HOME
DETAILS
MAL
സമ്പര്‍ക്ക വ്യാപനം വെല്ലുവിളിയാകുന്നു; നാലു ദിവസത്തിനിടെ 158 പേര്‍ക്ക് രോഗം
backup
July 08 2020 | 03:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 സാമൂഹ്യവ്യാപനത്തിന്റെ വ്യക്തമായ സൂചനകള്‍ നല്കി കുതിച്ചുയരുന്ന സമ്പര്‍ക്ക രോഗികളുടെ പട്ടിക. കഴിഞ്ഞ നാലു ദിവസത്തിനിടെ സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 158 പേര്‍ക്കാണ്.
ഇന്നലെ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 68 പേര്‍ക്ക്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 240 പേരില്‍ 17 പേര്‍ക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 225 പേരില്‍ 38 പേര്‍ക്കും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 193 പേരില്‍ 35 പേര്‍ക്കുമാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.
ഇതിനു പുറമേ നാല് ദിവസങ്ങളിലായി ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഏഴ് സി.ഐ.എസ്.എഫ് ജവാന്മാര്ക്കും 19 ഡി.എസ്.സി ജവാന്മാര്ക്കും ആറ് ബി.എസ്.എഫ് ജവാന്മാര്ക്കും രണ്ട് ഷിപ്പ് ക്രൂവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ നാലു ദിവസത്തിനിടെ സമ്പര്‍ക്കവ്യാപനം വഴി രോഗം ബാധിച്ചത് 199 പേര്‍ക്കാണ്.
സമ്പര്‍ക്ക വ്യാപനം ശക്തമാകുന്നതിന്റെയും നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ശക്തമായ സാമൂഹ്യവ്യാപനത്തിലേക്കു പോകും എന്നതിന്റെയും സൂചനകളായാണ് ആരോഗ്യവകുപ്പ് രോഗവ്യാപനത്തെ വിലയിരുത്തുന്നത്.
സംസ്ഥാനത്തെ ആകെ രോഗബാധയുടെ രണ്ടു ശതമാനത്തോളമെ സമ്പര്‍ക്ക രോഗവ്യാപനം ഉണ്ടാകുന്നുള്ളൂവെങ്കിലും ഓരോ ദിവസവും വര്‍ധിച്ചു വരുന്ന കണക്ക് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."