തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച രണ്ടര വയസ്സുകാരന് കണ്ണീരോടെ വിട
പെരിന്തല്‍മണ്ണ: വീടിനു സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച താഴേക്കോട് കരിങ്കല്ലത്താണിയിലെ തോട്ടശേരി ഷംസുദ്ദീന്റെ മകന്‍ മുഹമ്മദ് ശാമിലിന് ജന്മനാടിന്റെ വിട. രണ്ടര വയസ്സുകാരനെ അവസാനമായി ഒരു നോക്കുകാണാനും അനുശോചമറിയിക്കാനും ആശുപത്രിയിലേക്കും കൂരിക്കുണ്ടിലെ വീട്ടിലേക്കും ഒഴുകിയെത്തിയത് നിരവധി പേരായിരുന്നു. ഉമ്മ വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയേ ഇടക്കുവെച്ച് കാണാതാവുകയായിരുന്നു. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മാതാവ് ഉടന്‍ ഭര്‍ത്താവിനെയും പിന്നീട് നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പ്രദേശവാസികളുടെ നേതൃത്വത്തില്‍ തെരച്ചിനൊടുവില്‍ വീടിന് മുന്‍വശത്തായുള്ള തോട്ടില്‍ ഒഴുക്കില്‍പ്പെട്ട നിലയില്‍ കുട്ടിയെ കണ്ടത്തെത്തുകയായിരുന്നു. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നിറഞ്ഞു കവിഞ്ഞതോട്ടിലൂടെ ഏകദേശം 300 മീറ്ററോളമാണ് കുട്ടി ഒഴുകിപ്പോയത്.
പ്രദേശവാസികള്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്കോ മറ്റോ ആശ്രയിക്കാത്ത ഈ തോടിന് സുരക്ഷാക്രമീകരണങ്ങളോ മറ്റോ ഒരുക്കിയിട്ടില്ല എന്നതാണ് അപകടത്തിലേക്കും വഴിവെച്ചത്.
കഴിഞ്ഞവര്‍ഷവും മഴക്കെടുതില്‍ താഴേക്കോട്ട് രണ്ടുപേര്‍ മരിച്ചിരുന്നു.
അമ്മിനിക്കാട് ആനിക്കാട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഷൈമല്‍, മലയില്‍ വീട്ടില്‍ ജാബിറിന്റെ മകന്‍ ജാസിം നിസാം എന്നിവരാണ് കഴിഞ്ഞവര്‍ഷം കുളിക്കുന്നതിനിടയില്‍ അമ്മിനിക്കാട് സ്‌കൂള്‍പടിയിലെ കുളത്തില്‍ മുങ്ങി മരിച്ചത്.
ഇതിന്റെ നടുക്കം വിട്ടുമാറുന്നതിനിടെയിലാണ് ഇന്നലത്തെ പിഞ്ചുകുഞ്ഞിന്റെ മരണം. ശാമിലിന്റെ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് ആറോടെ താഴേക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."