ലാവ്‌ലിനുമായി സര്‍ക്കാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തി: ചെന്നിത്തല
തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി ഡയരക്ടറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം എന്നിവര്‍ തിരുവനന്തപുരത്ത് രഹസ്യചര്‍ച്ച നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് കാനഡയില്‍ നിന്നെത്തിയ നാലുപേരാണ് മാര്‍ച്ച് 23 മുതല്‍ 27 വരെ വഴുതക്കാടുള്ള ഹോട്ടലില്‍ നാലുദിവസം തങ്ങി ചര്‍ച്ചകള്‍ നടത്തിയത്. ഇതിന് നേതൃത്വം നല്‍കിയത് ലാവ്‌ലിന്‍ ഡയരക്ടര്‍ ഏറീസ് സീഗല്‍ ആയിരുന്നു.
സി.ഡി.പി.ക്യു കമ്പനിയുമായാണ് കിഫ്ബി മസാല ബോണ്ടിന്റെ ഇടപാടെങ്കില്‍ ലാവ്‌ലിന്‍ കമ്പനി ഡയരക്ടര്‍ എന്തിനാണ് ചര്‍ച്ചയ്ക്ക് എത്തിയതെന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ ചെന്നിത്തല ചോദിച്ചു. ലാവ്‌ലിന്‍ കേരളത്തിലെ പ്രമാദമായ അഴിമതിക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ്. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തില്‍ കൂട്ടുപ്രതികള്‍ തമ്മിലുള്ള ഇടപാടാണോ മസാല ബോണ്ടിലൂടെ നടന്നതെന്ന് സി.പി.എം വെളിപ്പെടുത്തണം. ഏറ്റവും കൂടിയ പലിശ നിരക്കായ 9.72 ശതമാനമാണ് കിഫ്ബി ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നത്. അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷന്‍ പോലും 4.5 ശതമാനം പലിശനിരക്കിലാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കിയത്.
മസാല ബോണ്ട് ഇടപാടില്‍ ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ കള്ളത്തിനുമുകളില്‍ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത്. മസാല ബോണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടിയത് നോബല്‍ സമ്മാനം കിട്ടിയതിന് തുല്യമായി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആദ്യമായി എത്തിയ ഇന്ത്യന്‍ ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതിനുശേഷമാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി മസാല ബോണ്ട് ഇറക്കുമെന്ന് മോദി പ്രഖ്യാപിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന മസാല ബോണ്ടിറക്കിയതോടെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സാമ്പത്തികനയം ഒന്നാകുകയാണ്.
മോദിയുടെയും പിണറായി വിജയന്റെയും സ്വരവും നയവും ഒന്നാണ്. ജനങ്ങളുടെ തലയില്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. നാടിന് വിരുദ്ധമായല്ല, നാടിന് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."