സിദ്ദിഖിനെ കൊലപ്പെടുത്തിയതു ശ്വാസംമുട്ടിച്ചെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തലശ്ശേരി: ന്യൂമാഹി പെരിങ്ങാടിയിലെ മമ്മിമുക്ക് മസ്ജിദ് ഖബര്‍സ്ഥാനില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വയോധികനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മമ്മിമുക്കിലെ പുതിയപുരയില്‍ വൈദ്യന്റെവിടെ സിദ്ദിഖിനെയാണ് (72) കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. തലശ്ശേരി സി.ഐ: പി.എം മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സിദ്ദിഖിന്റെ മൃതദേഹം നാക്ക് പുറത്തേക്കു നീട്ടി പല്ലുകള്‍ കൂട്ടിക്കടിച്ച നിലയിലായിരുന്നു. കണ്ണുകള്‍ തള്ളി പുറത്തേക്കു വന്നിരുന്നു. ശരീരത്തില്‍ മറ്റു മുറിവുകളൊന്നും കണ്ടെത്താനും കഴിഞ്ഞില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാക്കിന്റെയും കണ്ണിന്റെയും ഘടന വച്ച് ശ്വാസംമുട്ടിച്ചാണു കൊല നടത്തിയതെന്നും കഴുത്തിന്റെ കശേരുക്കളിലെ പരുക്കും ഇതാണ് വ്യക്തമാക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലിസ് സര്‍ജന്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. എസ് ഗോപാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം വച്ച് പ്രാഥമിക പരിശോധനയില്‍ കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന നിഗമനത്തിലാണു പൊലിസ് എത്തിച്ചേര്‍ന്നത്.
അതിനിടെ മൃതദേഹം കണ്ടെത്തിയ ഖബറിടത്തിനു സമീപത്തു നിന്ന് ഒരു ഷര്‍ട്ടും ചെരിപ്പും പൊലിസ് കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയ ബുധനാഴ്ച സിദ്ദിഖിനെ കൊന്ന് കുഴിച്ചുമൂടിയ ഖബറിടത്തിനു സമീപത്തെ കുഴിയില്‍ നിന്ന് ഒരു ഷര്‍ട്ടും പഴയ ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു.
ഈ മൊബൈല്‍ ഫോണിനെ കേന്ദ്രീകരിച്ചാണു പൊലിസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഈ ഫോണ്‍ കഴിഞ്ഞ ഫെബ്രുവരി വരെയേ ഉപയോഗിച്ചിട്ടുള്ളൂവെന്നും അതിനുശേഷം കോളുകളൊന്നും വന്നില്ലെന്നും സൈബര്‍സെല്ലിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഫെബ്രുവരിക്കു ശേഷം ഇതുവരെ ന്യൂമാഹി പ്രദേശത്തെ ടവറുകള്‍ക്കു കീഴില്‍ തന്നെയാണ് ഫോണെന്നും പരിശോധനയില്‍ കണ്ടെത്തി. ഫോണും ഖബര്‍സ്ഥാനില്‍ നിന്നു ലഭിച്ച രണ്ടു ഷര്‍ട്ടുകളും വച്ചാണ് പൊലിസ് അന്വേഷണം ത്വരിതപ്പെടുത്തുന്നത്.
കസ്റ്റഡിയിലെടുത്തവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്. മൃതദേഹം തലകീഴായ നിലയിലായിരുന്നു മറ്റൊരു ഖബറിടത്തിനു മുകളില്‍ കുഴിച്ചിട്ടിരുന്നത്. ഇതേതുടര്‍ന്നാണു കാല്‍പ്പാദം പുറത്തേക്കു കാണപ്പെട്ടത്. ഒരാള്‍ക്കു തനിച്ചു കൃത്യം നടത്താന്‍ കഴിയുമോയെന്ന സംശയവും ഉയരുന്നുണ്ട്.
സിദ്ദിഖിന്റെ കൈവശം സംഭവ സമയമുണ്ടായിരുന്ന അരലക്ഷം രൂപ നഷ്ടപ്പെട്ടതായി സൂചനയുണ്ട്. പണമിടപാടുമായി സിദ്ദിഖിനു ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം സിദ്ദിഖിന്റെ വീട്ടില്‍ പരിശോധന നടത്തി ചില രേഖകള്‍ പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുമെന്നറിയുന്നു.
കസ്റ്റഡിയിലുള്ള യൂസഫ് എന്നയാള്‍ സിദ്ദിഖിന്റെ തിരോധാനത്തിനു ശേഷം ഒരു ആശുപത്രിയില്‍ ചികിത്സ തേടിയതായും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."