പ്രായപരിധി: ബി.ജെ.പിയില്‍ കലാപം രൂക്ഷമാകുന്നു
ധര്‍മശാല: മുതിര്‍ന്ന നേതാക്കളെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് അകറ്റിനിര്‍ത്തുന്ന നീക്കത്തിനെതിരേ ബി.ജെ.പിയില്‍ കലാപം രൂക്ഷമാകുന്നു.
അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും നേതൃത്വത്തിന്റെ നിലപാടിനെതിരേ പരസ്യമായി രംഗത്തുവന്നതിനു പിന്നാലെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശാന്തകുമാറും പാര്‍ട്ടി നേതൃത്വത്തിന്റ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തി.
തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്ന പ്രായപരിധി 75 ആണെന്നതിനെ അംഗീകരിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി എത്രയാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്ന് ഇന്നലെ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ശാന്തകുമാര്‍. ബി.ജെ.പി നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ബാധ്യസ്ഥരാണ്. എന്നാല്‍ പ്രായപരിധി കഴിഞ്ഞുവെന്ന് പറഞ്ഞ് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് മുതിര്‍ന്ന നേതാക്കളെ അകറ്റിനിര്‍ത്തുന്നത് ഒരിക്കലും ശരിയല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ വലിയ വേദനയുളവാക്കുന്ന വാര്‍ത്തയെന്നാണ് ശാന്തകുമാര്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം ഒതുക്കിയത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ ബി.ജെ.പിയില്‍ നിന്ന് അകറ്റിയത്. അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും ശാന്തകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."