രാഹുലും ലീഗും പിന്നെ യു.ഡി.എഫും
രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത് ദേശീയ-സംസ്ഥാന തലത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നത് ബി.ജെ.പിയും ഫാസിസത്തിനെതിരേയുള്ള പോരാട്ടം സംഘ്പരിവാര്‍ ദുര്‍ബലമായ വയനാട്ടില്‍ നടത്തുന്നത് ഇടതുപക്ഷവും പ്രചാരണായുധമാക്കിയിരിക്കുന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ അറിയാന്‍ ഇനിയും കുറേ നാള്‍ കാത്തിരിക്കേണ്ടി വരും. മാത്രമല്ല, അമേത്തിയിലും വയനാട്ടിലും ജയിച്ചാല്‍ രാഹുല്‍ ഏതു മണ്ഡലം നിലനിര്‍ത്തും എന്നതും അപ്രവചനീയമാണ്. എങ്കില്‍ പോലും യു.ഡി.എഫിലെ ഘടകകക്ഷിയായ ലീഗിനും യു.ഡി.എഫിന് പൊതുവിലും രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്‌തേക്കും.
രാഹുലിന്റെ വരവിനെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വാഗതം ചെയ്യുകയും വയനാട് മണ്ഡലത്തിലും പുറത്തും ലീഗ് പ്രവര്‍ത്തകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ദുബൈയിലെ പരിപാടി വിജയമാക്കിയ ലീഗിനും കെ.എം.സി.സിക്കുമുള്ള അംഗീകാരമാണ് വയനാട്ടിലേക്കുള്ള വരവ് എന്നു വ്യാഖ്യാനിക്കാനാകില്ലെങ്കിലും ലീഗ് എന്താണെന്ന ധാരണ രാഹുലിനുണ്ടാകാതിരിക്കില്ല. വയനാട് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ലീഗെന്നും രാഹുല്‍ വരുമ്പോള്‍ ലീഗ് പതാക ഉയരത്തില്‍ പറക്കുമെന്നും രാഹുലെന്നല്ല, ഏതു കോണ്‍ഗ്രസുകാരനും ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും വയനാട് തിരഞ്ഞെടുക്കാനുള്ള രാഹുലിന്റെ തീരുമാനം ലീഗിനെ രാഷ്ട്രീയമായി സഹായിക്കും എന്നുറപ്പാണ്.
അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗിനെ വിമര്‍ശിക്കാന്‍ മുന്‍പന്തിയില്‍ നിന്ന കെ. മുരളീധരന്‍ അതേ ലീഗിന്റെ പച്ചക്കൊടിയുടെ അകമ്പടിയോടെ വടകര മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നതും ലീഗിനെ വിമര്‍ശിച്ച ചെന്നിത്തല അടക്കമുള്ളവര്‍ രാഹുലിനെ വയനാട്ടിലേക്ക് ആനയിക്കുന്നതും യു.ഡി.എഫ് സംവിധാനം ലീഗില്ലാതെ നിലനില്‍ക്കില്ല എന്ന ബോധ്യത്തെ കോണ്‍ഗ്രസ് എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നതിനു തെളിവാണ്. ലീഗിന്റെ പച്ചക്കൊടിയോ സമുദായ രാഷ്ട്രീയമോ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായാല്‍ അതിനെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം ഇനി കോണ്‍ഗ്രസിന്റേത് കൂടിയാണ്. അതു തന്നെയാണ് ലീഗ് നേടുന്ന ഏറ്റവും വലിയ ഗുണം.
