കണിച്ചാര്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ വന്നു തുടങ്ങി
കണിച്ചാര്‍: ബസ് ഓണേഴ്‌സ് ഭാരവാഹികളും കണിച്ചാര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തിങ്കളാഴ്ച കണിച്ചാര്‍ വ്യാപാരഭവനില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ വന്നു തുടങ്ങി. ജൂലൈ രണ്ടിന് കണിച്ചാര്‍ ബസ്സ്റ്റാന്റിന് അനുമതി നല്‍കികൊണ്ടുള്ള ആര്‍.ടി.ഒയുടെ ഉത്തരവ് ലഭിച്ചെങ്കിലും ബസ് ഉടമകളുമായി ചര്‍ച്ച നടത്താത്തതിനാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നത് സംബന്ധിച്ച് തീരുമാനം വൈകുകയായിരുന്നു.
കഴിഞ്ഞ മാസം 26നാണ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ബസ്സ്റ്റാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലോകബാങ്കിന്റെ സഹായത്തോടെ 1.5 കോടിയോളം രൂപയുടെ ചെലവിലാണ് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചത്. സ്റ്റാന്റില്‍ കയറുന്ന ഒരു ബസിന്റെ സ്റ്റാന്റ് ഫീ ആയി 10 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് അടുത്ത രണ്ടു വര്‍ഷത്തേക്ക് നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ കയറി തുടങ്ങിയതോടെ ടൗണിലുള്ള നിലവിലെ ബസ്‌സ്‌റ്റോപ്പ് കണിച്ചാര്‍ കുരിശുപള്ളിക്ക് സമീപത്തേക്ക് മാറ്റി. തലശ്ശേരി, കൊട്ടിയൂര്‍ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ഡോ.പല്‍പു മെമ്മോറിയല്‍ സ്‌കൂളിനു മുന്നിലൂടെയുള്ള റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കാനും പഞ്ചായത്ത് ഓഫിസിനു മുന്നിലൂടെയുള്ള റോഡിലൂടെ പുറത്തേക്ക് കടക്കുവാനുമാണ് തീരുമാനം. കണിച്ചാര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പാര്‍ക്കുചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്ക് ബസ്സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമായതോടെ നമ്പര്‍ സംവിധാനവും ഏര്‍പ്പെടുത്തി.
ബസുകളുടെ സ്റ്റാന്റിലേക്കുളള പ്രവേശനം നാടമുറിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍മാണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ബേബി ചിറക്കല്‍, മേരിക്കുട്ടി കാപ്പിയില്‍, ഷാന്റി സെബാസ്റ്റ്യന്‍, ഷിജി ടോമി, പ്രിന്‍സി ജോബി, ബിനോയി ജോര്‍ജ്, കെ. കേളപ്പന്‍, ഗ്രേസി തോമസ്, തിട്ടയില്‍ വാസുദേവന്‍ നായര്‍, എം.ജെ ദേവദാസ്, ചാക്കോ തൈക്കുന്നേല്‍, സി.എം മാണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."