നേരേത്, നുണയേത്?
സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ് കേരള സര്‍ക്കാരിന്റെ ഐ.ടി വകുപ്പില്‍ ഉദ്യോഗസ്ഥയായതെങ്ങനെ എന്ന ചോദ്യത്തിന് വളരെ അലസമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി - അതൊരു താല്‍ക്കാലിക ജോലിയാണ്. ഒരു പ്ലേസ്‌മെന്റ് ഏജന്‍സി റിക്രൂട്ട് ചെയ്തതാണ്. അവരെ നിയമിച്ചതിന്റെ മാനദണ്ഡത്തെപ്പറ്റി പറഞ്ഞപ്പോഴും ഇതേ ഉദാസീനത മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിഴലിട്ടിരുന്നു. അവരുടെ പ്രവൃത്തിപരിചയം കണക്കിലെടുത്തിട്ടാവാം നിയമിച്ചത്. അതായത് അന്താരാഷ്ട്ര ബന്ധങ്ങളെയും ദേശസുരക്ഷയേയും ബാധിക്കുന്ന തരത്തിലുള്ള ഒരു വന്‍ കള്ളക്കടത്തു പരമ്പരയിലെ വിവാദ നായികയെ തന്റെ മൂക്കിന് മുന്‍പില്‍, സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മേല്‍നോട്ടത്തിനു കീഴിലുള്ള ഒരു സുപ്രധാന വകുപ്പില്‍, തന്ത്ര പ്രധാനമായ ഒരു തസ്തികയില്‍ വലിയ ശമ്പളത്തില്‍ നിയമിച്ചതിനെക്കുറിച്ചു പറയുമ്പോള്‍ പോലും മുഖ്യമന്ത്രിക്ക് നിസ്സാരത. കൊവിഡ് വ്യാപനത്തെപ്പറ്റി പറയുമ്പോഴും മറ്റും ആ ജനനേതാവിന്റെ മുഖത്ത് തെളിയുന്ന ഉത്തരവാദിത്വമെവിടെ, സ്വപ്ന സുരേഷിന്റെ കാര്യത്തിലുള്ള നിസ്സംഗതയെവിടെ?
സ്വപ്ന സുരേഷിന് ഒരു ലക്ഷത്തിലധികമാണ് ശമ്പളം. ഒരു ലക്ഷത്തി എഴുപതിനായിരമാണെന്നും അതിലുമധികമുണ്ടെന്നും മറ്റും കേള്‍ക്കുന്നു. ഏതായാലും ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശമ്പളവും പെര്‍ക്കുകളും സ്വപ്നക്കുണ്ട്. സെക്യൂരിറ്റിക്കാര്‍ അവരുടെ കാര്‍ (അതെ, ബഹുമാനപ്പെട്ട സ്പീക്കര്‍ വി. ശ്രീരാമകൃഷ്ണന്‍ കണ്ടു ഞെട്ടിപ്പോയ വലിയ കാര്‍ തന്നെ) കാണുമ്പോള്‍ സല്യൂട്ട് ചെയ്യുന്നുണ്ട്. ഇത്രയുമധികം പണവും പദവിയും പത്രാസുമുള്ള ഒരു ഉദ്യോഗം കിട്ടണമെങ്കില്‍ അവര്‍ക്ക് അത്രയേറെ ഉയര്‍ന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണമല്ലോ... അന്വേഷിച്ചുവന്നപ്പോള്‍ വെറും ബി.കോം ബിരുദം. അതു തന്നെയും ഉണ്ടോ എന്ന് സംശയം. ബയോഡാറ്റ സമര്‍പ്പിച്ചപ്പോള്‍ ഒരിടത്ത് ഉണ്ട്, വേറൊരിടത്ത് ഇല്ല. ഉറപ്പായും സ്വപ്നക്കുള്ള യോഗ്യത പ്ലസ്ടുവും ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലും ഏതോ കോഴ്‌സ് പാസായതിന്റെ സര്‍ട്ടിഫിക്കറ്റുമാണ്. അറബിയും ഇംഗ്ലീഷും ഒഴുക്കോടെ സംസാരിക്കാനുമറിയാം. ഈ യോഗ്യതവച്ച് ഒരു ശരാശരി മലയാളിക്ക് പി.എസ്.സി പരീക്ഷയെഴുതി ഒരു ശിപായിപ്പണിയെങ്കിലും കിട്ടുമോ എന്നാലോചിക്കുമ്പോഴാണ് മുഖ്യമന്ത്രി നിസ്സംഗത എത്ര ക്രൂരവും ദയാരഹിതവുമാണെന്ന് ബോധ്യമാവുക. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്കു മുന്‍പിലും പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന നിസ്സഹായമായ കേരളീയ യൗവനത്തിന്റെ മുഖത്തേക്കാണ് സഖാവ് പിണറായി വിജയന്‍ വികാരശൂന്യമായ ഈ ഒഴുക്കന്‍ മറുപടി ഉദാസീനമായി വലിച്ചെറിഞ്ഞത്.
