ആയാ സോഫിയയും ബാബരി മസ്ജിദും
നീണ്ട എണ്‍പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇസ്താംബൂളിലെ ആയാ സോഫിയയില്‍നിന്ന് വാങ്കിന്റെ വിളിനാദം ഉയര്‍ന്നിരിക്കുന്നു. 1935ല്‍ കമാല്‍ അതാതുര്‍ക്കിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ അടച്ചുപൂട്ടി മ്യൂസിയമാക്കിയ, മസ്ജിദ് ഇനി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുകയാണ്. അതാതുര്‍ക്കും കൂട്ടരും ചെയ്തത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി സുപ്രിംകോടതി പറഞ്ഞിരിക്കുന്നു. ഉര്‍ദുഗാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിജയം കണ്ടിരിക്കുന്നു. പക്ഷേ, അതൊരു പുതിയ വിവാദത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍. ഇസ്‌ലാംമത വിശ്വാസികള്‍ക്ക് പൊതുവില്‍ ഈ നീക്കം സന്തോഷം പകരുമ്പോള്‍, പ്രതിഷേധവും നീരസവും ആശങ്കയുമൊക്കെ മറുഭാഗത്ത് വേറെവരുന്നു. ഗ്രീക്ക്, സൈപ്രസ് രാജ്യങ്ങളും ക്രൈസ്തവസഭ നേതാക്കളും തുര്‍ക്കിയുടെ പുതിയ നീക്കത്തില്‍ അസംതൃപ്തി പ്രകടിപ്പിക്കുമ്പോള്‍, നാലാം നൂറ്റാണ്ടിലെ ചരിത്രനിര്‍മിതി വീണ്ടും പള്ളിയാക്കുന്നതില്‍ യുനെസ്‌ക്കോ ആശങ്ക പ്രകടിപ്പിക്കുന്നു. ആയാ സോഫിയ മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം പകുതിയാക്കി പങ്കുവയ്ക്കണമെന്നും മ്യൂസിയമാക്കി തല്‍സ്ഥിതി തുടരണമെന്നും വേറെ ചിലര്‍. പുതിയ ലോകക്രമത്തില്‍ ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണയും ബഹുസ്വര സമൂഹത്തിന്റെ ആക്ഷേപവും വര്‍ധിപ്പിക്കാനേ ഉര്‍ദുഗാന്റെ ഈ നടപടി സഹായിക്കൂ എന്ന് മുസ്‌ലിംകള്‍ക്കിടയിലെ ചിലരും വാദിക്കുന്നു.
ശരിയാണ്, ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ കത്തീഡ്രല്‍ ആയിരുന്നു ആയാ സോഫിയ. എ.ഡി 537ല്‍ ബൈസന്റിയന്‍ ക്രിസ്ത്യാനിറ്റിയുടെ കേന്ദ്രമായി ഉയര്‍ന്നുവന്ന കത്തീഡ്രല്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സിന്റെയും റോമന്‍ കത്തോലിക് വിഭാഗത്തിന്റെയും കത്തീഡ്രലായി നൂറ്റാണ്ടുകളോളം നിലകൊണ്ടു. ക്രൈസ്തവ ലോകത്തിന്റെ അഭിമാനസ്തംഭമായി നിറഞ്ഞുനിന്നു. 562 മുതല്‍ 1204 വരെയും 1261 മുതല്‍ 1453 ഈസ്‌റ്റെണ്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനമായിരുന്നു ആയാ സോഫിയ. അതിനിടയില്‍ നാലാം കുരിശുയുദ്ധത്തില്‍ ഓര്‍ത്തഡോക്‌സ് സഭയെ കത്തോലിക്ക വിഭാഗം നിലംപരിശാക്കുകയും ആയാ സോഫിയ എന്ന 'വിശുദ്ധ ജ്ഞാന' കേന്ദ്രം കത്തോലിക്കക്കാര്‍ പിടിച്ചടക്കുകയും ചെയ്തു.1204 മുതല്‍ 1262 വരെ കത്തോലിക്ക കത്തീഡ്രലായിരുന്നു അത്. എങ്കിലും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിറ്റിയുടെ ആഗോള ആസ്ഥാനമായി പിന്നെയും ആയാ സോഫിയ നിലകൊണ്ടു. 1453ല്‍ ചരിത്രം വഴിമാറി. ലോകത്തുടനീളം ഇസ്‌ലാമിക മുന്നേറ്റംനടന്നു. ഒട്ടോമന്‍ സുല്‍ത്താനേറ്റ് കേവലമൊരു എമിറേറ്റില്‍നിന്ന് വലിയൊരു സാമ്രാജ്യമായി വളര്‍ന്നു. യൂറോപ്പിന്റെ നഗരകവാടങ്ങള്‍ മുസ്‌ലിം പോരാളികളുടെ കുതിരക്കുളമ്പടി കേട്ടു വിറയ്ക്കാന്‍ തുടങ്ങി. അവസാനം അത് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനത്തില്‍ കലാശിച്ചു.
