പഞ്ചാബിന് രാജയോഗം
മൊഹാലി: ഐ.പി.എല്ലിലെ 22-ാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. ടോസ് ലഭിച്ച പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 150 റണ്‍സെടുത്തത്.
മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ഗെയിലിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മായങ്കും രാഹുലും ചേര്‍ന്ന കൂട്ടുകെട്ട് വിജയത്തിന് തുണയേകുകയായിരുന്നു. 43 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത മായങ്ക് സന്ദീപ് ശര്‍മയുടെ പന്തില്‍ പുറത്താകുകയായിരുന്നു. ഒരു ബോള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാഹുല്‍ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്.
രണ്ടാം ഓവറില്‍ തന്നെ ഹൈദരാബാദിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബൈറിസ്റ്റോ പുറത്തായിരുന്നു. ടീം സ്‌കോര്‍ ഏഴ് റണ്‍സിന് നില്‍ക്കുമ്പോഴായിരുന്നു ഹൈദരാബാദിന്റെ ആദ്യ വിക്കറ്റ് വീണത്. ആറ് പന്ത് നേരിട്ട ബൈറിസ്റ്റോ ഒരു റണ്‍സ് മാത്രമാണ് എടുത്തത്. പിന്നീടെത്തിയ വിജയ് ശങ്കര്‍ വാര്‍ണര്‍ക്ക് പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് ചലിക്കാന്‍ തുടങ്ങി. എന്നാല്‍ 26 റണ്‍സ് സംഭാവന നല്‍കി വിജയ് ശങ്കറും മടങ്ങി.
27 പന്തില്‍ നിന്നാണ് ശങ്കര്‍ 26 റണ്‍സെടുത്തത്. അശ്വിന്റെ പന്തില്‍ കെ.എല്‍ രാഹുല്‍ പിടിച്ചാണ് ശങ്കറെ പുറത്താക്കിയത്. പിന്നീട് മുഹമ്മദ് നബിയാണ് വാര്‍ണര്‍ക്ക് കൂട്ടായെത്തിയത്. എന്നാല്‍ 12 റണ്‍സ് എടുത്തപ്പോഴേക്കും നബിയും കൂടാരം കയറി. ടീം സ്‌കോര്‍ 80 ല്‍ നില്‍ക്കുമ്പോഴായിരുന്നു ഹൈദരാബാദിന്റെ മൂന്നാം വിക്കറ്റായ നബി പുറത്തായത്. ക്രീസില്‍ ഉറച്ചുനിന്ന വാര്‍ണര്‍ പതുക്കെ റണ്‍സ് നേടിക്കൊണ്ടിരുന്നു. നാലാമനായി മനീഷ് പാണ്ഡെയാണ് വാര്‍ണര്‍ക്ക് കൂട്ടായി ക്രീസിലെത്തിയത്. 20ാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ മനീഷ് പാണ്ഡെയും പുറത്തായി.
സ്‌കോര്‍ 135 ല്‍ നില്‍ക്കുമ്പോഴായിരുന്നു പാണ്ഡെ പുറത്തായത്. പിന്നീട് ദീപക് ഹൂഡയാണ് ക്രീസിലെത്തിയത്. മൂന്ന് പന്ത് നേരിട്ട ഹൂഡ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒരു സിക്‌സും രണ്ട് ഫോറും ഹൂഡയുടെ ഇന്നിങ്‌സില്‍.
62 പന്തില്‍ നിന്ന് 70 റണ്‍സുമായി വാര്‍ണര്‍ പുറത്താകാതെ നിന്നു. മുജീബ് റഹ്മാന്‍, മുഹമ്മദ് ശമി, രവിചന്ദ്രര്‍ അശ്വിന്‍ എന്നിവര്‍ പഞ്ചാബിനായി ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."