അവരുടെ പ്രവൃത്തിപരിചയം കണക്കിലെടുത്തായിരിക്കാം ഈ നിയമനമെന്നാണ് കൃത്യമായും മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഏത് പ്രവൃത്തിയിലാണ് സ്വപ്ന സുരേഷിന് പരിചയം. ഇതുപോലെയൊരു പോസ്റ്റില്‍ നിയമിക്കപ്പെടണമെങ്കില്‍, സമാനമായ ഏതെങ്കിലും തസ്തികയില്‍ ദീര്‍ഘകാലത്തെ ജോലി പരിചയം വേണം. സ്വപ്നക്ക് അതില്ല. ഉള്ളത് സ്വകാര്യ സ്ഥാപനമായ എയര്‍ ഇന്ത്യാ സാറ്റില്‍ തുഛ ശമ്പളത്തോടു കൂടിയ ഒരു താല്‍ക്കാലിക ജോലി. സര്‍ക്കാര്‍ സര്‍വിസിലെ പ്യൂണിനു പോലുമുണ്ട് അതിലേറെ ശമ്പളം. അതു കഴിച്ചാല്‍ യു.എ.ഇ കോണ്‍സുലേറ്റിലോ മറ്റോ പണി. അതില്‍നിന്ന് ക്രമക്കേടിന്റെ പേരില്‍ പിരിച്ചുവിടുകയും ചെയ്തു. ഈ പ്രവൃത്തിപരിചയം മാത്രംവച്ച് വളരെ ഉയര്‍ന്ന ഒരു പദവിയില്‍ നിയമിക്കുമ്പോള്‍ സ്വപ്നയുടെ പൂര്‍വകാല ചരിത്രം ബന്ധപ്പെട്ടവര്‍ പരിശോധിച്ചില്ല എന്നത് മുഖ്യമന്ത്രിക്ക് വിഷയമേയല്ല. അങ്ങനെ നിയമിച്ചതാര് എന്ന് മുഖ്യമന്ത്രി പറഞ്ഞില്ല, അയാള്‍ക്ക് എതിരായി നടപടിയുണ്ടാവുമോ എന്ന് വിശദീകരിച്ചില്ല. അതിലെ അനൗചിത്യത്തെപ്പറ്റി മിണ്ടാട്ടമില്ല: സ്വപ്നക്കെതിരേ തട്ടിപ്പിന്റെയും ആള്‍മാറാട്ടത്തിന്റെയും പേരില്‍ കേസുള്ളപ്പോഴാണ് നിയമനമുണ്ടായത് എന്നതു പോലും മുഖ്യമന്ത്രിയെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാവും ആ മുഖഭാവം കാണുമ്പോള്‍. അതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വിശദീകരണത്തൊഴിലാളികള്‍ മുഴുവനും പറയുന്നത് താല്‍ക്കാലിക നിയമനത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ചട്ടമില്ലെന്നാണ്. എത്രമാത്രം സാങ്കേതികം! സര്‍ക്കാര്‍ ഓഫിസുകളിലേക്ക് തല്‍ക്കാലത്തേക്ക് സ്വീപ്പറേയും ലിഫ്റ്റ് ഓപ്പറേറ്ററേയും മറ്റും നിശ്ചയിക്കുമ്പോള്‍ ഇങ്ങനെയൊക്കെയുള്ള പരിശോധനകളില്‍ നല്‍കുന്ന ഇളവുകളെ സാങ്കേതികമായി സമീകരിക്കുന്നതിലെന്തു യുക്തി. ഇങ്ങനെയൊരു സാങ്കേതികത പറഞ്ഞാണ് പണ്ട് തിരൂരില്‍നിന്ന് ഒരു ഗുഡ്‌സ് വാഗണില്‍ നിസ്സഹായരായ നിരവധി സാധാരണ മനുഷ്യരെ കുത്തി നിറച്ചെത്തിയ തീവണ്ടി സ്റ്റേഷനിലെത്തിയപ്പോള്‍ പോത്തന്നൂരിലെ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ അവരെ ഇറക്കാന്‍ തയാറാവാഞ്ഞത്. സാങ്കേതികത നമ്പര്‍ ഒന്ന് - ഗുഡ്‌സ് ട്രെയിനില്‍ യാത്രക്കാരെ കയറ്റി അയക്കാന്‍ പാടില്ല.