പ്രവാചകന്‍ മുഹമ്മദ്(സ)യുടെ സ്വപ്ന സങ്കല്‍പ്പങ്ങളിലൊന്നായിരുന്നു കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ, ബൈസന്റിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുക എന്നത്. ഏഴാം നൂറ്റാണ്ടു മുതല്‍ മുസ്‌ലിംകള്‍ അതിനുവേണ്ടി ശ്രമങ്ങള്‍ ആരംഭിച്ചു. പക്ഷെ, ആ സ്വപ്ന സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാന്‍ ഒരു ഇരുപത്തിയൊന്നുകാരനാണ് ഭാഗ്യം ലഭിച്ചത്. കരയിലൂടെ കപ്പലോടിച്ചു കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി. ആയിരത്താണ്ടിലധികം പഴക്കമുള്ള ബൈസന്റിയന്‍ സാമ്രാജ്യത്തെ ഭൂമുഖത്തുനിന്നു അവന്‍ തുടച്ചുനീക്കി. എ.ഡി. 395 മുതല്‍ നിലകൊണ്ട ഒരു മഹാ സാമ്രാജ്യത്തെ ആ പയ്യന്‍ 1453ല്‍ നാമാവശേഷമാക്കി മാറ്റി. ചരിത്രം ആ ധീര പോരാളിയെ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് എന്നു വിളിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് ബലപ്രയോഗത്തിലൂടെ പള്ളിയാക്കി മാറ്റിയ കെട്ടിടമായിരുന്നില്ല ആയാ സോഫിയ. സ്വന്തം കീശയില്‍നിന്ന് പണം കൊടുത്ത് ക്രിസ്ത്യാനികളില്‍നിന്ന് സുല്‍ത്താന്‍ വാങ്ങിയതായിരുന്നു അത്. എന്നിട്ടും അതിന്റെ പകുതി ഭാഗത്ത് ക്രിസ്ത്യാനികള്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ അനുമതിയും അവകാശവും നല്‍കി. പിന്നീട് 1600ല്‍ ഗോള്‍ഡന്‍ ഹോണ്‍ പ്രദേശത്ത്, ഇസ്താംബൂളിന്റെ ഹൃദയഭാഗത്ത്, ഫെനീയറില്‍ ഓര്‍ത്തഡോക്‌സ് സഭ പുതിയ ആസ്ഥാന ദേവാലയം നിര്‍മ്മിച്ച് ഭരണപ്രവര്‍ത്തനം അവിടേക്ക് മാറ്റുന്നത് വരെ അവരുടെ ആസ്ഥാനം ആയാ സോഫിയ തന്നെയാവാന്‍ അനുവദിച്ചു. ഇന്നും തുര്‍ക്കി മ്യൂസിയത്തില്‍ അതിന്റെ കൈമാറ്റ കരാറും മറ്റു രേഖകളും കാണാം.
ഉസ്മാനിയ ഖിലാഫത്തിനും മുസ്‌ലിം ഉമ്മത്തിനുമെതിരേ കുരിശുയുദ്ധത്തിനു പ്രേരണ നല്‍കിയ നേതാവായിട്ടും, ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ഗ്രനേഡിയസ് സ്‌കൊളാരിയസ് ബാവയുമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിന്റെ മൂന്നാം നാള്‍ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് അനുരഞ്ജന ചര്‍ച്ച നടത്താന്‍ തയാറായി. പരിശുദ്ധ പിതാവിന്റെ സ്ഥാനമാനങ്ങളും സഭയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പുനല്‍കി. ആരെയും ബലം പ്രയോഗിച്ച് മതപരിവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കി. ആ കരാറിന്റെ ഭാഗമായിട്ടാണ് പണം നല്‍കി ആയാ സോഫിയ മുസ്‌ലിംകള്‍ക്കായി വാങ്ങി വഖ്ഫ് ചെയ്യുന്നത്.Christians and Jews in the Ottoman Empire by Benjamin Braude. Page no: 69-70, Holmes and Meir PP, New York
1982 പോലുള്ള ഗ്രന്ഥങ്ങളില്‍ ഈ വസ്തുതകള്‍ കാണാവുന്നതാണ്.
