വൈറസിന്റെ നിറം, ജാതി
മൊയ്ദുക്കയുടെ നീണ്ട കോട്ടുവാ ശബ്ദം കേട്ടാണു നാണുവാശാന്‍ ചായമക്കാനിയിലേയ്ക്കു വന്നത്.
'ഇന്നു രണ്ടാളും നല്ല സന്തോഷത്തിലാണല്ലോ.'- വന്ന പാടേ സഖാവിന്റെ യോര്‍ക്കര്‍.
'അതല്ലെടോ, ആ യോഗപ്പന്റെ തമാശ കേട്ടു ചിരിച്ചതാ. മുസ്‌ലിം ലീഗ് വൈറസ്സാണെന്നല്ലേ മൂപ്പരെ കണ്ടുപിടിത്തം.'- മൊയ്ദുക്ക കാര്യം വ്യക്തമാക്കി.
'യോഗിയല്ല ഭോഗി. അങ്ങനെയാണല്ലോ തിരുത്ത്.'
ഹ ഹ ഹ.
'പാവം. ഇട്ട കാവിയോട് ഇത്തിരി ബഹുമാനം കാണിച്ചീനേ നാട്ടാര് രക്ഷപ്പെട്ടേനെ. സന്യാസിമാരോടുള്ള ബഹുമാനം കളയാന്‍ ഓരോരോ ജന്മങ്ങള്.'
'അല്ല. അങ്ങേര് പറഞ്ഞതിലും കാര്യമില്ലേ.'- നാണുവാശാന്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ല.
'എന്തു കാര്യം.'
'അല്ല, വൈറസുകളെല്ലാം പ്രശ്‌നക്കാരല്ലല്ലോ.'
'ഓ അങ്ങനെ.'
'ദാ ചായ. കടിക്കാനെന്താ ബോണ്ട തന്നെ പോരേ.'- സുലൈമാനി മേശയില്‍ വച്ച് അലവിക്ക.
'അതൊക്കെ അലവിയുടെ ഇഷ്ടം. ഒരു ഏത്തപ്പഴവുമെടുത്തോ.'
'കൂടെയൊരു ചൊമന്ന ലഡുവും കൂടി ആയാലോ.'
'അതു തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടു മതി.'
'ഉം... നടക്കും. പച്ച ലഡു തിന്ന് അന്റെ പള്ള പൊട്ടും പഹയാ, നോക്കിക്കോ.'- മൊയ്ദുക്ക ഇടപെട്ടു.
'ഓ ... ആ അമുല്‍ ബേബി ചുരം കേറിയ ബലത്തിലാവും. അല്ലേ.'
'അതൊക്കെ പണ്ട്. ഇന്ന് ആളൊരു ഐക്കണാ. ഓന്റെ പക്വത കണ്ടു പഠിക്കട്ടെ പരനാറികള്‍!'
'അങ്ങനെ പറഞ്ഞു കൊട് അലവീ. ഇത്ര ഉസാറായി പൊളിറ്റിക്‌സ് കളിക്കാന്‍ വേറെ ആര്‍ക്കു കയ്യും. ഒറ്റ ഡയലോഗു കൊണ്ട് ഇടതന്മാരെ ചെക്കന്‍ ലോക്കാക്കിയില്ലേ.'
'ആ... അതു വല്ലാത്തൊരു അടിയായിപ്പോയി. ഇനി വയനാട്ടീ പോയി ഞങ്ങളെന്തു പറയും.'- നാണുവാശാന്‍ ആശയക്കുഴപ്പത്തിലായി.
'മുഖ്യശത്രു അപ്പൊറത്തില്ലേ.'
'അതേ. കേരളം വിട്ടാ പിന്നെ ബി.ജെ.പി തന്നേണു ഞങ്ങടെ ശത്രു.'
'അതിനു കേരളത്തിനു പുറത്ത് ഈ സാധനം ണ്ടായിട്ടു മാണ്ടേ.'
'വേണ്ട മൊയ്ദുക്കാ, കനലൊരു തരി മതി. ങ്ങളെ പാര്‍ട്ടിയും ഇവിടെ തന്നല്ലേ ള്ളൂ.'
'അതൊക്കെ ബിട്. ഇത്തവണ ഞമ്മള് ബടെ തൂത്തു വാരും.'
'ഉം...വാരും.'
'എന്നാ അടുത്ത തവണ.'
'അതിന് അടുത്ത തവണ ഇലക്ഷന്‍ ണ്ടായിട്ടു വേണ്ടേ. ബി.ജെ.പി ജയിച്ചാ പിന്നെ ഇലക്ഷനേ ണ്ടാവൂലന്നാ ഓലെ ഒരു മഹാരാജാവ് പറഞ്ഞത്.'- മൊയ്ദുക്ക മുണ്ടു കയറ്റിയുടുത്തു കൊണ്ടു പറഞ്ഞു.
