ലോകകപ്പ് കലാശപ്പോരിന് അവരെത്തില്ല
ചിയാങ്‌റായി: തായ്‌ലന്‍ഡില്‍ നിന്നുള്ള ആശങ്കാജനകമായ വാര്‍ത്ത പുറത്തെത്തുമ്പോള്‍ ലോകം ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ലഹരിയില്‍ അമര്‍ന്നിരിക്കുകയായിരുന്നു. റഷ്യയിലേക്കുമാത്രം തിരിച്ചുവച്ച ലോകത്തിന്റെ കണ്ണ് അങ്ങനെ ആശങ്കയോടെ ഉത്തര തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹാമുഖത്തേക്കു തിരിഞ്ഞു.
ഇതിനിടെ, കുട്ടികള്‍ക്കു സന്തോഷ വാര്‍ത്തയും ആശ്വാസവചനങ്ങളുമായി ഫുട്‌ബോള്‍ ലോകവും രംഗത്തെത്തി. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ മുതല്‍ അര്‍ജന്റീനയുടെ സൂപ്പര്‍സ്റ്റാര്‍ ലയണല്‍ മെസി, ഇംഗ്ലണ്ടിന്റെ ജോണ്‍ സ്റ്റോണ്‍സ് അടക്കമുള്ള താരങ്ങള്‍ ആശ്വാസവചനങ്ങള്‍ ചൊരിഞ്ഞു. അധികം വൈകാതെ 15ന് മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരം സൗജന്യമായി കാണാന്‍ കുട്ടികളെ ക്ഷണിച്ച് ഫിഫ തലവന്‍ ഗിയാനി ഇന്‍ഫാന്റിനോ. എന്നാല്‍, കുട്ടികളെ പ്രവേശിപ്പിച്ച ചിയാങ് റായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആ മോഹം തല്‍ക്കാലം വേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ കൂടി പുറംലോകത്തുനിന്ന് ഒഴിഞ്ഞുള്ള കൂടുതല്‍ പരിചരണം വേണമെന്ന് അറിയിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. പകരം കുട്ടികള്‍ക്ക് ടെലിവിഷനില്‍ കളി കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് തായ് പൊതു ആരോഗ്യ മന്ത്രാലയം സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."