എന്തുകൊണ്ട് മുസ്‌ലിം പള്ളിയാക്കാന്‍ ആയാ സോഫിയ തന്നെ തെരഞ്ഞെടുത്തു എന്നന്വേഷിച്ചാല്‍, മതപരം എന്നതിനപ്പുറം നിരവധി രാഷ്ട്രീയ മാനങ്ങള്‍ അതിലുണ്ടായിരുന്നു എന്ന് കണ്ടെത്താനാവും. ഉസ്മാനിയ ഖിലാഫത്തിനും മുസ്‌ലിംകള്‍ക്കുമെതിരേയുള്ള ഉപജാപങ്ങളും കുരിശുയുദ്ധ മന്ത്രങ്ങളും നിരന്തരം രൂപംകൊണ്ടിരുന്ന അധികാര കേന്ദ്രമായിരുന്നു അത്. റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനകളുടെയും പ്രഖ്യാപനങ്ങളുടെ കേന്ദ്രമായിരുന്ന ആയാ സോഫിയയുടെ ഒരു ഭാഗത്ത് ആരാധന നടന്നിരുന്നു എന്നതും, ആ ഭാഗം എലൈറ്റ് റോയല്‍ ചര്‍ച്ചായി നിലനിന്നു എന്നതും മാത്രമാണ് അതിനെ ഒരു കത്തീഡ്രല്‍ ആക്കുന്നത്. ആ ആരാധന തന്നെ സാധാരണ ക്രിസ്ത്യാനികള്‍ക്ക് സാധ്യവുമായിരുന്നില്ല. ഇന്ത്യയിലെ ജാതിയത പോലെ എലൈറ്റ് ക്ലാസിനു മാത്രം പ്രാപ്യമായിരുന്ന ഒന്നായിരുന്നു റോമാ സാമ്രാജ്യത്തിലെ ക്രിസ്തുവിനുള്ള ആരാധനയും മറ്റും. അതൊക്കെ മാറ്റി എല്ലാ ക്രിസ്ത്യാനികള്‍ക്കും ആരാധിക്കാവുന്ന വിധം പകുതി തുറന്നുകൊടുത്തതും, കൂടുതല്‍ മതസ്വാതന്ത്ര്യം അനുവദിച്ചതും മുഹമ്മദുല്‍ ഫാതിഹായിരുന്നു. വത്തിക്കാന്റെ കൈപ്പിടിയില്‍ കിടന്നു ശ്വാസംമുട്ടിയിരുന്ന ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനെ അതില്‍നിന്ന് മോചിപ്പിച്ചതും, 1454ല്‍ പ്രത്യേക ഉത്തരവിറക്കി പാത്രിയാര്‍ക്കീസ് ഗ്രനേഡിയസിനു കൂടുതല്‍ അധികാരം നല്‍കിയതും ഇതേ സുല്‍ത്താന്‍ ആയിരുന്നു.