സാങ്കേതികത നമ്പര്‍ രണ്ട് - ശവങ്ങള്‍ തനിക്ക് സ്വീകരിക്കാന്‍ വയ്യ. അദ്ദേഹം വാഗണ്‍ തിരിച്ചയച്ചു. തിരിച്ചെത്തിയപ്പോഴേക്കും ബാക്കിയുള്ളവരും മരിച്ചു. സാങ്കേതികമായി പോത്തന്നൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ചെയ്തത് ശരി, സ്വപ്നക്കാര്യത്തില്‍ ഐ.ടി. വകുപ്പ് ചെയ്തതും സാങ്കേതികമായി ശരി.
തൊഴിലില്ലായ്മാ പ്രശ്‌നം അതിരൂക്ഷമായി നിലനില്‍ക്കുന്ന കേരളീയ പശ്ചാത്തലത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നതിന്റെ നൈതികതയെക്കുറിച്ചുള്ള ചില പ്രശ്‌നങ്ങള്‍ കൂടി സ്വപ്നയുടെ നിയമനം ഉയര്‍ത്തുന്നുണ്ട്. കരാറടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനങ്ങളോട് ഒട്ടും മമതയില്ല ഇടതുമുന്നണിക്ക്, വിശേഷിച്ചും സി.പി.എമ്മിന്. സാധാരണ നിലക്ക് ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തു നില്‍ക്കണം. ബാങ്കുകളില്‍ ജോലി കിട്ടണമെങ്കില്‍ ഐ.ബി.പി.എസ് പരീക്ഷ പാസാവണം. അഞ്ഞൂറോ അറുന്നൂറോ ഒഴിവുകളുണ്ടെങ്കില്‍ അഞ്ചും പത്തും ലക്ഷം പേരാണ് പരീക്ഷയെഴുതുക. എല്‍.ഐ.സിയിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലുമെല്ലാം ഇതു തന്നെ സ്ഥിതി. ഈ തൊഴിലുകളിലേക്കെല്ലാമുള്ള യോഗ്യതാ പരീക്ഷകള്‍ അതി കഠിനമാണ്. പരിശീലന കേന്ദ്രങ്ങളില്‍ ചേര്‍ന്ന് വര്‍ഷങ്ങളോളം പഠിച്ച് ടെസ്റ്റും ഇന്റര്‍വ്യൂവുമെല്ലാം കഴിഞ്ഞ് പണികിട്ടാന്‍ കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ പെടുന്ന പെടാപ്പാട് അതനുഭവിച്ചവര്‍ക്കേ അറിയൂ.
പി.എസ്.സി. പരീക്ഷകളുടെ സ്ഥിതിയും മറിച്ചല്ല. അതുകൊണ്ടാവണം ഇത്തരം യോഗ്യതാ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ നാട്ടിലുടനീളമുണ്ട്. തൊഴിലവസരങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ കരിയര്‍ ഗൈഡുകളും നിരവധി. പഠിപ്പ് കഴിഞ്ഞാല്‍ പിന്നെയെന്ത് എന്നതിന് സാമാന്യ വിദ്യാര്‍ഥികളുടെ മുന്‍പിലുള്ള ഉത്തരം പരീക്ഷാ പരിശീലനം എന്നാണ്. പിസാ ഗോപുരത്തിന്റെ ഉയരം മുതല്‍ പെന്‍ഗ്വിന്‍ പക്ഷിയുടെ പ്രജനനം വരെയുള്ള ലോകത്തുള്ള സകലമാന വിഷയങ്ങളും കൈപ്പിടിയിലൊതുക്കിയാലേ ഒരാള്‍ക്ക് പഞ്ചായത്താപ്പീസിലെ ഗുമസ്തന്റെ ജോലി കിട്ടുകയുള്ളൂ. ഈ പരീക്ഷ നടത്തിപ്പിനാണ് ഇരുപതോളം അംഗങ്ങള്‍ക്ക് വന്‍ ശമ്പളം കൊടുത്ത് നിരവധി പേരെക്കൊണ്ട് പണിയെടുപ്പിച്ച് വലിയ പണച്ചെലവോടെയും അധ്വാനത്തോടെയും പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി നിയമന പ്രക്രിയ കൃത്യമാക്കി മുന്നോട്ട് കൊണ്ട് പോവാന്‍ പി.എസ്.സി എന്നൊരു സംവിധാനം. ഇത്തരം ഏജന്‍സികളെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്ന യോഗ്യരായ, ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും ബി.ടെക്കും എം.ടെക്കുമെല്ലാം പാസായ മിടുക്കന്മാരും മിടുക്കികളും തൊഴില്‍ വിപണിയിലുണ്ട്. അവര്‍ക്ക് പുറമെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ മുറ്റത്ത് കാത്തിരുന്ന, സ്വപ്നങ്ങള്‍ നെയ്യുന്ന ലക്ഷങ്ങളുണ്ട്. അവരുടെ സ്വപ്നങ്ങളുടെ നേര്‍ക്ക് കാറിത്തുപ്പിക്കൊണ്ടാണ് ഇടതുമുന്നണി താല്‍ക്കാലിക നിയമനങ്ങളെ ന്യായീകരിക്കുന്നത്.
