ഐ.ടി വകുപ്പിലെ നിയമനങ്ങള്‍ പരിശോധിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍ എം.ശിവശങ്കര്‍ സെക്രട്ടറിയായിരിക്കെ ഐ.ടി വകുപ്പിലുണ്ടായ എല്ലാ നിയമനങ്ങളും ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. കെ.എസ്.ഐ.ടി.ഐ.എല്ലില്‍ അടക്കം നടത്തിയ മുഴുവന്‍ നിയമനങ്ങളെകുറിച്ചും അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ഐ.ടി വകുപ്പ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാര്‍ശയുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ധനകാര്യ പരിശോധന വിഭാഗത്തെയും കൊണ്ട് പരിശോധിക്കുന്നത്. സുതാര്യമായാണ് നിയമനങ്ങള്‍ നടത്തിയതെന്ന് ഉറപ്പുവരുത്താനാണിത്. ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച രേഖകളടക്കം പരിശോധിക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെടുന്നു. സ്വര്‍ണക്കടത്തില്‍ കുറ്റാരോപിതനായ ശിവശങ്കറിന് എതിരേ ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ഇവര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശിവശങ്കര്‍ നിയമം തെറ്റിച്ചും പ്രോട്ടോകോള്‍ ലംഘിച്ചും സ്വപ്നയുടെ നിയമനത്തില്‍ ഇടപെട്ടിരുന്നുവെന്ന് വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."