ഉന്നതസംഘം നിര്‍ദിഷ്ട കൂത്തുപറമ്പ് സബ് ജയില്‍ സന്ദര്‍ശിച്ചു
കൂത്തുപറമ്പ്: നിര്‍ദിഷ്ട കൂത്തുപറമ്പ് സബ് ജയില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. സബ്ജയില്‍ നവീകരണം സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പില്‍ സബ്ബ് ജയില്‍ അനുവദിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. നേരത്തെ ഉണ്ടായിരുന്ന സബ്ജയില്‍ നവീകരിച്ചു കൊണ്ടാണ് പുതിയ ജയില്‍ സ്ഥാപിക്കുക. അതോടൊപ്പം പുതിയ കെട്ടിടങ്ങളും ചുറ്റുമതിലും നിര്‍മിക്കേണ്ടതുണ്ട്. മൂന്ന് മാസത്തിനകം താത്കാലിക നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിച്ച് ജയില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പഴയ കൂത്തുപറമ്പ് സബ്ബ് ജയില്‍ സന്ദര്‍ശിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അശോകന് അരിപ്പയിലിന്റ നേതൃത്വത്തിലുള്ള സംഘത്തില്‍ കൂത്തുപറമ്പ് സബ്ജെയില്‍ സ്പെഷ്യല്‍ ഓഫിസര്‍ കെ വിനോദ്, ജെയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ ഇ.വി ഹരിദാസ്, ജയില്‍ എന്‍ക്വയറി ഓഫിസര്‍ ടി.കെ ജനാര്ദ്ദനന്, ജയില്‍ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി സന്തോഷ്, നോഡല്‍ ഓഫിസര്‍ എ ജിതേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അടുത്ത ആഴ്ചയോടെ സംസ്ഥാന ജയില്‍ ഡി.ജി.പി ആര് ശ്രീരേഖ കൂത്തുപറമ്പ് സബ് ജയില്‍ സന്ദര്‍ശിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."