നിലപാട് തിരുത്തി കോടിയേരി
കൊല്ലം: സി.ഡി.പി.ക്യുവിന് ലാവ്‌ലിനില്‍ നിക്ഷേപമില്ലെന്ന മുന്‍ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി- 2019ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവ്‌ലിനില്‍ ഓഹരിയുണ്ടെന്ന് കരുതി സി.ഡി.പി.ക്യുവില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല. കിഫ്ബി ചെയര്‍മാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല. അതിനാല്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല. ധനമന്ത്രിയും കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും മറുപടി പറഞ്ഞിട്ടുണ്ട്. കിഫ്ബി നിക്ഷേപം മുടക്കാനുള്ള യു.ഡി.എഫിന്റെ നിരര്‍ഥകമായ വാദമാണിത്. പ്രളയകാലത്ത് ഉള്‍പ്പെടെ ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് നടത്തിയിട്ടുണ്ട്. ലാവ്‌ലിനില്‍ സി.ഡി.പി.ക്യുവിന് നിക്ഷേപമില്ലെന്നായിരുന്നു കോടിയേരി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. സി.ഡി.പി.ക്യുവിന് ലാവ്‌ലിന്‍ കമ്പനിയില്‍ 20 ശതമാനം നിക്ഷേപമുണ്ടെന്നാണ് ആക്ഷേപം. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ സി.ഡി.പി.ക്യുവിന് നിക്ഷേപമുണ്ട്. സി.എല്‍.പി ഇന്ത്യ എന്ന സ്ഥാപനത്തില്‍ 369 ദശലക്ഷം ഡോളറും അസ്യൂര്‍ പവര്‍ എന്ന സ്ഥാപനത്തില്‍ 250 ദശലക്ഷം ഡോളര്‍ നിക്ഷേപവുമുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സൗജന്യം എല്‍.ഡി.എഫിന് വേണ്ട. എന്‍.കെ പ്രേമചന്ദ്രന്‍ രാഷ്ട്രീയ വഞ്ചകനാണ്. പ്രേമചന്ദ്രന് ഏറ്റവും കൂറുള്ളത് ബി.ജെ.പിയോടാണ്. പ്രേമചന്ദ്രന്‍ എല്‍.ഡി.എഫിലേക്ക് തിരിച്ചുവരണ്ട, അവിടെ നിന്ന് അനുഭവിക്കട്ടെ. കൊല്ലം ഉള്‍പ്പെടെ നാല് മണ്ഡലങ്ങില്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയിലാണ്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ദുര്‍ബലമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മൗനം
ദുരൂഹമെന്ന് ചെന്നിത്തല
മലപ്പുറം: കിഫ്ബി മസാല ബോണ്ട് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിനുപിന്നില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മസാല ബോണ്ടില്‍ ഇടനിലക്കാരുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
2150 കോടി രൂപ മസാല ബോണ്ട് വഴി സമാഹരിക്കുന്നത് ലോക മഹാത്ഭുതമായി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍, ബോണ്ട് വാങ്ങിയത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയില്‍ കോടികളുടെ നിക്ഷേപം നടത്തിയ കനേഡിയന്‍ കമ്പനിയും എസ്.എന്‍.സി ലാവ്‌ലിനും തമ്മില്‍ ബന്ധമില്ലെന്ന ധനമന്ത്രിയുടെ വാദം ശരിയല്ല. ലാവ്‌ലിന്റെ ഓഹരിപങ്കാളിയാണ് കാനഡയിലെ സി.ഡി.പി.ക്യു എന്ന കമ്പനി. ഇരുകമ്പനികളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഒട്ടേറെ തെളിവുകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് ദുരൂഹത നീക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
മുഖ്യമന്ത്രിക്ക്
ലണ്ടനിലേക്ക് ക്ഷണം
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വിപണിയിലിറക്കുന്നതിനായി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം.
അടുത്തമാസം 17ന് ലണ്ടനിലാണ് ചടങ്ങ്. ലണ്ടനിലേക്ക് പോകുന്നതിനായി അനുമതിതേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ലാവ്‌ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയാണ് മസാല ബോണ്ട് വാങ്ങിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിക്ക് ലണ്ടനിലേക്കുള്ള ക്ഷണം വന്നിരിക്കുന്നത്.
ഇന്ത്യക്ക് പുറത്തുനിന്ന് ധനം സമാഹരിക്കുന്നതിനായി ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ അംഗീകരിച്ചതനുസരിച്ചാണ് ഇത്. കിഫ്ബിയില്‍ കോടികളുടെ നിക്ഷേപം നടത്തിയ കനേഡിയന്‍ കമ്പനിയും എസ്.എന്‍.സി ലാവ്‌ലിനും തമ്മില്‍ ബന്ധമുണ്ടെന്ന വിവരം വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."