'ശരിയാ. ഇന്നലെ മമതയും പറഞ്ഞ്. ഇതിങ്ങനെ പോയാ ഹിറ്റ്‌ലറെ ഭരണമാവും ഇവിടെ.'
'അതെ. ഭരണഘടന ഓല് പൊളിച്ചെഴുതും. ഇപ്പം തന്നെ അസമില് പൗരത്വബില്ലിന്റെ പേരില് എത്രയാളുകളാ പൊറത്ത്ന്ന് അറിയോ.'
'എത്രേ.'
'40 ലക്ഷം!'
'ഒക്കെ ബംഗ്ലാദേശീന്നു കുടിയേറിയ മാപ്പളാരല്ലേ.'- നാണുവാശാന്‍ മൃദുഹിന്ദുത്വ കാര്‍ഡിറക്കി.
'ആരു പറഞ്ഞ്. അതില് 20 ലക്ഷത്തോളം പേര് ഹിന്ദുക്കളാ. പിന്നെ ഗൂര്‍ഖകള്. ബിഹാരികള്, രാജസ്ഥാനികള്... ഞമ്മളെ നാട്ടുകാരു വരെ ണ്ട് പട്ടികയ്ക്കു പുറത്ത്. ഇന്ന് അസമിലെങ്കീ നാളെ യു.പിയില്. പിന്നെ കശ്മിര്‍, മധ്യപ്രദേശ്...അങ്ങനെ കേരളം വരെ എത്തും.'
'ഇബടെ പെറ്റ്ണ്ടായ ഞമ്മളെ പൊറത്താക്ക്വേ. അതിത്തിരി പുളിക്കും. ഇത് നാട് വേറേണ്.'
'ശരിയാണ് മൊയ്ദുക്കാ. പക്ഷേ, കാര്യങ്ങളുടെ പോക്ക് അങ്ങനേണ്.'
'അതിന് ഇപ്രാവശ്യം കള്ളന്മാര് ജയിച്ചിട്ട് വേണ്ടേ.'
'വോട്ടിങ് യന്ത്രം തന്നെ ഓലെ കസ്റ്റഡീലല്ലേ. ആര്‍ക്ക് കുത്തിയാലും താമരക്ക്. എന്താ സുഖം.'- അലവിക്ക ഇടയില്‍ കയറിപ്പറഞ്ഞു.
'അതൊന്നും ഇനി നടക്കൂല. വിവിപാറ്റ് വന്നിലേ. വോട്ട് ആര്‍ക്ക് പോയീന്ന് സ്ലിപ്പില് വരും.'
'ഉം... കടലാസില് ബരും. പക്ഷേ സംഗതി ഓലിക്ക് തന്നെ പോയാലോ. അതിനുള്ള തട്ടിപ്പും ണ്ടാക്കാലോ കായിണ്ടേല്.'
'അല്ല, ഇപ്പൊ ബി.ജെ.പിക്കും പച്ച നെറത്തിനോട് മുഹബ്ബത്താന്ന് കേട്ട്. ശരിയാണോടാ നാണോ.'
'കശ്മിരിലെ കാര്യമല്ലേ. ശരിയാണ്. അവിടെ അവന്മാരുടെ പരസ്യംപോലും പച്ചനിറത്തിലാ.'
'ഹ ഹ. മലപ്പൊറത്ത് ഇങ്ങളെ ആള്‍ക്കാരും പച്ചക്കുപ്പായട്ടല്ലേ ഇലക്ഷന്‍ കാലത്ത് നടക്ക്ണത്.'- അലവിക്കയുടെ ചോദ്യം നാണുവാശാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ഇനി നിന്നാല്‍ പണി കിട്ടുമെന്നു കണ്ട് ആശാന്‍ സ്ഥലം വിടാനൊരുങ്ങി.
'ആ... സംസാരിച്ചിരുന്ന് നേരം പോയി. മോളെ വീട്ടില് ന്നൊരു പാര്‍ട്ടി ണ്ട്. ന്നാ ഞാനിറങ്ങട്ടെ.'
'ഓ... അബടെയും പാര്‍ട്ടി തന്നെ. പഹയാ അനക്ക് പൊരേലെങ്കിലും പാര്‍ട്ടി പരിപാടി ഒഴിവാക്കിക്കൂടേ.'- മൊയ്ദുക്കയാണ്.
'ഇക്കാ. മൂപ്പര് പറഞ്ഞത് തീറ്റ പരിപാടീനെ പറ്റിയാ.'
'ഹഹഹ. അതൊക്കെ ഞമ്മക്കറിയാടാ ബഹൂലേ.'
കൂട്ടച്ചിരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."