കേരളത്തിന് നിരാശ
ഹൈദരാബാദ്: പതിനാലാമത് ദേശീയ യൂത്ത് അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പിന്തള്ളി ഹരിയാന കിരീടം സ്വന്തമാക്കി. തുടര്‍ച്ചയായ ആറാം ചാംപ്യന്‍പട്ടം ലക്ഷ്യമിട്ട് ഹൈദരാബാദിലെത്തിയ കേരളത്തിന് ആണ്‍കുട്ടികളുടെ മോശം പ്രകടനം തിരിച്ചടിയായി മാറി. 166.5 പോയിന്റ് നേടിയാണ് ഹരിയാന ചാംപ്യന്മാരായത്. 134.75 പോയിന്റ് നേടി കേരളം രണ്ടാമത്. 105.5 പോയിന്റ് നേടിയ ഉത്തര്‍ പ്രദേശ് മൂന്നാമതും 79.75 പോയിന്റുമായി തമിഴ്‌നാട് നാലാം സ്ഥാനവും സ്വന്തമാക്കി. ആണ്‍കുട്ടികള്‍ നിരാശപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ കേരളത്തിന്റെ അഭിമാനങ്ങളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ജേതാക്കളായി. 100 പോയിന്റാണ് കേരള പെണ്‍കുട്ടികള്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം നേടിയ ഹരിയാന ഏറെ പിന്നില്‍. 58 പോയിന്റ്. 48 പോയിന്റുമായി തമിഴ്‌നാട് മൂന്നാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 108.5 പോയിന്റ് നേടിയ ഹരിയാനയാണ് ഒന്നാമത്. ഉത്തര്‍ പ്രദേശ് 73.5 പോയിന്റുമായി രണ്ടാം സ്ഥാനവും 54 പോയിന്റുമായി ഡല്‍ഹി മൂന്നാം സ്ഥാനവും നേടിയപ്പോള്‍ 34.75 പോയിന്റ് നേടിയ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാംപ്യന്‍ഷിപ്പിലെ മികച്ച അത്‌ലറ്റുകളായി പെണ്‍കുട്ടികളില്‍ കേരളത്തിന്റെ ഹര്‍ഡില്‍സ് താരം അപര്‍ണ റോയിയും ആണ്‍കുട്ടികളില്‍ പഞ്ചാബിന്റെ ഹാമര്‍ ത്രോ താരം ധംനീത് സിങും തിരഞ്ഞെടുക്കപ്പെട്ടു.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം അഞ്ച് സ്വര്‍ണവും നാല് വീതം വെള്ളിയും വെങ്കലവും നേടി. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ നിവ്യ ആന്റണി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സുവര്‍ണ താരമായി. 3.32 മീറ്റര്‍ ഉയരം ചാടിയ നിവ്യ കഴിഞ്ഞ വര്‍ഷം കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തില്‍ സ്ഥാപിച്ച 3.31 മീറ്ററിന്റെ റെക്കോര്‍ഡാണ് മറികടന്നത്. കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്ഥാപിച്ച 3.32 മീറ്ററിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും നിവ്യക്കായി. റെക്കോര്‍ഡ് നേട്ടത്തോടെ നിവ്യ ലോക യൂത്ത് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ മാളവിക രമേഷ് 2.70 മീറ്റര്‍ ചാടി വെങ്കലം നേടി. ലോങ് ജംപില്‍ മെഡല്‍ കൈവിട്ടതിന്റെ ക്ഷീണം ലിസ്ബത്ത് കരോലിന്‍ ജോസഫ് ട്രിപ്പിള്‍ ജംപില്‍ പൊന്നണിഞ്ഞ് തീര്‍ത്തു. 12.22 മീറ്റര്‍ ചാടിയാണ് ലിസ്ബത്ത് സ്വര്‍ണം നേടിയത്. കേരളത്തിന്റെ സാന്ദ്ര ബാബു 12.02 മീറ്റര്‍ ചാടി ഈയിനത്തില്‍ വെള്ളിയും നേടി.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 1:06.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കേരളത്തിനായി ജെ വിഷ്ണുപ്രിയ സ്വര്‍ണവും 1:06.77 സെക്കന്‍ഡില്‍ ഡെല്‍ന ഫിലിപ്പ് വെള്ളിയും സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ സ്പ്രിന്റ് മെഡ്‌ലെ റിലേയില്‍ 2:17.45 സെക്കന്‍ഡില്‍ കേരളം പൊന്നണിഞ്ഞു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 800 മീറ്ററില്‍ അഭിഷേക് മാത്യുവിലൂടെയാണ് കേരളം ഏക സ്വര്‍ണം നേടിയത്. 1:55.85 സെക്കന്റിലായിരുന്നു അഭിഷേകിന്റെ ഫിനിഷ്. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ വെള്ളിയും വെങ്കലവും കേരളത്തിന്. 14.92 മീറ്റര്‍ ചാടി അജിത് എ വെള്ളി നേടിയപ്പോള്‍ 14.70 മീറ്റര്‍ ചാടി ആകാശ് എം വര്‍ഗീസ് വെങ്കലം നേടി. 1000 മീറ്റര്‍ സ്പ്രിന്റ് മെഡ്‌ലെ റിലേയിലും കേരളം വെള്ളി സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ജി ഗായത്രിയും ആണ്‍കുട്ടികളുടെ ഡെക്കാത്ത്‌ലണില്‍ കെ.പി അര്‍ജുനും കേരളത്തിനായി വെങ്കലം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."