തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലിസ് രാജ് ഇടത് വിരുദ്ധം; കെ.പി രാജേന്ദ്രന്‍
മുവാറ്റുപുഴ: തൊഴില്‍ തര്‍ക്കങ്ങള്‍ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് എല്‍.ഡി.എഫിന്റെ നയമല്ലന്ന് എ.ഐ.റ്റി.യു.സി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍.
കുന്നത്താന്‍ ചിപ്പ് ബോര്‍ഡ് കമ്പനിയില്‍ തൊഴിലിന് വേണ്ടി എ.ഐ.റ്റി.യു.സി.നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് മുന്നോടിയായി മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001ല്‍ യു.ഡി.എഫ്.ഗവണ്‍മെന്റ് കൊണ്ടുവന്ന ചുമട്ട് തൊഴിലാളികളുടെ അവകാശം കവര്‍ന്നെടുക്കുന്ന നിയമം അതിന് ശേഷം വന്ന എല്‍.ഡി.എഫ്.സര്‍ക്കാര്‍ റദ്ദ് ചെയ്താണ് തൊഴില്‍ സൗഹൃദ പൊലിസ് നയം കൊണ്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കുകയെന്നത് നല്ല വ്യവസായ അന്തരീക്ഷം നിലനില്‍ക്കാന്‍ അനിവാര്യമാണ്. അത് നിലനിര്‍ത്താന്‍ കമ്പനി മാനേജ്‌മെന്റ് തയ്യാറാകണം. സംസ്ഥാനത്ത് കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന യൂറിയ പ്ലൈവുഡ് കമ്പനിക്ക് വ്യാപകമായി ലഭിക്കുന്നതിനെകുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി പി.രാജു ആവശ്യപ്പെട്ടു. ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് വി.എം.നവാസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.ജില്ലാ സെക്രട്ടറി പി.രാജു, സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.അഷറഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."