രാഷ്ട്രീയ ചാണക്യന് കൊച്ചി വിട നല്‍കി
കൊച്ചി: കെ.എം മാണിക്ക് കൊച്ചി കണ്ണീരോടെ വിട നല്‍കി. ലേക്‌ഷോര്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായാണ് മാണിയുടെ ഭൗതികദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. ശീതീകരണ സംവിധാനം സജ്ജീകരിച്ച കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിലാണ് മൃതദേഹം കൊണ്ടുപോയത്. 10.15ഓടെ പൊതുദര്‍ശനം മതിയാക്കി വിലാപയാത്ര പുറപ്പെട്ടു.
പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളോടെയാണ് കെ.എം മാണി എന്ന മാണി സാറിനെ കൊച്ചിയില്‍ നിന്ന് യാത്രയാക്കിയത്. മകന്‍ ജോസ് കെ. മാണി ബസില്‍ ഉണ്ടായിരുന്നു. മാണിയുടെ ഭാര്യ കുട്ടിയമ്മ, മക്കള്‍, മരുമക്കള്‍ എന്നിവര്‍ മറ്റൊരു വാഹനത്തില്‍ മൃതദേഹത്തെ അനുഗമിച്ചു. രാവിലെ 7.30 മുതല്‍ ആശുപത്രിയിലേക്ക് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്, എം.എല്‍.എമാരായ സി.എഫ് തോമസ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, എല്‍ദോസ് കുന്നപ്പിള്ളി, എന്‍. ജയരാജ്, ഹൈബി ഈഡന്‍, പി.ടി തോമസ്, വി.പി സജീന്ദ്രന്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, മുന്‍ മന്ത്രി കെ. ബാബു, ജോണി നെല്ലൂര്‍,മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, ജോസഫ് വാഴയ്ക്കന്‍, പി.സി വിഷ്ണുനാഥ്, മുന്‍ എം.പി കെ.പി ധനപാലന്‍, ടി.യു കുരുവിള, കേരളാ കോണ്‍ഗ്രസ് നേതാക്കളായ തോമസ് ഉണ്ണിയാടന്‍, തോമസ് ചാഴിക്കാടന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ചൊവ്വാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജി. സുധാകരന്‍, പ്രൊഫ. കെ.വി തോമസ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, തുടങ്ങിയ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കാണാനായി അല്‍പസമയം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെ ന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആളുകളുടെ ബാഹുല്യംകാരണം പൊതുദര്‍ശനം അരമണിക്കൂറിലേറെ നീണ്ടു. തൃപ്പൂണിത്തുറ, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്.
അന്ത്യപ്രണാമമര്‍പ്പിക്കാന്‍ കാത്തുനിന്നത് ആയിരങ്ങള്‍
കോട്ടയം: പാലായുടെ സ്വന്തം ജന നായകനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനസഹസ്രം കാത്തുനിന്നത് മണിക്കൂറുകള്‍. കൊച്ചിയില്‍നിന്നും കെ.എം മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം ജില്ലയുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചത് ഉച്ചക്ക് രണ്ടോടെയായിരുന്നു.
രാത്രി വൈകിയാണ് കോട്ടയത്ത് എത്തിയതെങ്കിലും ആദ്യം തിരുനക്കര മൈതാനത്ത് പൊതുദര്‍ശത്തിന് വച്ചു. തിരുനക്കരയില്‍ അന്ത്യപ്രണാമമര്‍പ്പിക്കാന്‍ രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിരയാണ് എത്തിയിരുന്നത്. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വയലാര്‍ രവി, ലതികാ സുഭാഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ.സി ജോസഫ്, ജോണി നെല്ലൂര്‍, ജേക്കബ് തോമസ് അരികുപുറം തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തിരുനക്കര മൈതാനത്ത് എത്തിയിരുന്നു.
വിലാപയാത്രയില്‍ വാഹനത്തിനുള്ളില്‍ ആദ്യാവസാനം കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ്, എന്‍. ജയരാജ്, അനൂപ് ജേക്കബ്, കേരള കോണ്‍ഗ്രസ് എം. നേതാക്കളായ ജോയി എബ്രഹാം, തോമസ് ഉണ്ണിയാടന്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോബ് മൈക്കിള്‍, സജി മഞ്ഞക്കടമ്പന്‍, പി.ടി മൈക്കിള്‍, ജെയിംസ് തെക്കനാട്, സിറിയക് ചാഴികാടന്‍ തുടങ്ങിയവര്‍ ആദ്യാവസാനം വിലാപയാത്രയില്‍ വാഹനത്തിലുണ്ടായിരുന്നു.
രാത്രി വൈകിയതിനാല്‍ പാലാ ടൗണ്‍ഹാളിലെ പൊതുദര്‍ശനം ഒഴിവാക്കി വസതിയിലേക്ക് പോയി. കെ.എം മാണിയുടെ ഭൗതികശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്പാഞ്ചിറയില്‍ വച്ച് പുഷ്പപചക്രം അര്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെ തന്നെ മുഖ്യമന്ത്രി കോട്ടയത്തെത്തിയിരുന്നു. വി.എസ് അച്യുതാനന്ദന്‍, സ്പീക്കര്‍ ശ്രീരാമകൃഷണന്‍, മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, കെ. രാജു, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ കടുത്തുരുത്തിയില്‍ എത്തിയിരുന്നു.
മന്ത്രിസഭ
അനുശോചിച്ചു
തിരുവനന്തപുരം: കെ.എം മാണിയുടെ നിര്യാണത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുശോചിച്ചു. കേരളത്തിന് പൊതുവിലും നിയമസഭക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് കെ.എം മാണിയുടെ നിര്യാണമെന്ന് അനുശോചനാ പ്രമേയത്തില്‍ പറഞ്ഞു. നിയമസഭയിലും പുറത്തും എല്ലാവിഭാഗം ആളുകളുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കായി ഉറച്ചുനിന്ന അദ്ദേഹം മലയോര പ്രദേശങ്ങളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്. ഭരണപക്ഷത്താകുമ്പോഴും പ്രതിപക്ഷത്താകുമ്പോഴും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു കെ.എം മാണിയുടേതെന്നും പ്രമേയത്തില്‍ പറയുന്നു. ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ ഇടംനേടുന്ന അത്യപൂര്‍വം സാമാജികരുടെ നിരയിലാണ് കെ.എം മാണിയുടെ സ്ഥാനം.
54 വര്‍ഷം തുടര്‍ച്ചയായി നിയമനിര്‍മാണസഭയില്‍ അംഗമാവുകയെന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ്. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ തന്റേതായ സംഭാവന നല്‍കിയിട്ടുണ്ടെന്നും അനുശോചനാ പ്രമേയത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."