ദേശീയ രാഷ്ട്രീയത്തില്‍ ചില സഖ്യ സാധ്യതകള്‍ക്ക് വയനാട് വഴി തുറന്നേക്കും എന്നതാണ് ലീഗിനു പ്രതീക്ഷിക്കാവുന്ന മറ്റൊരു നേട്ടം. ഉവൈസി എന്ന ഒരു എം.പി മാത്രമുള്ള എം.ഐ.എം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചലനമുണ്ടാക്കുന്നു എന്ന വസ്തുത കണക്കിലെടുത്താല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക വഴി അതിനെ മറികടക്കാന്‍ ലീഗിനു കഴിഞ്ഞേക്കും. മാത്രമല്ല, ജാര്‍ഖണ്ഡ്, ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ അടിത്തറ പാകിക്കൊണ്ടിരിക്കുന്ന ലീഗിന് ലോക്‌സഭ ഇല്ലെങ്കിലും നിയമസഭാ സ്ഥാനാര്‍ഥിയെ എങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ രംഗത്തിറക്കാനായാല്‍ പഴയകാല പ്രതാപത്തിലേക്ക് പതിയെ തിരിച്ചു നടക്കാനാകും. വയനാട് മുന്‍നിര്‍ത്തി ഇത്തരം സാധ്യതകളെ ലീഗ് നേതൃത്വം എത്രത്തോളം ഗൗരവമായി കാണും എന്നത് മാത്രമാണ് ഇതിലുള്ള ആശങ്ക. ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രതിനിധികളായി കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും സഹായത്തോടെ ലീഗിന് ഉയര്‍ന്നുവരാന്‍ സാധിച്ചാല്‍ മോദിയുടെ കാലയളവില്‍ വര്‍ധിച്ച മുസ്‌ലിം വിരോധം കുറയ്ക്കാനും തുല്യപൗരന്‍ എന്ന മുസ്‌ലിംകളുടെ അവകാശത്തെ ശക്തിപ്പെടുത്താനും കഴിയും.
പക്ഷെ, വയനാട്ടില്‍ രാഹുല്‍ എത്തുന്നത് ലീഗിന് മറുവശത്ത് ദോഷം ചെയ്യുമെന്ന വസ്തുതയും കാണാതിരിക്കാനാകില്ല. രാഹുല്‍ ജയിക്കുകയും വയനാട് നിലനിര്‍ത്തുകയും ചെയ്താല്‍ അമേത്തിയും റായ്ബറേലിയും പോലെ അതൊരു പാരമ്പര്യ കോണ്‍ഗ്രസ് മണ്ഡലമായി മാറും. അതോടെ മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ വയനാട് മണ്ഡലത്തിനുള്ള അവകാശം ഉരിയാടാന്‍ പോലും പാര്‍ട്ടിക്ക് സാധിക്കാതെ വരും. മണ്ഡലം കുത്തകയാക്കി നിര്‍ത്തുന്നത് സിദ്ദീഖിനെ പോലെ ഒരു സാധാരണ നേതാവാണെങ്കില്‍ തോല്‍പ്പിച്ചുകൊണ്ട് മണ്ഡലം സ്വന്തമാക്കാനുള്ള വിദൂര സാധ്യതയെങ്കിലും ലീഗിനുണ്ട്. പക്ഷെ, രാഹുല്‍ ഗാന്ധിയാകുമ്പോള്‍ ആ സാധ്യതയും അടയും. പിന്നെ കോഴിക്കോടോ വടകരയോ കാസര്‍കോടോ ആവശ്യപ്പെടേണ്ട സ്ഥിതി വരും. ലീഗ് നേതൃത്വം ഇപ്പോള്‍ ഇതിനെപ്പറ്റി ആലോചിക്കുന്നില്ലെങ്കിലും ഭാവിയില്‍ അത് ആവശ്യമായി വന്നേക്കും.
ഇനി യു.ഡി.എഫിന്റെ കാര്യമെടുക്കാം, രാഹുല്‍ വന്നത് കൊണ്ട് യു.ഡി.എഫിന് ഊര്‍ജം ലഭിച്ചു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് എത്ര മണ്ഡലങ്ങളില്‍ ഏങ്ങെനെയൊക്കെ സ്വാധീനമുണ്ടാക്കുമെന്ന് അറിയണമെങ്കില്‍ ഫലമറിയുന്ന ദിവസം വരെ കാത്തിരിക്കേണ്ടി വരും. പക്ഷെ, ഒരാഴ്ചത്തെ ചര്‍ച്ചക്കു ശേഷവും വയനാട് സ്ഥാനാര്‍ഥിയാകാം എന്ന തീരുമാനം മാറാതിരുന്നതിനു പിന്നില്‍ ഗ്രൂപ്പ് വഴക്കുകള്‍ക്ക് അപ്പുറത്ത് ചില സാധ്യതകള്‍ കൂടി ഉണ്ടാകാതിരിക്കില്ല. അതാണ് യു.ഡി.എഫിന് നേട്ടമാകും ഈ സ്ഥാനാര്‍ഥിത്വം എന്ന വിലയിരുത്തലിനു കാരണം. ദക്ഷിണേന്ത്യയെ ബി.ജെ.പി അവഗണിക്കുന്നുവെന്ന വാദത്തിന് മറുമരുന്നാണെങ്കില്‍ കൂടി ഇടതുപക്ഷത്തെ നേരിട്ടെതിര്‍ക്കാന്‍ രാഹുല്‍ തയാറായത് ചില ചിന്തകള്‍ക്ക് വഴി തുറക്കുന്നുണ്ട്.
