സ്വര്‍ണക്കടത്ത്: ഇടതു സര്‍ക്കാരിനുമേല്‍ പതിച്ച വെള്ളിടി
പിടിച്ചതിനെക്കാളും വലുത് മാളത്തില്‍ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ഓരോ കാലത്തും മുഖ്യമന്ത്രിമാരുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകള്‍. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്തും ഇ.കെ നായനാരിന്റെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ കാലത്തുമെല്ലാം തട്ടിപ്പുകള്‍ നടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ കാലത്തു നടന്ന തട്ടിപ്പ് മുന്‍കാലങ്ങളില്‍ ഉണ്ടായതു പോലുള്ളതല്ല. നേരത്തെ നടന്ന തട്ടിപ്പുകളെ നിഷ്പ്രഭമാക്കുന്നതാണ് സ്വപ്ന സുരേഷ് എന്ന ക്രിമിനല്‍ നയതന്ത്ര പരിരക്ഷയെ മറയാക്കി നടത്തിയ സ്വര്‍ണക്കടത്ത്.
സ്വര്‍ണക്കടത്ത് എന്നതിനപ്പുറം ഇതു രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലാണ് ഇതുവരെ മുഖ്യമന്ത്രിമാരുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകളില്‍നിന്ന് സ്വപ്ന നടത്തിയത് വ്യത്യസ്തമാകുന്നത്. മുഖ്യമന്ത്രിമാര്‍ അവരുടെ ഓഫിസ് സ്റ്റാഫുകളെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയും കണ്ണടച്ച് വിശ്വസിക്കുന്നതിനാലാണ് ഓഫിസുകള്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായി മാറുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന (ഇപ്പോള്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്) എം. ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണടച്ച് വിശ്വസിച്ചതിനാല്‍ സ്പ്രിംഗ്ലര്‍ അഴിമതിയില്‍ അദ്ദേഹത്തിനു പിന്നില്‍ അടിയുറച്ചുനിന്നു. നേരത്തെ ഉണ്ടാക്കിയെടുത്ത ഈ വിശ്വാസ്യതയാണ് ശിവശങ്കര്‍ ചൂഷണം ചെയ്തത്. അല്ലായിരുന്നുവെങ്കില്‍ രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ചത് മുഖ്യമന്ത്രി അറിയാതെ പോകുമോ. ഐ.എ.എസ് ഉദ്യോഗസ്ഥരെ ഭരണസിരാ കേന്ദ്രത്തിന്റെ തലപ്പത്ത് മുഖ്യമന്ത്രിമാര്‍ പ്രതിഷ്ഠിക്കുമ്പോള്‍ അവരുടെ സര്‍വിസ് റെക്കോര്‍ഡ് പരിശോധിക്കുന്നതിനോടൊപ്പം വ്യക്തിപരമായ കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അതു ചെയ്യാത്തതിന്റെ ഫലമാണ് ശിവശങ്കറിന് ഐ.ടി വകുപ്പ് സെക്രട്ടറി പദവിക്കൊപ്പം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും നല്‍കാന്‍ ഇടവന്നത്. അതിനാലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഐ.ടി വകുപ്പില്‍ പ്രധാന സ്ഥാനത്ത് യോഗ്യതയില്ലാത്ത ക്രിമിനല്‍ കയറിക്കൂടിയത്.
സ്റ്റാഫിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ദൗര്‍ബല്യങ്ങള്‍ മനസിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം റാക്കറ്റുകള്‍ എല്ലാകാലത്തും മുഖ്യമന്ത്രിമാരുടെ ഓഫിസ് കേന്ദ്രീകരിച്ച് ഉണ്ടായിരുന്നു. ഏതെങ്കിലും കേസില്‍ പിടിക്കപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഫോണ്‍വിളി വരും. അതോടെ നിലയ്ക്കും എല്ലാ അന്വേഷണങ്ങളും. ഇതിനുവേണ്ടിയാണ് വന്‍ റാക്കറ്റുകള്‍ മുഖ്യമന്ത്രിമാരുടെ ഓഫിസുകളെ വശത്താക്കുന്നത്. ഈ കേസിലും കസ്റ്റംസ് ഓഫിസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഫോണ്‍വിളി പോയെന്നാണു പറയപ്പെടുന്നത്. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതു നിഷേധിച്ചിട്ടുണ്ട്. നയതന്ത്ര പരിരക്ഷയുടെ മറവില്‍ കള്ളക്കടത്ത് നടത്തുകയായിരുന്ന സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് നിരീക്ഷിച്ചുവരികയായിരുന്നുവെന്നു വേണം മനസിലാക്കാന്‍. 30 കിലോ സ്വര്‍ണം നയതന്ത്ര ബാഗില്‍ കൊണ്ടുവരാന്‍ യു.എ.ഇ മുന്‍ കോണ്‍സല്‍ ഉദ്യോഗസ്ഥയായ സ്വപ്നയ്ക്കും പി.ആര്‍.ഒ ആയിരുന്ന സരിത്തിനും നിഷ്പ്രയാസം കഴിഞ്ഞുവെങ്കില്‍ വന്‍ ഗൂഢസംഘം തന്നെ ഇതിനുപിന്നില്‍ ഉണ്ടായിരിക്കണം.
ശിവശങ്കറിനെ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. അതിനിടയില്‍ ശിവശങ്കര്‍ ദീര്‍ഘകാല അവധിക്കായി സര്‍ക്കാരിന് അപേക്ഷ നല്‍കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫിസിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്നായിരുന്നു ശിവശങ്കറിനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതിയാകെ മാറി. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിയാതെ ശിവശങ്കര്‍ നടത്തിയെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാത്രം മാറ്റിയാല്‍ മതിയോ? സ്വഭാവദൂഷ്യമുള്ള വിശ്വാസവഞ്ചന കാണിച്ച ഉദ്യോഗസ്ഥനെ ഐ.ടി തലപ്പത്ത് തുടരാന്‍ ആദ്യം അനുവദിച്ചതിലെ സാംഗത്യം എന്താണ്? ശിവശങ്കര്‍ പല ദിവസങ്ങളിലും അര്‍ധരാത്രി വരെ സ്വപ്നയുടെ ഫ്‌ളാറ്റില്‍ തങ്ങാറുണ്ടെന്ന് തൊട്ടടുത്ത താമസക്കാര്‍ പറയുമ്പോള്‍ സര്‍വിസ് ചട്ടങ്ങളില്‍ പാലിക്കേണ്ട വ്യക്തിപരമായ കാര്യങ്ങളുടെ ലംഘനമല്ലേ അത്. രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി കാര്യങ്ങളും ഭരണപരമായ രഹസ്യങ്ങളും അത്തരം സന്ദര്‍ഭങ്ങളില്‍ ശിവശങ്കര്‍ സ്വപ്നയുമായി പങ്കുവച്ചിട്ടുണ്ടാവില്ലേ. അത്തരമൊരാളെ സര്‍വിസില്‍നിന്ന് നീക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. പിന്നെയും പൊറുപ്പിക്കാന്‍ മുഖ്യമന്ത്രി തുനിഞ്ഞതെന്തിനാണ്?.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ കള്ളക്കടത്തിന്റെ നാനാവശങ്ങളും അന്വേഷിക്കാന്‍ തുടങ്ങിയത് ഇടതു സര്‍ക്കാരിനു കനത്ത ക്ഷീണമാണ്. ഒരു ദൃശ്യമാധ്യമം ഈയിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രവചനങ്ങള്‍ക്കു മേലെയാണിപ്പോള്‍ വെള്ളിടി വീണിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."