സ്വപ്നക്ക് യോഗ്യതയുണ്ടത്രേ, അവര്‍ക്ക് പ്രവൃത്തിപരിചയമുണ്ടത്രേ, അത് താല്‍ക്കാലിക നിയമനമാണത്രേ വൈസ് ചാന്‍സലര്‍, ബാലാവകാശക്കമ്മിഷന്‍ തുടങ്ങിയ തസ്തികകളില്‍ പാര്‍ട്ടി താല്‍പ്പര്യവും ഉന്നതരുടെ സമ്മര്‍ദങ്ങളുണ്ടാക്കുന്ന സ്വാധീനവുമൊക്കെ വെച്ച് നിയമനങ്ങള്‍ നടത്തിക്കോട്ടെ, പക്ഷേ സര്‍ക്കാര്‍ വകുപ്പുകളിലെ സാദാ നിയമനങ്ങള്‍ തൊഴിലില്ലാപ്പടയില്‍ അണിനിരന്നു നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് പരീക്ഷ നടത്തിത്തന്നെ വേണം. പ്രത്യേകിച്ചും ഇടതുമുന്നണി ഭരിക്കുമ്പോള്‍. ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഈ അഭിമാനം ആത്മാര്‍ഥമാണെങ്കില്‍ സ്വപ്നാ സുരേഷിന്റെ നിയമനത്തെ തള്ളിപ്പറയുകയായിരുന്നു സഖാവ് വിജയന്‍ ചെയ്യേണ്ടിയിരുന്നത്. എങ്കില്‍ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യം അദ്ദേഹത്തിനുണ്ടാവുകയുള്ളൂ. പകരം സ്വപ്നക്ക് പ്രവൃത്തിപരിചയമുണ്ടാവാം എന്ന മറുപടി പറഞ്ഞൊഴിയുകയാണദ്ദേഹം. ഈ ഒഴുക്കന്‍ മറുപടിയിലൂടെ കേരളത്തിലെ ലക്ഷക്കണക്കിന്ന് യുവതീ യുവാക്കന്മാരുടെ ജീവിതാഭിലാഷങ്ങളെ അവമതിക്കുകയാണദ്ദേഹം ചെയ്തത്.
കവാത്ത് മറക്കുന്നവര്‍
എന്ത് കൊണ്ടാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇത്തരം അപചയങ്ങള്‍ക്കു വിധേയരാവുന്നത് ? എന്തുകൊണ്ടാണ് അവര്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വരുന്നത്. സ്വപ്നാ സുരേഷിന്റെ സുഹൃത്തിന്റെ സ്ഥാപനം ഉദ്ഘാടനംചെയ്യാന്‍ പോയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ന്യായീകരണത്തിലുണ്ട് ഈ ചോദ്യത്തിന്റെ ഉത്തരം. വലിയ കാറില്‍ ഡിപ്‌ളോമാറ്റിന്റെ ഭാവഹാവാദികളോടെ വന്നിറങ്ങിയാല്‍ പിന്നെയെന്തു ചെയ്യുമെന്നാണ് പാവം സ്പീക്കര്‍ ചോദിക്കുന്നത്. നാട്ടില്‍ പെരിയോര്‍ വന്നു കൈയില്‍ കയറിപ്പിടിച്ചാലെന്തു ചെയ്യുമെന്ന് ചോദിച്ചില്ലേ പണ്ടൊരു പാവം സ്ത്രീ, ആ പാവത്തമാണ് സ്പീക്കറുടേതും. പക്ഷേ ഒന്നുണ്ട്. വലിയ കാര്‍, വലിയ ബംഗ്ലാവ്, വലിയ സ്ഥാപനങ്ങള്‍, വലിയ സംഭാവനകള്‍ - വലുപ്പത്തിന്റെ പ്രലോഭനങ്ങള്‍ക്ക് കീഴൊതുങ്ങിക്കൊടുക്കേണ്ട ഒന്നല്ല ഇടതുപക്ഷ രാഷ്ട്രീയം. ബക്കറ്റ് പിരിവില്‍ പാവപ്പെട്ടതൊഴിലാളി ഇട്ടു തരുന്ന ചില്ലറ നാണയത്തിനാണ് വലിയ മുതലാളിമാര്‍ തരുന്ന വന്‍ സംഭാവനകളേക്കാളും ഇടതുവീക്ഷണമനുസരിച്ചു മൂല്യം കൂടുതല്‍. പക്ഷേ അധികാരം ദുഷിപ്പിക്കുന്നു. പരമമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് സ്പീക്കറും മന്ത്രിമാരുമെല്ലാം വലിയ കാറിന്റെയും ഒഴുക്കന്‍ ഇംഗ്ലീഷിന്റെയും ഡിപ്ലോമാറ്റിക് പരിവേഷത്തിന്റെയും കെണിയില്‍ വീണു പോകുന്നത്. ഹണി ട്രാപ്പിനേക്കാള്‍ അപകടകരമാണ് ഈ മണി ട്രാപ്പ്, സംഗതി ഹണി ട്രാപ്പല്ലെങ്കില്‍.