നേമം മണ്ഡലത്തിലൂടെ നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് അതിനു വഴിയൊരുക്കിയത് കോണ്‍ഗ്രസാണെന്നത് പരമസത്യമാണ്. വോട്ട് കണക്കുകള്‍വച്ച് അതു തെളിയിക്കപ്പെട്ടതുമാണ്. മാത്രമല്ല, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബി.ജെ.പി കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നുമുണ്ട്. കേഡര്‍ പാര്‍ട്ടിയല്ലാത്ത കോണ്‍ഗ്രസിന്റെ വോട്ടുകളാണ് ബി.ജെ.പിയിലേക്ക് പോകുന്നത് എന്ന ആക്ഷേപവും 'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി' എന്ന പരിഹാസവും പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി തുടക്കമിട്ട നീക്കത്തിന്റെ ഭാഗം മാത്രമാണ് കേരളത്തിലെ ഈ മാറ്റം എന്നു ചിന്തിക്കുക സാധ്യമല്ല. കേരളത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും ദുര്‍ബലമാകേണ്ടത് ബി.ജെ.പിയുടെ മാത്രമല്ല, ഇടതുപക്ഷത്തിന്റെ കൂടി ആവശ്യമാണ്. അതിനായി കോണ്‍ഗ്രസ്മുക്ത അല്ലെങ്കില്‍ കോണ്‍ഗ്രസ് ദുര്‍ബല കേരളത്തെ സൃഷ്ടിക്കാന്‍ പിണറായി യുഗത്തിലെ ഇടതുപക്ഷം അക്ഷീണ പ്രയത്‌നം നടത്തുന്നുണ്ട്. അഥവാ ഒരു വശത്ത് കോണ്‍ഗ്രസിനെ ഇകഴ്ത്തുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം എന്ന പ്രചാരണം നടത്തുന്നു. ഇത് രണ്ടു കാര്യങ്ങളെയാണ് മുന്നോട്ടുവയ്ക്കുന്നത്, ഒന്ന് ബി.ജെ.പി വളരുന്നു എന്ന ഭീതിയും അതിനു കോണ്‍ഗ്രസ് കാരണമാകുന്നു എന്ന വിമര്‍ശനവും. രണ്ട്, ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂ എന്ന പ്രതീതി.
ഇതു പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് സ്വയം ശക്തിപ്പെടുകയെന്ന രാഷ്ട്രീയ തന്ത്രമാണ്. ബി.ജെ.പിയെ പര്‍വതീകരിക്കുന്ന ഇടതുപക്ഷം ഇതു ഭംഗിയായി നിര്‍വഹിക്കുന്ന സമയത്താണ് രാഹുലിന്റെ രംഗപ്രവേശനം. പിണറായി എന്ന നേതാവിനെ ബി.ജെ.പി വിരുദ്ധതയുടെ പ്രതീകമാക്കുകയും അതുവഴി യു.ഡി.എഫിന്റെ വോട്ട് ബാങ്കായ മുസ്‌ലിം ക്രിസ്ത്യന്‍ വോട്ടുകളില്‍ വരെ വിള്ളല്‍ വീഴ്ത്തുകയും ചെയ്യാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കുകള്‍ ഈ യാഥാര്‍ഥ്യം ശരിവയ്ക്കുന്നുണ്ട്. ഇടതുപക്ഷത്തോട് വിരോധമുള്ള യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോവുകയും സംഘ്പരിവാര്‍ ഭീതിയില്‍ ന്യൂനപക്ഷത്തിന്റേയും അല്ലാത്തതുമായ കുറേ വോട്ടുകള്‍ എല്‍.ഡി.എഫിനു ലഭിക്കുകയും ചെയ്യുന്ന ഇരുതല മൂര്‍ച്ചയുള്ള ഇടതുപക്ഷ തന്ത്രത്തെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം അസ്ഥാനത്താക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇടതുപക്ഷം അസ്വസ്ഥമാകുന്നതും.
