എല്ലാ പഞ്ചായത്തിലും ഇനി കാര്‍ഷിക കര്‍മസേനകള്‍: മന്ത്രി സുനില്‍കുമാര്‍
കൊല്ലം: സംസ്ഥാനത്തു കാര്‍ഷിക സമൃദ്ധി ഉറപ്പാക്കുന്നതിനായി കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നു കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം കോര്പറേഷന് കാര്‍ഷിക കര്‍മസേനയ്ക്കായി ഏര്‍പ്പെടുത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
200 കാര്‍ഷിക കര്‍മസേനകള്‍ കൂടി പുതുതായി രൂപീകരിക്കുകയാണ്. സേനകളുടെ പരിശീലനത്തിനായി 10 ലക്ഷം രൂപ വീതം നല്‍കും. പഞ്ചായത്തു തോറും സസ്യാരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ബ്ലോക്കുതലത്തില്‍ ആഗ്രോ സര്‍വിസ് സെന്ററുകളും തുറക്കും. വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കാന്‍ പഞ്ചായത്തു തലത്തില്‍ ഇക്കോ ഷോപ്പുകള്‍ വ്യാപിപ്പിക്കും. കീടനാശിനി ഉപയോഗം പകുതിയലധികം കുറയ്ക്കാനായിട്ടുണ്ട്. കീടനാശിനികള്‍ കണ്ടെത്താനുള്ള ലാബ് സൗകര്യം ഒരുക്കിയതുവഴിയാണ് നിയന്ത്രണം സാധ്യമാക്കാനായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നെല്‍കൃഷി 2,20,000 ഹെക്ടറിലേക്കു വ്യാപിപ്പിക്കാനും ഉല്പാദനം 80,000 മെട്രിക് ടണ്ണായി ഉയര്‍ത്താനും സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികളാണു നടപ്പാക്കുന്നത്.
ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി വിജയിപ്പിക്കാന്‍ ഈ വര്‍ഷം കോടി വിത്തുകള്‍ വിതരണം ചെയ്തു. പച്ചക്കറി വിളയിക്കുന്നതിനായി 42 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിത്തുവിതരണം ചെയ്തു.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന് രണ്ടുകോടി വിത്തുകളും നല്കി. കുടുംബശ്രീയുമായി ചേര്‍ന്നുള്ള ഗ്രാമചന്തകളിലൂടെ വിഷമില്ലാത്ത പച്ചക്കറി വിപണനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ആധുനിക കൃഷിരീതികള്കൂടി നടപ്പാക്കി കാര്‍ഷികരംഗം മെച്ചപ്പെടുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. കാര്‍ഷിക കര്‍മസേനയുടെ രൂപീകരണത്തിലൂടെ കൃഷിവ്യാപനവും കൃഷിയോടുള്ള ആഭിമുഖ്യവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എ സത്താര്‍, എസ്. ഗീതാകുമാരി, ഡി. സുജിത്ത്, ചിന്ത എല്‍. സജിത്ത്, വി.എസ് പ്രിയദര്ശന്, ഷീബ ആന്റണി, മറ്റു ജനപ്രതിനിധികള്‍, കോര്പറേഷന് സെക്രട്ടറി വി.ആര് രാജു, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.എച്ച് നജീബ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ വി. ജയ, എസ്. അംബിക, ആര്. രാമചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."