം ഗോള്‍ മടക്കി. പിന്നീട് കളിയിലുടനീളം കേരള താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആക്രമണങ്ങള്‍ക്കൊപ്പം പ്രതിരോധത്തിലും കേരള താരങ്ങള്‍ നിലയുറപ്പിച്ചതോടെ നിര്‍ണായക ദിനം കേരളത്തിന്റേതായി. ആദ്യ കളിയില്‍ ഒഡിഷയോട് 3-2ന് പരാജയപ്പെട്ട കേരളം ഉത്തര്‍പ്രദേശിനെതിരേ മൂന്ന് ഗോളിനും മധ്യപ്രദേശിനെതിരേ 3-2നും വിജയിച്ചിരുന്നു.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഒഡിഷ മൂന്ന് ഗോളിന് ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി. 51, 59 മിനുട്ടുകളില്‍ സഞ്ജയ് ബെറ്റെയും 74ാം മിനുട്ടില്‍ അഷന്ത കെര്ക്കത്തേയുമാണ് ഗോളുകള്‍ നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ പശ്ചിമ ബംഗാള്‍ ഗോവയേയും തമിഴ്നാട് ഡല്‍ഹിയേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."