കരാര്‍ പ്രകാരമുള്ള തുകയോ റെയിലുകളോ നല്‍കിയില്ല, ഇറാന്റെ ചബഹാര്‍ റെയില്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യ പുറത്ത്
തെഹ്‌റാന്‍: ഇന്ത്യ ഫണ്ടും റെയിലുകളും നല്‍കാത്തതിനാല്‍ ഇന്ത്യയുടെ സഹായമില്ലാതെ ചബഹാര്‍ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് ഇറാന്‍. ഇറാനിലെ പ്രശസ്തമായ ചബഹാര്‍ തുറമുഖത്തുനിന്ന് 700 കി.മീ അകലെയുള്ള സാഹിദാനിലേക്ക് റെയില്‍പാത നിര്‍മിക്കുന്നതാണ് പദ്ധതി.
ഇറാനുമേല്‍ യു.എസ് ഉപരോധമുണ്ടായതോടെ അവിടെനിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയ ഇന്ത്യ 2016ലാണ് റെയില്‍ പദ്ധതിയില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം 15 കോടി ഡോളറിന്റെ റെയിലുകള്‍ അവിടെയെത്തിക്കുകയും 160 കോടി ഡോളറിന്റെ ചബഹാര്‍-സാഹിദാന്‍ റെയില്‍പാത നിര്‍മിച്ചു കൊടുക്കുകയും വേണം. ഇറാന്‍ സ്വന്തമായി റെയിലുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും അത് മതിയാവാത്തതിനാലാണ് ഇന്ത്യയുടെ സഹായം തേടിയത്. 2016ല്‍ പാളങ്ങള്‍ എത്തിക്കുന്നത് തുടങ്ങിയെങ്കിലും മതിയായ തുക ഇതിലേക്ക് നല്‍കുന്നത് വൈകിയതാണ് പദ്ധതിയില്‍ നിന്ന് ഇന്ത്യയെ പുറത്താക്കാന്‍ ഇറാനെ പ്രേരിപ്പിച്ചത്. കരാര്‍ പ്രകാരം 2016 ഡിസംബറോടെ ഇന്ത്യ 40 കോടി ഡോളറും ഇതിലേക്ക് നല്‍കണം.
അതേസമയം ചൈനയുടെ സമ്മര്‍ദം മൂലമാണ് ഇന്ത്യ-ഇറാന്‍-അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലെ സഹകരണം ദൃഢമാക്കുന്ന പദ്ധതിയില്‍ നിന്ന് ഇറാന്‍ പിന്മാറിയതെന്നും റിപ്പോര്‍ട്ടുണ്ട്. പദ്ധതി പ്രകാരം 2022 മാര്‍ച്ചിനകം റെയില്‍പാത നിര്‍മാണം പൂര്‍ത്തീകരിക്കണം. ഈ റെയില്‍ പാത പൂര്‍ത്തിയാകുന്നതോടെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഇന്ത്യക്ക് സമാന്തര വ്യാപാരപാത യാഥാര്‍ഥ്യമാകുമായിരുന്നു. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെഹ്‌റാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി എന്നിവരുമായാണ് കരാറില്‍ ഒപ്പുവച്ചത്. 160 കോടി ഡോളര്‍ നല്‍കുന്നതിനു പുറമെ ഇന്ത്യന്‍ റെയില്‍വേ റെയില്‍പാള നിര്‍മാണത്തിന് സഹായിക്കുമെന്നും കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ യു.എസ് ഉപരോധം മൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതേയില്ല. അതിനിടെയാണ് ചൈന ഇറാനുമായി 25 വര്‍ഷത്തേക്ക് സാമ്പത്തിക-സുരക്ഷാ പങ്കാളിത്ത കരാറില്‍ ഒപ്പുവയ്ക്കാന്‍ മുന്നോട്ടുവന്നത്. 40,000 കോടി ഡോളറിന്റേതാണ് കരാര്‍. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇറാന്റെ ബാങ്കിങ്, വാര്‍ത്താവിനിമയം, തുറമുഖം, റെയില്‍വേ തുടങ്ങിയ പദ്ധതികളിലെല്ലാം ചൈനീസ് സാന്നിധ്യമുണ്ടാകും. ഇതിനു പകരമായി ചൈനക്ക് 25 വര്‍ഷത്തേക്ക് ഇറാന്‍ വന്‍ വിലക്കുറവില്‍ പതിവായി അസംസ്‌കൃത എണ്ണ കൈമാറും. സൈനികരംഗത്തും സഹകരണമുണ്ടാകും. ഇറാന്‍ ചൈനയോടടുക്കുന്നത് മേഖലയില്‍ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാവുമെന്നാണ് വിലയിരുത്തല്‍.
ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫ് ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിച്ച് എത്രയും പെട്ടെന്ന് ചബഹാര്‍ റെയില്‍പാത പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."