ഫ്രാന്‍സിലും ഡച്ച് തനിയാവര്‍ത്തനം
ആദ്യ ഘട്ട ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും ഒന്നാമതെത്തിയ ഇമ്മാനുവല്‍ മാക്രോണിന്റെ വിജയത്തിന് ഏറെ തിളക്കമുണ്ട്. യൂറോപ്പിന്റെ രാഷ്ട്രീയം ഏത് ദിശയിലേക്ക് പോകുന്നുവെന്നതിന്റെ സൂചനയായി ഫ്രാന്‍സ് തെരഞ്ഞെടുപ്പിനെ കണക്കാക്കാം. ഈയിടെ നടന്ന നെതര്‍ലന്റ്‌സ് തെരഞ്ഞെടുപ്പിന് ശേഷം ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഫ്രാന്‍സിലേത്. തീവ്രവംശീയ വാദികളെ പരാജയപ്പെടുത്തിയ നെതര്‍ലന്റ്‌സ് ജനതയുടെ മതേതര വിധി തന്നെയാണ് ഇന്നലെ ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോഴും കാണാനായത്.
ഇതിനിടെ അപ്രതീക്ഷിതമായി ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന ബ്രിട്ടന്‍ തെരഞ്ഞെടുപ്പും സെപ്റ്റംബറില്‍ ജര്‍മനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും വംശീയവാദത്തിനെതിരായ ജനവികാരം ഉയരുമെന്ന സൂചനയാണ് ഫ്രാന്‍സ് തെരഞ്ഞെടുപ്പ് നല്‍കുന്നത്. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ മത്സരംഗത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു എന്നതും തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി.
മാക്രോണിന്റെ മിന്നുന്ന വിജയം
സാമൂഹികവും സാമ്പത്തികവുമായി ഉദാര നിലപാട് സ്വീകരിക്കുന്ന എന്‍ മാര്‍ഷെയുടെ (ഇ.എം) സ്ഥാനാര്‍ഥിയാണ് ഇമ്മാനുവല്‍ മാക്രോണ്‍. മധ്യപക്ഷക്കാരനായ മിതവാദി. കടുത്ത മുസ്‌ലിം വിരുദ്ധ കാഴ്ചപ്പാടുള്ള നാഷനല്‍ ഫ്രണ്ടിലെ മരിന്‍ ലെ പെന്നിനോടാണ് മാക്രോണ്‍ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പില്‍ 11 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നുവെങ്കിലും മാക്രോണും മരിനും തമ്മിലായിരുന്നു പ്രധാന മത്സരം. മാക്രോണ്‍ 23.9 ശതമാനം വോട്ട് നേടിയപ്പോള്‍ മരിന്‍ 21.4 ശതമാനത്തില്‍ ഒതുങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഫ്രാന്‍സ്വെ ഫില്ലോണ് 19.9 ശതമാനവും തീവ്ര ഇടതുപക്ഷ സ്ഥാനാര്‍ഥി ജീന്‍ ലൂക്ക് മിലോഷോണ് 19. 6 ഉം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബെന്നോയിറ്റ് ഹാമന് 6.4 ശതമാനം വോട്ടുമാണ് നേടാനായത്. 97 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോഴുള്ള കണക്കാണിത്.
എക്‌സിറ്റ് പോളുകളെല്ലാം മരിന്‍ ലെ പെന്നിന് അനുകൂലമായിരുന്നെങ്കിലും തൊട്ടുപിന്നാലെ വന്ന ഫലം മാക്രോണിനൊപ്പമായിരുന്നു. ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ് പോലും നടന്ന ഭീകരാക്രമണം മരിന്‍ ലെ പെന്നിന് നേട്ടമാകുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. മുസ്‌ലിം കുടിയേറ്റമാണ് ഭീകരാക്രമണങ്ങള്‍ക്ക് കാരണമെന്ന് അവര്‍ വാദിച്ചിരുന്നു. വംശീയവാദികളുടെ വികാരം ആളിക്കത്തിച്ച് വോട്ടുനേടുകയെന്ന ട്രംപിന്റെ തന്ത്രം നെതര്‍ലന്റ്‌സില്‍ അസ്തമിച്ചെങ്കിലും ഫ്രാന്‍സില്‍ അത് പുലരുമെന്ന് മരിന്‍ ലെ പെന്‍ അനുയായികള്‍ കണക്കുകൂട്ടിയത് വെറുതെയായി.
മതേതരം, ഹിജാബ് അനുകൂലം
എല്ലാ മതസ്ഥര്‍ക്കും തുല്യ പരിഗണനയോടെ ജീവിക്കാന്‍ അനുവദിക്കുകയെന്ന യൂറോപ്യന്‍ പാരമ്പര്യത്തിന്റെ പൊതുതത്വം അന്യംനിന്നുപോയെങ്കിലും ഫ്രാന്‍സില്‍ ആ ആശയമാണ് മാക്രോണ്‍ പ്രചാരണത്തിന് ഉയര്‍ത്തിയത്. കലുഷിതമായതും ഐ.എസ് പോലുള്ള ഭീകരവാദികള്‍ക്ക് എളുപ്പം ആക്രമണം നടത്താനാകുന്നതുമായ സാമൂഹിക അവസ്ഥയില്‍ മാക്രോണ്‍ പരാജയപ്പെടുമെന്ന് മിക്കരും ഉറപ്പിച്ചു. അഭയാര്‍ഥികള്‍ നല്‍കുന്ന അപേക്ഷയില്‍ ആറുമാസത്തിനകം തീരുമാനം, ശിരോവസ്ത്ര നിരോധനം നീക്കും മതേതര ജീവിതത്തിന് മുന്‍ഗണന, തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയ പ്രചാരണങ്ങളാണ് മാക്രോണ്‍ ഉയര്‍ത്തിയത്. ഇതിനെ ജനം അനൂകൂലിച്ചു.
