തെരുവുനായ്ക്കളെ ജനനനിയന്ത്രണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി
കൊല്ലം: ജില്ലയെ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ എ.ബി.സി പദ്ധതി കാര്യക്ഷമമായി നടന്നുവരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അറിയിച്ചു. ആദ്യഘട്ടമായി 5000 തെരുവുനായ്ക്കളില്‍ ജനനനിയന്ത്രണ ശസ്ത്രക്രിയ നടത്തുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയത്. ഇതിന്റെ ഭാഗമായി ആദിച്ചനല്ലൂര്‍, ഇളമ്പള്ളൂര്‍, പന്മന, കരവാളൂര്‍ എന്നീ പഞ്ചായത്തുകളില്‍ സ്ഥലസൗകര്യം ലഭ്യമായ നാല് സെന്ററുകള്‍ കണ്ടെത്തി. ശസ്ത്രക്രിയ നടത്തുന്നതിനും ശസ്ത്രക്രിയയ്ക്ക് മുന്‍പും പിന്‍പും നായ്ക്കളുടെ പരിചരണത്തിനുള്ള ഭൗതികസാഹചര്യങ്ങള്‍ സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ സെന്ററിലും ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാല് അംഗങ്ങളുള്ള ടീമുകളെ നിയമിക്കുകയും ടീമംഗങ്ങള്‍ക്ക് ഉചിതമായ പരിശീലനം ലഭ്യമാക്കുകയും ചെയ്തു. നായ്ക്കളെ പിടിക്കുന്നതിനുള്ള ഉപകരണങ്ങള്‍, സംരക്ഷിക്കുന്നതിനുള്ള കൂടുകള്‍, ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍, മരുന്ന്, തീറ്റ മുതലായവ എല്ല സെന്ററുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ടീമംഗങ്ങള്‍ക്ക് വേതനം, വാഹനം എന്നിവ ഉള്‍പ്പെടെ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1.15 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് എ.ബി.സി പദ്ധതിയ്ക്ക് നീക്കി വച്ചത്. 2017 ജനുവരി 30ന് ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഫെബ്രുവരി മാസം ഇളമ്പള്ളൂര്‍, പന്മന പഞ്ചായത്തുകളിലും, മാര്‍ച്ച് മാസത്തോട് കൂടി കരവാളൂര്‍ പഞ്ചായത്തിലും പദ്ധതി നടപ്പാക്കിത്തുടങ്ങി. ഓരോ സെന്ററിന്റേയും 10 കി.മീ. ചുറ്റളവിലുള്ള മൂന്നോ നാലോ പഞ്ചായത്തുകളിലെ നായ്ക്കളെ കൂടി ആ സെന്ററിലെത്തിച്ച് ശസ്ത്രക്രിയ നടത്തുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇക്കഴിഞ്ഞ 10 വരെ നാല് സെന്ററുകളിലായി 1227 തെരുവുനായ്ക്കളെ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ഈ മാസം അവസാനമാകുമ്പോഴേക്കും 1500 തെരുവുനായ്ക്കളെ കൂടി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ മാസം വരെ പദ്ധതി തുടരുന്നതിന് സര്‍ക്കാര്‍ അനുമതി ലഭ്യമായിട്ടുള്ള സാഹചര്യത്തില്‍ എ.ബി.സി പ്രോഗ്രാമിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും ജഗദമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."