കെ.എം മാണിയുടെ വിയോഗത്തില്‍ വിതുമ്പി മലയോരം
തിരുവമ്പാടി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ വിയോഗത്തില്‍ വിതുമ്പലോടെ മലയോരം. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ നിരവധി വികസനങ്ങളാണ് മാണിയുടെ ശ്രമഫലമായി നടന്നത്.
തിരുവമ്പാടിയിലെ സബ്ട്രഷറി,കെ.എസ്.ഇ.ബി,കെ.എസ്.എഫ്.ഇ ഓഫിസുകള്‍,ഹൗസിങ് ബോര്‍ഡിന്റെ അസി.എന്‍ജിനീയറുടെ ഓഫിസ്,സബ് രജിസ്റ്റര്‍ ഓഫിസ്,നാലു പാലങ്ങളുള്‍പ്പടെ പതിനേഴര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയില്‍ റോഡ്,ഇലന്തുകടവ് പാലം,പള്ളിപ്പടി പാലം, തുഷാരഗിരിയിലെയും കണ്ടപ്പന്‍ചാലിലെയും ഭീമന്‍ ആര്‍ച്ച് പാലങ്ങള്‍ ഉള്‍പ്പടെ വന്‍ വികസനങ്ങളാണ് ഇദ്ദേഹത്തിന്റെ കൈയൊപ്പോടെ മലയോരത്തുണ്ടായത്.
ആനക്കാംപൊയില്‍-കളളാടി-മേപ്പാടി തുരങ്കപാതക്ക് ആദ്യം ഫണ്ട് നീക്കിവച്ചതും മാണി തന്നെ. ആനക്കാംപൊയില്‍ -മുത്തപ്പന്‍പുഴ റോഡും എടത്തറ പാലവും റവന്യു വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ചതും ഇദ്ദേഹമാണ്. 1986 ലെ വെളിച്ച വിപ്ലവത്തിന്റെ ജില്ലാതല ഉദ്ഘാടനം കുഗ്രാമമായ പുന്നക്കലില്‍ നടത്തുന്നതിനെ ഉദ്യോഗസ്ഥര്‍ അടക്കം എതിര്‍ത്തെങ്കിലും കെ.എം മാണി ഉറച്ച നിലപാടെടുത്തതോടെ കുറഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ മലയോരത്ത് വൈദ്യുതി എത്തി. കോഴിക്കോട്ട് വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോള്‍ എട്ട് വര്‍ഷത്തോളം താമസിച്ചിരുന്നത് കൂടരഞ്ഞി കല്‍പ്പിനിയിലെ ജ്യേഷ്ഠന്‍ തോമസിന്റെ വീട്ടിലായിരുന്നു. അമ്മാവനും തിരുവമ്പാടിയിലായിരുന്നതിനാല്‍ മലയോരത്തിന്റെ സ്പന്ദനം മനസിലാക്കിതന്നെയായിരുന്നു മാണിസാര്‍ വികസന കാര്യങ്ങളില്‍ മലയോരത്തിന് പരിഗണന നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."