മഹേശന്റെ മരണം: ഐ.ജി ഹര്‍ഷിതയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണം ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കുറിപ്പ് എഴുതി വച്ച ശേഷം യൂനിയന്‍ ഓഫിസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ബി.ഡി.ജെ.എസ് നേതാവുകൂടിയായ മഹേശന്റെ മരണം പ്രത്യേസംഘം അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
മൈക്രോ ഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് ശേഷമാണ് പദ്ധതിയുടെ സംസ്ഥാനതല കോ- ഓഡിനേറ്റര്‍ കൂടിയായ മഹേശന്റെ മരണം. മഹേശന്റെ മരണത്തിന് കാരണക്കാര്‍ എസ്.എന്‍.ഡി.പി യോഗം നേതൃത്വമാണെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മാരാരിക്കുളം പൊലിസിന്റെ അന്വേഷണത്തില്‍ സത്യം പുറത്തുവരില്ലെന്നും സ്വാധീനങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി മഹേശന്റെ കുടുംബം മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിനെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നതിനാല്‍ അവര്‍ കേസ് ഏറ്റെടുക്കുകയില്ലെന്ന് അറിയിച്ചിരുന്നു. പരാതികളും ആരോപണങ്ങളും ശക്തമായതോടെയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
കേസില്‍ ആരോപണവിധേയരായ വെള്ളാപ്പള്ളി നടേശന്, തുഷാര്‍ വെള്ളാപ്പള്ളി, സഹായി കെ.എല്‍ അശോകന് എന്നിവരെ മാരാരിക്കുളം പൊലിസ്ചോദ്യം ചെയ്തിരുന്നു. കൂടാതെ മഹേശന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ 50 ഓളം പേരുടെ മൊഴിയും എടുത്തിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ മഹേശന്റെ കുടുംബം സന്തുഷ്ട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."