ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതായി പാക്‌വിദേശകാര്യ മന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യ വീണ്ടും തങ്ങളെ ആക്രമിക്കുമെന്ന് വിശ്വസിനീയമായ വിവരം ലഭിച്ചെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു.
ഏപ്രില്‍ 16നും 20നുമിടയിലാണ് ആക്രമണമുണ്ടാവുകയെന്ന് അദ്ദേഹം മുള്‍ത്താനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. പാകിസ്തന്റെ എഫ്16 വിമാനം തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി യുദ്ധാന്തരീക്ഷമുണ്ടാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അഹലുവാലിയയെ പാകിസ്താന്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാല്‍ പാകിസ്താന്റെ പ്രസ്താവന നിരുത്തരവാദപരവും അസംബന്ധവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
മേഖലയില്‍ യുദ്ധഅന്തരീക്ഷമുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രധാന വിഷയങ്ങളില്‍നിന്ന് ഒളിച്ചോടാനായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് പകരം തീവ്രവാദത്തിനെതിരേ ശക്തവും വിശ്വാസനീയവുമായ നടപടിയാണ് സ്വീകരിക്കേണ്ടത്.
പുല്‍വാമയില്‍ ആക്രമണമുണ്ടായതിന് പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."