മുസ്‌ലിംകള്‍ക്കും അവരുടെ ഖിലാഫത്തിനുമെതിരേ നിരന്തര ശബ്ദമുയര്‍ന്ന, ഓര്‍ത്തഡോക്‌സ് സഭയുടെ ആഗോള ആസ്ഥാനം കരാറിന്റെയും പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു മസ്ജിദായി പ്രഖ്യാപിക്കുന്നതില്‍ ഒരു രാഷ്ട്രീയ നയതന്ത്രമുണ്ട്. ഒരു പ്രതീകാത്മക പ്രതികാരമുണ്ട്. ഒരു ഐഡിയോളജിക്കല്‍ വിജയമുണ്ട്. മുസ്‌ലിംകള്‍ക്ക് യൂറോപ്പിലുള്ള തുടര്‍മുന്നേറ്റങ്ങള്‍ക്ക് ആവേശം നല്‍കുക എന്ന രാഷ്ട്രീയമുണ്ട്. ഇരുപത്തിയൊന്നുകാരനായ ഫാതിഹ് ആയാ സോഫിയയില്‍ നടപ്പിലാക്കിയ നയതന്ത്രം അതാണ്. ഈ ചരിത്ര വസ്തുത മറന്നുകൊണ്ടോ മറച്ചുവച്ചോ കൊണ്ടാണ് മതേതര മൗലികവാദികളും ലിബറല്‍ മുഖംമൂടികളും ആയാ സോഫിയ, മസ്ജിദായി മാറ്റുന്നതില്‍ വേപഥു പൂണ്ടിരിക്കുന്നത്. ഫാതിഹ് പണം കൊടുത്തു വാങ്ങി വഖ്ഫ് ചെയ്ത കെട്ടിടം പള്ളിയായി നിലനില്‍ക്കേണ്ടത് മുസ്‌ലിം സമുദായത്തിന്റെ എക്കാലത്തെയും ആവശ്യമാണ്. ആറു നൂറ്റാണ്ടുകാലം വിശ്വാസികള്‍ നെറ്റിവച്ചു സുജൂദ് ചെയ്ത പള്ളിയാണത്. സെക്യുലര്‍ ഫണ്ടമെന്റലിസത്തിന്റെ വൈറസ് ബാധയേറ്റ കമാല്‍ അതാതുര്‍ക്കും കൂട്ടരും 1931ല്‍ അടച്ചുപൂട്ടിയും 1935ല്‍ മ്യൂസിയമാക്കിയും ഹനിച്ചു കളഞ്ഞത് മുസ്‌ലിംകളുടെ മതാവകാശമാണ്.
ഇന്ത്യയിലെ ബാബരി മസ്ജിദ് പ്രശ്‌നത്തോടും ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ വിഷയത്തോടും ആയാ സോഫിയയുടെ പുതിയ മാറ്റത്തെ കൂട്ടിക്കെട്ടുന്നുണ്ട് ചിലര്‍. ഇന്ത്യയില്‍ ഹിന്ദുത്വര്‍ക്കും ഫലസ്തീനില്‍ ജൂതന്മാര്‍ക്കും ഇതുവച്ച് കൂടുതല്‍ അവകാശവാദമുന്നയിക്കാനാവും എന്നാണ് അവരുടെ ആശങ്ക. നിലവിലുണ്ടായിരുന്ന ഒരു ക്ഷേത്രം തകര്‍ത്തു കൊണ്ടാണ് ബാബര്‍ മസ്ജിദുണ്ടാക്കിയതെന്ന്, കാല്‍നൂറ്റാണ്ട് കേസ് നടത്തിയിട്ടും മണ്ണിളക്കിമറിച്ചിട്ടും സുപ്രിം കോടതിയില്‍ പോലും തെളിയിക്കാനാവാത്തവരാണ് ഹിന്ദുത്വര്‍. 1967ലെ ആറുദിന യുദ്ധത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ മസ്ജിദുല്‍ അഖ്‌സയില്‍ അധിനിവേശം നടത്തിയ ചരിത്രം മാലോകര്‍ക്കൊക്കെ അറിയാം. അതിനെ എങ്ങനെയാണ് ചരിത്രത്തിന്റെ കൃത്യവും വ്യക്തവുമായ രേഖകളുള്ള, പിടിച്ചെടുക്കാന്‍ സാധിച്ചിട്ടും പണംകൊടുത്തു വാങ്ങിയ ആയാ സോഫിയയോട് തുലനം ചെയ്യുക? യഥാര്‍ഥത്തില്‍ അഖ്‌സ പള്ളിക്കും ബാബരിക്കും മ്യൂസിയമാക്കി മാറ്റിയ സ്‌പെയിനിലെ കോര്‍ദോവ പള്ളിക്കും മുന്നില്‍ പ്രതീക്ഷയുടെ തിരിനാളം തെളിയിക്കുകയാണ് ആയാ സോഫിയയിലെ പുതിയ വാങ്കിന്റെ വിളിനാദം. ചിലതിനു കാലം കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."