സ്വപ്ന സുരേഷിന്റെ സുഹൃത്ത് നടത്തുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന്ന് പോയതേയുള്ളൂ ഞാന്‍, അവളുടെ തോളിലൊന്ന് തട്ടിയതേയുള്ളൂ ഞാന്‍, എനിക്കവളുമായി അടുപ്പമൊന്നുമില്ല എന്നാണ് അത്യന്തം പരവശതയോടെയുള്ള സ്പീക്കറുടെ വിശദീകരണം. അടുപ്പമില്ലെങ്കില്‍ പിന്നെയെന്തിനാണ് സ്വപ്ന വിളിച്ചപ്പോള്‍ പോയത്? ഇതേ ന്യായം വെച്ചു പറഞ്ഞാല്‍ കഴിഞ്ഞ മുന്നണി ഭരണക്കാലത്ത് സരിതക്കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കാര്‍ ഉമ്മന്‍ ചാണ്ടിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരായി പറഞ്ഞ സകല ആരോപണങ്ങളും റദ്ദായിപ്പോകും. ഇങ്ങനെ റദ്ദാക്കാനുള്ളതാണോ നെഞ്ചോട് ചേര്‍ത്ത് പ്രബുദ്ധ കേരളം കാത്തുസൂക്ഷിച്ചു പോരുന്ന പുരോഗമന രാഷ്ട്രീയ ബോധം. മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷം നമുക്ക് മനസ്സിലാക്കാം. പക്ഷേ അദ്ദേഹത്തിന്റെ ക്രൂരമായ വികാരരാഹിത്യം മനസ്സിലാക്കാനാവുകയില്ല. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സൗഹൃദങ്ങള്‍ മനസ്സിലാക്കാം, അദ്ദേഹത്തിന്റെ പരുങ്ങല്‍ മനസ്സിലാക്കാനാവുകയില്ല. ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്നത് ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ മാധവന്‍ നായര്‍ രവിയോട് ചോദിച്ച ഒരു ചോദ്യമാണ്: ആര്‍ക്കു നിശ്ചയം മാഷേ നേരേതാ നൊണയേതാന്ന്? അതറിയരുതെന്നാ മനിഷ്യ ജന്മത്തിന്റെ വിതി'. കേരളത്തിലെ ഒരു മനുഷ്യജന്മത്തിന്റെ വിധി ഇതു തന്നെ.
വാല്‍ക്കഷണം: എന്തിനാണ് മന്ത്രിമാര്‍ വാശി പിടിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്? മന്ത്രി കെ.ടി ജലീല്‍ ഈയിടെ കോട്ടക്കലില്‍ ഒരു ട്യൂഷന്‍ സെന്ററിന്റെ കോച്ചിങ് ക്ലാസ് ഉദ്ഘാടനം ചെയ്ത വാര്‍ത്ത കണ്ടു. പൊതു ചടങ്ങുകള്‍ നമുക്ക് മനസ്സിലാക്കാം. സ്വകാര്യ സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് അമ്പാസഡര്‍മാരാകണമോ ജനപ്രതിനിധികള്‍?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."