ഫ്രാങ്കോക്കെതിരേയുള്ള കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് പൊലിസ്
കോട്ടയം : കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയാറാക്കിയ കുറ്റപത്രം ഡി.ജി.പിയുടെ അംഗീകാരം ലഭിക്കുന്നതിനായി കൊടുത്തിരിക്കുകയായിരുന്നു. അവിടെ നിന്നും അത് എസ്.പിക്ക് അയച്ചുകഴിഞ്ഞു. ഡി.ജി.പി ഓഫിസില്‍ നിന്നും നിന്നും കിട്ടുന്ന മുറയ്ക്ക് പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു. കേസില്‍ കുറ്റപത്രം വൈകുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ജലന്തര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലിസിന് കഴിഞ്ഞില്ല. ഇതിനിടെ ബിഷപ്പ് അനുകൂലികള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തു വരികയും ചെയ്തിരുന്നു.
അനിശ്ചിതകാല സമരത്തില്‍നിന്ന് കന്യാസ്ത്രീകള്‍ പിന്മാറി
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറിയതായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ( എസ്.ഒ.എസ്) അറിയിച്ചു. അതേസമയം ചൊവ്വാഴ്ച കുറ്റപത്രം സര്‍പ്പിച്ചില്ലെങ്കില്‍ അടുത്ത ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും എസ്.ഒ.എസ് ഭാരവാഹികള്‍ അറിയിച്ചു. കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ വഞ്ചി സ്‌ക്വയറില്‍ രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്താനിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ കോട്ടയം എസ്.പി നേരിട്ട് വിളിക്കുകയായിരുന്നെന്ന് എസ്.ഒ.എസ് ജോ. കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു. തുടര്‍ന്നാണ് സമരത്തില്‍ നിന്ന് തല്‍കാലം വിട്ടുനില്‍ക്കാന്‍ സമരസമിതി തീരുമാനിച്ചത്. നേരത്തെ തീരുമാനിച്ചതു പോലെ വൈകിട്ട് വഞ്ചി സ്‌ക്വയറില്‍ സമിതിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടന്നു. എസ്.ഒ.എസ് കണ്‍വീനര്‍ ഫെലിക്‌സ് ജെ. പുല്ലൂടന്‍ അധ്യക്ഷനായി.
ഫാ. അഗസ്റ്റിന്‍ വട്ടോലി, സി.ആര്‍ നീലകണ്ഠന്‍,സിസ്റ്റര്‍ ടീന, അഡ്വ. ജോസ് ജോര്‍ദ്, പി.സി ദേവസ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."