സ്‌കൂളുകളില്‍ 18 വയസ് വരെ മൊബൈല്‍ നിരോധിക്കും, തൊഴിലില്ലായ്മ 9.7 ശതമാനത്തില്‍ നിന്ന് 7 ആയി കുറയ്ക്കും തൊഴിലിനു വേണ്ടി 53 ബില്യന്‍ ഡോളറിന്റെ പൊതുനിക്ഷേപം എന്നീ പ്രചാരണങ്ങളെല്ലാമാണ് മാക്രോണിനെ തുണച്ചത്.
മരിന്‍ ഉയര്‍ത്തിയ വര്‍ഗീയ കൊടുങ്കാറ്റ്
മുസ്‌ലിം കുടിയേറ്റവിരുദ്ധ നിലപാടില്‍ കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവലതു കക്ഷിയായ നാഷനല്‍ ഫ്രണ്ടിന്റെ മരിന്‍ ലെ പെന്‍ പ്രചാരണത്തിന്റെ അവസാന നിമിഷവും മുസ്‌ലിം വിരുദ്ധവികാരമാണ് ഇളക്കിവിട്ടത്. രണ്ടാം സ്ഥാനത്തെത്തിയ മരിന് രണ്ടാം ഘട്ടത്തില്‍ മാക്രോണിനോട് ഏറ്റുമുട്ടാന്‍ അവസരമുണ്ട്. താന്‍ ജയിച്ചാല്‍ രാജ്യത്തെ 30 ലക്ഷം വിദേശികളെ നാടുകടത്തുമെന്നാണ് 48 കാരിയായ മരിന്‍ പറഞ്ഞത്. അഭയാര്‍ഥികള്‍ക്കുള്ള സഹായം നിര്‍ത്തുമെന്നും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാനുള്ള ഫ്രക്‌സിറ്റ് നടത്തുമെന്നും പെന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്തെ മുസ്‌ലിം പള്ളികള്‍ അടച്ചുപൂട്ടണമെന്നും അവര്‍ ആവശ്യമുന്നയിച്ചിരുന്നു. മരിന്റെ പരാജയത്തോടെ തീവ്രവലതുപക്ഷ കക്ഷികള്‍ക്ക് യൂറോപ്പില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
രണ്ടാം ഘട്ടത്തില്‍ ജയസാധ്യത
ഒന്നാം ഘട്ടത്തില്‍ ജയിച്ച ഇമ്മാനുവല്‍ മാക്രോണും രണ്ടാം സ്ഥാനത്തെത്തിയ മരിന്‍ ലെ പെന്നുമാണ് മെയ് 7 ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക. ഇതില്‍ ജയിക്കുന്ന ആളായിരിക്കും ഫ്രഞ്ച് പ്രസിഡന്റ്. 39 കാരനായ മാക്രോണ്‍ ജയിച്ചാല്‍ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും. ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതൃത്വത്തിലല്ലാതെ ജയിക്കുന്ന പ്രസിഡന്റും മാക്രോണാകും. 84 ലക്ഷം വോട്ടാണ് മാക്രോണ്‍ ആദ്യഘട്ടത്തില്‍ നേടിയത്. നേരത്തെ നിലവിലുള്ള ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മാക്രോണ്‍ പീന്നീട് രാജിവച്ചു.
76 ലക്ഷം വോട്ട് നേടിയ മരിയ ലെ പെന്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന നാഷനല്‍ ഫ്രണ്ട് സ്ഥാനാര്‍ഥിയായി. 2002 ല്‍ ഇവരുടെ പിതാവ് ജീന്‍ മാരി ലെ പെന്നിന് ലഭിച്ചത് 28 ലക്ഷം വോട്ട് മാത്രമായിരുന്നു. 2011 ജനുവരിയില്‍ പിതാവില്‍ നിന്നാണ് മരിന്‍ ലെ പെന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ രണ്ടു സ്ഥാനാര്‍ഥികളാണ് ഉണ്ടാകുകയെന്നതിനാല്‍ തീവ്രവലതുപക്ഷ വാദികള്‍ മരിയനെ പിന്തുണയ്ക്കാനാണ് സാധ്യത. ഫില്ലന്റെ 19.9 ശതമാനം വോട്ടുകളുടെ പിന്തുണ കൂടി മരിയന് ലഭിച്ചേക്കാം. എന്നാല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേടിയ 6.4 ശതമാനം വോട്ടും ഇടതു പക്ഷപാര്‍ട്ടിയുടെ ജീന്‍ ലക് മെലന്‍കോണ്‍ നേടിയ 19.6 ശതമാനം വോട്ടും രണ്ടാം ഘട്ടത്തില്‍ മാക്രോണിന് ലഭിച്ചാല്‍ എലീസി കൊട്ടാരത്തിലെത്തുന്നത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."