ലിബിയയിലെ സൈനികനീക്കം നിര്‍ത്തിവയ്ക്കണമെന്ന് യു.എന്‍
ട്രിപ്പോളി: വിമതസേനാ തലവന്‍ ഖലീഫ ഹഫ്ത്താറിന്റെ നേതൃത്വത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്കു നടത്തുന്ന സൈനികമുന്നേറ്റം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് യു.എന്നും വികസിത രാഷ്ട്രങ്ങളുടെ സഖ്യമായ ജി-7നും ആവശ്യപ്പെട്ടു.
എന്നാല്‍, ഭീകരതയെ പിഴുതെറിയുന്നതുവരെ തന്റെ സൈന്യം ഓപറേഷന്‍ അവസാനിപ്പിക്കില്ലെന്ന് ഹഫ്ത്താര്‍ യു.എന്‍ സെക്രട്ടറി ജനറലിനോട് പറഞ്ഞതായി റിപോര്‍ട്ടുകളുണ്ട്.
2011ല്‍ ഭരണാധികാരിയായ മുഅമ്മര്‍ ഖദ്ദാഫിയെ അമേരിക്ക സ്ഥാനഭ്രഷ്ടനാക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തതോടെ തുടങ്ങിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ലിബിയയില്‍ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച ജനറല്‍ ഹഫ്ത്താര്‍ ലിബിയന്‍ നാഷനല്‍ ആര്‍മിയോട് തലസ്ഥാനത്തേക്കു മാര്‍ച്ച് ചെയ്യാന്‍ ഉത്തരവിട്ടത്. ട്രിപ്പോളിയുടെ തെക്ക് 100 കി.മീ അകലെയുള്ള ഖാരിയാന്‍ വിമത സൈന്യം കീഴടക്കിയിരുന്നു. 2014ല്‍ അടച്ച തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ നിയന്ത്രണം അവരുടെ കൈയിലായതായും റിപോര്‍ട്ടുണ്ട്. ഈ വര്‍ഷമാദ്യം വിമതസേന ദക്ഷിണ ലിബിയയും അവിടുത്തെ എണ്ണപ്പാടങ്ങളും കീഴടക്കിയിരുന്നു. അതിനിടെ ഏതാനും വിമത പോരാളികളെ സര്‍ക്കാര്‍ സേന പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ലിബിയയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി നടത്തുന്നതിനെ ജി-7 ശക്തമായി എതിര്‍ക്കുന്നതായി അതിന്റെ വക്താവ് പ്രസ്താവിച്ചു. 1969ല്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അധികാരം നേടാന്‍ സഹായിച്ച ഹഫ്ത്താര്‍ 2011ല്‍ വിമത കമാന്‍ഡറായി രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ പ്രസിഡന്റ് മുഹമ്മദ് യൂസുഫ് അല്‍ മഖ്‌രീഫിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെയാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍ പിന്തുണക്കുന്നത്. അതിനാല്‍ തന്നെ വിമതസേന ട്രിപ്പോളിയിലെത്തിയാല്‍ മറ്റൊരു സിറിയ ആവര്‍ത്തിക്കുകയും വന്‍ അഭയാര്‍ഥിപ്രവാഹം ഉണ്ടാവുകയുമാവും ഫലമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."