ജല അതോറിറ്റിയും ഗ്രാമ പഞ്ചായത്തുകളും ജലവിതരണം ക്രമപ്പെടുത്തുന്നു
ആലത്തൂര്‍: വരള്‍ച്ച ഓരോദിവസവും രൂക്ഷമാകുന്നു. ചിലദിവസങ്ങളില്‍ മഴക്കാറും മൂടലും ഉണ്ടാകുന്നുണ്ടെങ്കിലും വേനല്‍മഴ കനിയുന്നില്ല. കുടിവെള്ള പദ്ധതികളുടെ ജലസ്രോതസായ തടയണകളിലും തുറന്ന കിണറുകളിലും കുഴല്‍കിണറുകളിലും ഓരോദിവസവും ജലനിരപ്പ് താഴുകയാണ്. ജല അതോറിറ്റിയും ഗ്രാമപഞ്ചായത്തുകളും നടത്തുന്ന കുടിവെള്ള പദ്ധതികളില്‍ പമ്പിംഗും മുടങ്ങാതിരിക്കാന്‍ ജലവിതരണം ക്രമപ്പെടുത്തി. മഴപെയ്യും വരെ ജലവിതരണം തുടരുക ശ്രമകരമാണെന്നാണ് അധികൃതര്‍ പറയുന്നത്. ജലഅതോറിറ്റി ആലത്തൂര്‍ സെക്ഷനു കീഴില്‍ തരൂര്‍, പുതുക്കോട്, കണ്ണമ്പ്ര, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തുകളിലാണ് കുടിവെള്ള പദ്ധതിയുള്ളത്. തരൂരില്‍ ഒന്നരമാസം മുന്‍പുതന്നെ ജലവിതരണം ക്രമപ്പെടുത്തിയിരുന്നു. പുതുക്കോട് രണ്ടുദിവസം മുന്‍പ് ജലവിതരണം പുനക്രമീകരിച്ചു.
രാത്രി 10 മുതല്‍ രാവിലെ 10വരെ മാത്രമാണ് ജലവിതരണം. ജലം ദുരുപയോഗം കുറക്കുന്നതിനു വേണ്ടിയാണിതെന്ന് ജലഅതോറിറ്റി ആലത്തൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.വി മുരളീധരന്‍ പറഞ്ഞു.
തരൂരിലും കണ്ണമ്പ്രയിലും തടയണയാണ് ജലസ്രോതസ്. പുതുക്കോട് തടയണയ്ക്ക് പുറമേ കുഴല്‍ക്കിണറുണ്ട്. എന്നാല്‍ കിഴക്കഞ്ചേരിയില്‍ കുഴല്‍കിണര്‍മാത്രമാണുള്ളത്. വക്കാല, പിട്ടുകാരികുളമ്പ്, കുനിശ്ശേരിപ്പറമ്പ്, മമ്പാട് കുഴല്‍കിണറുകളില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ ആവശ്യത്തിനു വെള്ളം പമ്പുചെയ്യാനാകുന്നില്ല. 500 അടിയിലേറെ താഴ്ചയും 20 വര്‍ഷത്തിലേറെ പഴക്കവുമുള്ള കുഴല്‍ കിണറുകളില്‍ മുന്‍പ് യഥേഷ്ടം വെള്ളംകിട്ടിയിരുന്നതാണ്. തരൂര്‍, കാവശ്ശേരി, ആലത്തൂര്‍, എരിമയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ നടത്തുന്നതും പ്രാദേശിക ജലവിതരണ സമിതികള്‍ നടത്തുന്നതുമായ പദ്ധതികളില്‍ ജലക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കുഴല്‍ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു. തടയണകളില്‍ നീരൊഴുക്ക് നിലച്ചതോടെ കെട്ടിനില്‍ക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം മോശമായി. ശരിയായി ശുദ്ധീകരിക്കാത്ത വെള്ളമാണ് പലയിടത്തും വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."