കേരളത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്ന ധാരണ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. അതു ബി.ജെ.പിയോടും ഇടതുപക്ഷത്തോടും രണ്ടു വ്യത്യസ്ത കാരണങ്ങളുടെ പേരില്‍ ഇഷ്ടം തോന്നുന്ന കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസവും ആവേശവും വീണ്ടെടുക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഫലത്തില്‍, ഒരേസമയം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും ദുര്‍ബലപ്പെടുത്തുകയും അവരുടെ തന്ത്രങ്ങള്‍ക്ക് തടയിടുകയും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുകയും ചെയ്യും. ഈ യാഥാര്‍ഥ്യം മനസിലാക്കിയത് കൊണ്ടു തന്നെയാകണം ഇടതുപക്ഷം രാഹുലിനെ കടന്നാക്രമിക്കുന്നതും ബി.ജെ.പിയുടെ അതേ ഭാഷ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും. ലീഗിന്റെ പച്ചക്കൊടിയും പേരിലെ മുസ്‌ലിമും കോണ്‍ഗ്രസിന്റെ ഉത്തരേന്ത്യന്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും എന്ന വാദം ഇതിന്റെ ഭാഗം തന്നെയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ കണക്ക് പ്രകാരം 40-45 ശതമാനമാണ് വയനാട് മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാര്‍. അത്ര തന്നെ ഹിന്ദുക്കളുമുണ്ട്. 15-20 ശതമാനമാണ് ക്രിസ്ത്യാനികള്‍. വയനാട് ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലമായിട്ടും ബി.ജെ.പിയുടെ പ്രചാരണങ്ങളെ ഭയപ്പെടാതെ പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലയുടെയും മുസ്‌ലിംകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളുടെയും കാലത്ത് വയനാടിനെ തെരഞ്ഞെടുക്കാന്‍ രാഹുല്‍ കാണിച്ച സന്നദ്ധതയെ അംഗീകരിക്കാതെ, വ്യക്തി കേന്ദ്രീകൃതവും നിലവാരമില്ലാത്തതുമായ തരത്തിലേക്ക് ഇടതുപക്ഷത്തിന്റെ പ്രചാരണം മാറുന്നത് രാഹുല്‍ കാരണം തങ്ങളുടെ കാലിനടിയെ മണ്ണ് ഒലിച്ചുപോകുമെന്ന ബോധ്യത്തില്‍നിന്നു തന്നെയാകാം.
ലീഗ്‌വിരുദ്ധത പ്രചരിപ്പിച്ച് എസ്.ഡി.പി.ഐയെയും ഐ.എന്‍.എലിനെയും ഇതര സാമുദായിക പാര്‍ട്ടികളെയും വളര്‍ത്തുന്ന സി.പി.എമ്മിന്റെ തന്ത്രം യു.ഡി.എഫ് തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ആശ്വാസകരം. കാരണം കോണ്‍ഗ്രസും ലീഗും ദുര്‍ബലപ്പെടുമ്പോള്‍ തുടര്‍ച്ചയായി കേരളത്തില്‍ ഭരണത്തിലെത്താന്‍ പോലും കഴിയും എന്ന ഇടതിന്റെ മോഹങ്ങള്‍ക്ക് രാഹുലിന്റെ വരവ് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ഇരുപതില്‍ ഇരുപതും നേടുകയെന്നത് യു.ഡി.എഫിന് എളുപ്പമല്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതു ഫലം ചെയ്യും. എന്‍.എസ്.എസിന്റെ സമദൂരത്തിലേക്കുള്ള മടക്കം ഇതിന്റെ സൂചന മാത്രമാണ്. ഇടതുപക്ഷം നിയമ നിര്‍മാണ സഭകളില്‍ ഉണ്ടാകുന്നത് അനിവാര്യമാണെന്ന ചിന്തക്കിടയിലും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബി.ജെ.പിയെ വളര്‍ത്തി ജനപിന്തുണ നേടാന്‍ നടത്തുന്ന അവരുടെ കുതന്ത്രങ്ങളെ പ്രതിരോധിക്കേണ്ടത് യു.ഡി.എഫിന്റെ ഭാവിക്ക് അത്യാവശ്യമാണ്. തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും ലീഗ് നേതാവ് ഖാദര്‍ മൊയ്തീന്റെയും ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍ രാഹുലിനെ എതിര്‍ക്കാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നതാണ് അവരുടെ പ്രതിസന്ധി. അതിനെ മറികടക്കാന്‍ ഇടതുപക്ഷം എന്തൊക്കെ ചെയ്യും എന്ന് ഇനിയും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."