സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം വര്‍ധിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത് 5.98 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ്. 2005-06 കാലഘട്ടത്തില്‍ ഇത് 5.67 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു . 2014-15 ല്‍ 2013 ലേക്കാള്‍ 3,41944 മെട്രിക് ടണ്ണിന്റെ വര്‍ധന ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 57,288 ഹെക്ടര്‍ സ്ഥലത്തുകൂടി പച്ചക്കറി കൃഷി നടത്തി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആകെ ഉല്‍പാദിപ്പിച്ചത് 27.65 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ്. അതിനു ശേഷം അധികാരത്തില്‍ എത്തിയ യു.ഡി.എഫിന്റെ കാലത്തെ മൊത്തം ഉല്‍പാദനം 27.66 ലക്ഷം മെട്രിക് ടണ്ണാണ്. 2010-11ല്‍ 5.05 ലക്ഷം മെ. ടണ്‍, 2011-12ല്‍ 5.55 മെ.ടണ്‍, 2013-14ല്‍ 5.57 മെ.ടണ്‍ എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ സംസ്ഥാനത്തെ പച്ചക്കറി ഉല്‍പാദനത്തിന്റെ കണക്ക്. 2014-15 ല്‍ ഉല്‍പാദനത്തിന് പാലക്കാട് ജില്ലയാണ് മുന്‍പന്തിയില്‍. മുന്‍ വര്‍ഷത്തേക്കാള്‍ 25964 മെട്രിക് ടണ്‍ കൂടുതലാണ് പാലക്കാട് ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്നത്. കോട്ടയവും തിരുവനന്തപുരവുമാണ് യാഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കോട്ടയത്ത് 21121.19 മെട്രിക് ടണ്ണും തിരുവനന്തപുരത്ത് 20916.8 മെട്രിക് ടണ്ണുമാണ് ഉല്‍പാദനം. തൃശൂരാണ് നാലാം സ്ഥാനത്തുള്ളത്. 20714.10 മെട്രിക് ടണ്‍ പച്ചക്കറിയാണ് തൃശൂരില്‍ നിന്നും ഉല്‍പാദിപ്പിച്ചത്.
സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറിയുടെ മുക്കാല്‍ പങ്കും തദ്ദേശീയമായി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഒരു ദിവസം ആവശ്യമായ 5,320 മെട്രിക് ടണ്‍ പച്ചക്കറിയില്‍ ഏകദേശം 3,900 മെട്രിക് ടണ്‍ കേരളത്തില്‍ നിന്നുതന്നെ ലഭ്യമായതായും രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം 2005ല്‍ ഉണ്ടായിരുന്ന 47,256 ഹെക്ടര്‍ കൃഷിഭൂമി 2014-2015 ആയപ്പോഴേക്ക് 44,360 ഹെക്ടറായി കുറഞ്ഞു.
ഊര്‍ജിത പച്ചക്കറി കൃഷിക്കായി തുടങ്ങിയ പദ്ധതികളില്‍ പലതും വിജയം കണ്ടെങ്കിലും പോളിഹൗസ് ഫാമിങ് വേണ്ടത്ര വിജയിച്ചില്ല. കൃഷിക്കാര്‍ക്ക് വേണ്ടത്ര അവബോധം ഉണ്ടാക്കാഞ്ഞതാണ് പോളിഹൗസ് ഫാമിങ്ങിന് തിരിച്ചടിയായതെന്നും കൃഷിവകുപ്പ് വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."